ഗൂഗിള്‍ സെര്‍ച്ച് വഴി അപൂര്‍വ രോഗം കണ്ടെത്തി ആറ് വയസ്സുള്ള മകന്റെ ജീവന്‍ അമ്മ രക്ഷപ്പെടുത്തി. വിറ്റന്‍ ഡാനിയേല്‍ എന്ന കുട്ടിക്ക് പെട്ടെന്ന് ചലിക്കാനും സംസാരിക്കാനും ശ്വസിക്കാനും കഴിയാതെയായി. തുടക്കത്തില്‍ പനി ബാധിച്ചതായാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടിയുടെ അവസ്ഥ പിന്നീട് ഗുതരമായി.
ഏപ്രിലില്‍ തലകറക്കവും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യം പനിയാണെന്ന് കരുതിയെങ്കിലും 24 മണിക്കൂറിനുള്ളില്‍ കുട്ടിയുടെ നില വഷളായി. പെട്ടെന്ന് തളര്‍ന്ന് ബോധം നഷ്ടപ്പെട്ടു.
advertisement
കുഞ്ഞുങ്ങളെ അത്തരമൊരു അവസ്ഥയില്‍ കാണുന്നത് എത്ര ഭയാനകമാണ്. കുഞ്ഞിന്റെ അവസ്ഥ കണ്ട് തളര്‍ന്നിരിക്കാതെ അമ്മ കേസി ഡാനിയേല്‍ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഗൂഗിളില്‍ തിരഞ്ഞു. രാത്രി വൈകിയും ഗൂഗിളില്‍ കുട്ടിയുടെ രോഗാവസ്ഥയ്ക്കുള്ള ഉത്തരം അവര്‍ അന്വേഷിച്ചു. ഒടുവില്‍ അവരത് കണ്ടെത്തി.
യുടി ഹെല്‍ത്ത് ഹോസ്റ്റണില്‍ ന്യൂറോസര്‍ജനായ ഡോ. ജാക്കൂസ് മോര്‍ക്കസിന്റെ ഒരു ലേഖനം അവരുടെ ശ്രദ്ധയില്‍പ്പെട്ടു. കാവെര്‍ണോമാസ് എന്ന അപൂര്‍വരോഗത്തെ കുറിച്ച് അതില്‍ നിന്നും വിവരം ലഭിച്ചു. ഉടന്‍ തന്നെ ഡോക്ടര്‍ക്ക് മെയില്‍ അയക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് കുട്ടിയില്‍ പല ടെസ്റ്റുകളും നടത്തി അവന് പനിയല്ലെന്ന് സ്ഥിരീകരിച്ചു. കാവെര്‍ണസ് മാല്‍ഫോര്‍മേഷന്‍ അല്ലെങ്കില്‍ കാവെര്‍ണോമ എന്നറിയപ്പെടുന്ന ഒരു അപൂര്‍വ അവസ്ഥയാണ് അവനെ ബാധിച്ചതെന്ന് കണ്ടെത്തി. തലച്ചോറിലെ രക്തക്കുഴലുകളുടെ കൂട്ടങ്ങളില്‍ ലീക്ക് ഉണ്ടാകുന്ന അവസ്ഥയാണിത്. 500-ല്‍ ഒരാള്‍ക്ക് ഇത് സംഭവിക്കുന്നു. അപസ്മാരം, രക്തസ്രാവം, തലവേദന, കാഴ്ച പ്രശ്‌നങ്ങള്‍, ബലഹീനത എന്നിവയാണ് അപൂര്‍വ അവസ്ഥയുടെ ലക്ഷണങ്ങള്‍.
ശരിയായി രോഗനിര്‍ണയം നടത്തിയെങ്കിലും മകന്‍ അതിജീവിച്ചാലും അവന് നടക്കാന്‍ കഴിയില്ലെന്നും ജീവിതകാലം വെന്റിലേറ്ററും ഫീഡിംഗ് ട്യൂബും ആവശ്യമായി വരുമെന്നും മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും അവര്‍ വിറ്റനെ ഹ്യൂസ്റ്റണിലേക്ക് കൊണ്ടുപോയി. അവിടെ ഡോ. മോര്‍ക്കസും പീഡിയാട്രിക് ന്യൂറോ സര്‍ജന്‍ ഡോ. മനീഷ് ഷായും നാലുമണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നു.
അദ്ഭുതകരമായി ആറ് ആഴ്ചകള്‍ക്കുശേഷം വിറ്റന്‍ വീട്ടിലേക്ക് മടങ്ങി. അവന്‍ സ്‌കൂളില്‍ പോകുകയും ബേസ്‌ബോള്‍ കളിക്കുകയും ചെയ്യുന്നുണ്ട്. തന്റെ സുഹൃത്തുക്കളെ വീണ്ടും കാണാന്‍ ആഗ്രഹിച്ചതിന് ഡോ. മോര്‍ക്കസിനും ഡോ. ഷായ്ക്കും വിറ്റന്‍ നന്ദി അറിയിച്ചു.
ഗൂഗിള്‍ സെര്‍ച്ച് മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചുവെന്ന് മാത്രമല്ല ഇന്റര്‍നെറ്റിന്റെ പ്രാധാന്യവും അതിന്റെ നല്ല ഉപയോഗവും കൂടിയാണ് ഈ സംഭവം കാണിക്കുന്നത്.