ഫെസ്ഹോൾ എന്ന ട്വിറ്റർ അക്കൗണ്ട് പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് ഈ ഡിജിറ്റൽ സൗകര്യം ഇപ്പോൾ ട്രെൻഡിങ് ആയി മാറിയത്. "എന്റെ അച്ഛൻ മരിക്കുന്നതിന് മുമ്പ് എടുത്ത അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാൻ ഞാൻ ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാറുണ്ട്. അദ്ദേഹം ഇപ്പോഴും എന്റെ കൂടെയുണ്ട് എന്ന് തോന്നുന്ന വിധത്തിൽ ഏതാനും നിമിഷങ്ങൾ ചെലവഴിക്കാൻ അത് എന്നെ സഹായിക്കുന്നു" എന്നതായിരുന്നു ആ ട്വീറ്റ്. 2007-ൽ ആദ്യമായി അവതരിക്കപ്പെട്ട ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഇന്ന് ഏതാണ്ട് എല്ലാ രാജ്യത്തും ലഭ്യമാണ്. ഈ പോസ്റ്റ് പ്രചരിക്കപ്പെടാൻ തുടങ്ങിയതോടെ കൂടുതൽ ആളുകൾ ഗൂഗിൾ സ്ട്രീറ്റ് വ്യൂ സന്ദർശിച്ച് മരണപ്പെട്ട തങ്ങളുടെ ഉറ്റവരോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാൻ തുടങ്ങി.
advertisement
മറ്റേത് രൂപത്തിലുള്ള ഓർമകളിൽ നിന്നും ഗൂഗിൾ സ്ട്രീറ്റ് വ്യൂ ചിത്രങ്ങൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് ഒരു ട്വിറ്റർ ഉപയോക്താവിന് വളരെ ലളിതമായ ഉത്തരമാണ് നൽകാനുള്ളത്: അവ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്നു. "എന്റെ അച്ഛന്റെ നൂറു കണക്കിന് ചിത്രങ്ങൾ എന്റെ കൈയിലുണ്ട്. എന്നാൽ, ഗൂഗിൾ സ്ട്രീറ്റ് വ്യൂ-യിലെ ചിത്രങ്ങൾ എന്നെ കൂടുതൽ സ്വാധീനിക്കുന്നു. അദ്ദേഹം ഇപ്പോഴും എന്നോടൊപ്പമുണ്ട് എന്ന തോന്നൽ അത് സൃഷ്ടിക്കുന്നു", അദ്ദേഹം എഴുതുന്നു.
കുടുംബങ്ങളെ വീണ്ടും ഒന്നിപ്പിക്കാൻ ഗൂഗിൾ സ്ട്രീറ്റ് വ്യൂ സഹായിക്കുന്നു എന്ന് ഇതാദ്യമായല്ല ആളുകൾ തിരിച്ചറിയുന്നത്. ഗൂഗിൾ സ്ട്രീറ്റ് വ്യൂ-യിലെ പഴയൊരു ചിത്രത്തിൽ സ്വന്തം അമ്മയെ കണ്ടതിനെ തുടർന്നുണ്ടായ അനുഭവത്തെക്കുറിച്ച് മാത്യു ജെ എക്സ് മാലഡി എന്ന വ്യക്തി 2015-ൽ 'ന്യൂയോർക്കറി'ൽ എഴുതിയിട്ടുണ്ട്.
"ഞാൻ ആ ചിത്രത്തിൽ കാണുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുമ്പെങ്ങും അനുഭവിക്കാത്ത തരത്തിലുള്ള വികാരങ്ങളുടെ ഒരു സംഗമമാണ് എനിക്ക് അനുഭവപ്പെട്ടത്. ദ്രുതഗതിയിൽ ലക്ഷക്കണക്കിന് വികാരങ്ങളുടെ ഒരു വേലിയേറ്റം ഉണ്ടാകുന്നതിന് സമാനമായ അനുഭവമായിരുന്നു അത്. തീർച്ചയായും ഞാൻ അതീവ സന്തുഷ്ടനായിരുന്നു - 'അമ്മേ! ഞാൻ അമ്മയെ കണ്ടെത്തി! ഇത് വിശ്വസിക്കാൻ കഴിയുന്നുണ്ടോ?' എന്ന് മനസ് കൊണ്ട് ഞാൻ അമ്മയോട് ചോദിക്കുകയായിരുന്നു. അതേ സമയം ആഴത്തിലുള്ള സങ്കടവും എനിക്ക് അനുഭവപ്പെട്ടു. ഹൃദയം നുറുങ്ങുന്നത് പോലെയുള്ള വേദനയും കൗതുകവും ജിജ്ഞാസയും ഉൾപ്പെടെയുള്ള പലവിധം വികാരങ്ങൾ മാറിമാറി എന്നിൽ അലയടിക്കുകയായിരുന്നു", അദ്ദേഹം എഴുതി.