ഭക്ഷണം വിളമ്പിയ ശേഷം കുടുംബാംഗങ്ങൾ അത് ആസ്വദിച്ചു കഴിക്കുന്നതും വരന്റെ പരിശ്രമത്തെ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം. കുടുംബത്തിന് വേണ്ടി പാചകം ചെയ്യുക എന്നത് വധുവിന്റെ മാത്രം കടമയല്ലെന്നും, അത് തുല്യ ഉത്തരവാദിത്തമാണെന്നും അടിവരയിടുന്നതായിരുന്നു ഈ മാറ്റം.
പെഹ്ലി രസോയിയിലെ പുതുമകൾ
പൂക്കളാൽ അലങ്കരിച്ച ഗ്യാസ് സ്റ്റൗവിന് മുന്നിലേക്ക് കുടുംബാംഗങ്ങൾ വരനെ സ്വാഗതം ചെയ്യുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് അടുക്കളയിൽ പച്ചക്കറികൾ അടുക്കി വെച്ചിരിക്കുന്നതും വരൻ പിസ്സയും മഷ്‌റൂം വിഭവവും വളരെ വൈദഗ്ധ്യത്തോടെ തയാറാക്കുന്നതും കാണാം. പാചകത്തേക്കാൾ ഉപരിയായി, ആദ്യത്തെ ഉരുള കഴിച്ചപ്പോൾ ഭാര്യവീട്ടുകാരുടെ മുഖത്തുണ്ടായ സന്തോഷമാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് "മരുമകന്റെ ആദ്യ പാചകം, സ്നേഹം അവനെ അടുക്കള വരെ എത്തിച്ചു" എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിലെ പ്രതികരണം
വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. "പച്ചക്കറികൾ മുറിച്ചു നൽകുക എന്നതാണ് യഥാർത്ഥ ജോലി, അത് നേരത്തെ തന്നെ ചെയ്തു കഴിഞ്ഞിരുന്നു" എന്ന് ഒരാൾ പരിഹസിച്ചപ്പോൾ, "പുതിയ ഭാരതത്തിന്റെ ഊർജ്ജമാണിതെന്നും ഇത്തരം നിമിഷങ്ങൾ പ്രതീക്ഷ നൽകുന്നു" എന്നും മറ്റൊരാൾ കുറിച്ചു. വരൻ ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ചതാണോ എന്ന് ചിലർ ചോദിച്ചപ്പോൾ, തന്റെ വീട്ടിൽ ഇതേപോലെ ഭർത്താവാണ് ആദ്യമായി പാചകം ചെയ്തതെന്ന് ഒരു യുവതിയും സാക്ഷ്യപ്പെടുത്തി.
മറ്റൊരു വൈറൽ ഉദാഹരണം
സമാനമായ രീതിയിൽ മറ്റൊരു വരന്റെ വീഡിയോയും മുൻപ് വൈറലായിരുന്നു. ഭാര്യവീട്ടുകാർക്കൊപ്പം താമസിക്കാൻ എത്തിയ യുവാവ് വധുവിന് പകരം 'ഫ്രൂട്ട് കസ്റ്റാർഡ്' ഉണ്ടാക്കി നൽകുകയായിരുന്നു. തന്റെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമാണ് അയാൾ തയ്യാറാക്കിയത്. വരന്റെ ഈ പ്രവൃത്തിയിൽ മതിപ്പുതോന്നിയ ഭാര്യവീട്ടുകാർ പാരമ്പര്യമനുസരിച്ച് അദ്ദേഹത്തിന് അനുഗ്രഹമായി പണവും നൽകി.
