ഒക്ടോബര്‍ നാലിനാണ് സംഭവം നടന്നത്. അന്ന് രാത്രി അദ്ദേഹം തന്റെ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. രാത്രി പത്ത് മണിയോടെ റെസ്‌റ്റോറന്റില്‍ എത്തിയ അവര്‍ ഇരിപ്പിടങ്ങളില്‍ ഇരുന്നു. മിനുറ്റുകള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറിയെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഒരുമിച്ച് അത്താഴം ആസ്വദിക്കേണ്ട സമയം ഒരു പേടിസ്വപ്‌നമായി മാറിയെന്നാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്.
കഫേയുടെ മുകളിലത്തെ നിലയില്‍ നിന്നും ഒരു ഫോര്‍ക്ക് തന്റെ തലയിലേക്ക് വീണതായി അദ്ദേഹം വെളിപ്പെടുത്തി. കഫേയില്‍ എത്തി ഇരുന്ന് അഞ്ച് മിനുറ്റ് കഴിഞ്ഞപ്പോൾ തലയിലേക്ക് മൂര്‍ച്ചയേറിയ എന്തോ ഒന്ന് വീണതായി തോന്നിയെന്നും ആദ്യം ഷാംപെയ്ന്‍ കോര്‍ക്ക് പൊട്ടിച്ചതാണെന്നാണ് കരുതിയതെന്നും അദ്ദേഹം കുറിച്ചു. പിന്നീടാണ് തലയില്‍ നിന്ന് രക്തം വരുന്നത് ശ്രദ്ധിച്ചതെന്നും വേദന അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
advertisement
രക്തം നില്‍ക്കാന്‍ കുറച്ച് സമയമെടുത്തതായും അദ്ദേഹം കുറിച്ചു. എന്നാല്‍ സിസിടിവി പരിശോധിച്ചപ്പോള്‍ മുകളില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ കൈയ്യില്‍ നിന്നല്ല ഇത് സംഭവിച്ചതെന്ന് മനസ്സിലായി. ഫോര്‍ക്ക് മുകളിലത്തെ ടേബിളില്‍ നിന്ന് വഴുതി അദ്ദേഹത്തിന്റെ തലയിലേക്ക് വീഴുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കഫേയുടെ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് അദ്ദേഹം പോസ്റ്റില്‍ ആശങ്ക പങ്കുവെച്ചു. മുകളിലത്തെ നിലയില്‍ നിന്നും ഫോര്‍ക്ക് തനിയെ വഴുതി വീഴുന്നുണ്ടെങ്കില്‍ ആ സ്ഥലത്തിന്റെ രൂപകല്പനയിലും സുരക്ഷാ മാനദണ്ഡങ്ങളിലും എത്രത്തോളം അവഗണനയാണ് കാണിച്ചതെന്ന് സങ്കല്‍പ്പിക്കാനും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. ഇത് ചെറിയ കുട്ടികളുടെ തലയിലോ മറ്റോ ആണ് വീണതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
സംഭവദിവസം തന്നെ ബരാഖംബ പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി നല്‍കിയതായും അദ്ദേഹം പങ്കുവെച്ചു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകുകയും തലയുടെ എക്‌സ്-റേ എടുക്കുകയും അഞ്ച് ദിവസത്തേക്ക് മരുന്ന് കുറിച്ചുനല്‍കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിനൊപ്പം തലയുടെ പരിക്ക് കാണിക്കുന്ന ചിത്രം, രക്തം തുടച്ച നാപ്കിന്‍, കഫേയുടെ മുകളിലത്തെ നിലയുടെ ചിത്രം, പോലീസ് പരാതി, മെഡിക്കല്‍ രേഖകള്‍ എന്നിവയും അദ്ദേഹം പങ്കിട്ടിട്ടുണ്ട്.
സംഭവത്തിന് ശേഷം കഫേയില്‍ നിന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പരാമര്‍ശിച്ചു. ആര്‍ക്കും ഒരുവിധത്തിലുള്ള ആശങ്കയും ഉത്തരവാദിത്തവും ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. ജാഗ്രത പാലിക്കാന്‍ വായനക്കാര്‍ക്ക് മുന്നറിയിപ്പുംഅദ്ദേഹം പോസ്റ്റിൽ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സ്വന്തം റിസ്‌കില്‍ കഫേ സന്ദര്‍ശിക്കണമെന്നും അവിടെ സുരക്ഷിതമായി ഇരുന്ന് ആര്‍ക്കും ഭക്ഷണം കഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. ചിലര്‍ അദ്ദേഹത്തിന് സംഭവിച്ചതില്‍ സഹതാപം പ്രകടിപ്പിച്ചു. സുരക്ഷയെ കുറിച്ചും അപകട സാധ്യതകളെ കുറിച്ചും ചിലര്‍ ചൂണ്ടിക്കാട്ടി. ഇത്രയും പ്രശസ്തമായ കഫേയില്‍ അത്ര അശ്രദ്ധമായ കാര്യം ഒട്ടും സ്വീകാര്യമല്ലെന്ന് ഒരാള്‍ കുറിച്ചു.
പോസ്റ്റ് വൈറലായതോടെ ഹാര്‍ഡ് റോക്ക് കഫേ പ്രതികരണവുമായെത്തി. പോസ്റ്റിട്ട വ്യക്തിയെ ബന്ധപ്പെടാന്‍ നേരിട്ട് മെസേജ് അയക്കാനും കഫേ അധികൃതര്‍ ആവശ്യപ്പെട്ടു. പ്രാദേശിക ടീം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഉറപ്പുനല്‍കി. അതേസമയം, പരാതിയെ തുടര്‍ന്ന് സ്വീകരിച്ച നടപടികളെ കുറിച്ച് ഡല്‍ഹി പോലീസ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പങ്കുവെച്ചിട്ടില്ല.