ഏപ്രില്‍ 18ന് പുനിയ കുടുംബത്തിലെ രണ്ട് ആണ്‍മക്കള്‍ വിവാഹിതരായി. അടുത്ത ദിവസം നാല് പെണ്‍മക്കളുടെയും വിവാഹം സമാനമായ ചടങ്ങില്‍ നടന്നു. ആറ് വിവാഹങ്ങള്‍ ഒന്നിച്ച് നടത്താനുള്ള തീരുമാനം പ്രാദേശിക മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. വൈകാതെ സോഷ്യല്‍ മീഡിയയിലും തരംഗമായി മാറി.
''ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്. അതുപോലെ ഞങ്ങളുടെ കുട്ടികളും ഒരുമിച്ച് വളര്‍ന്നു. ഇപ്പോള്‍ അവര്‍ ഒരുമിച്ച് വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ്,'' ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് പൂനിയ പറഞ്ഞു. ഒരു കുടുംബമായി വലിയ ആഘോഷത്തോടെ ഈ വിവാഹങ്ങള്‍ നടത്തുന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ആറ് വിവാഹങ്ങള്‍ക്കും വേണ്ടി ഒരു ക്ഷണക്കത്ത് മാത്രമാണ് അച്ചടിച്ചത്. കൂടാതെ എല്ലാ ചടങ്ങുകളും അടുത്തടുത്തായി ഒരേ വേദിയില്‍ വെച്ചാണ് നടത്തിയത്. ഭക്ഷണം, അലങ്കാരം, സാധനങ്ങൾ എത്തിക്കൽ തുടങ്ങിയവയ്ക്കുള്ള ചെലവ് ഇതിലൂടെ ലാഭിക്കാനായി. മറിച്ചായിരുന്നെങ്കില്‍ ആറ് വിവാഹങ്ങള്‍ക്കും കൂടി ഭീമമായൊരു തുക നീക്കി വയ്‌ക്കേണ്ടി വന്നേനെ. ഇതിലൂടെ ലക്ഷക്കണക്കിന് രൂപ ലാഭിക്കാന്‍ കഴിഞ്ഞതായി കുടുംബാംഗങ്ങൾ പറഞ്ഞു. ''ഓരോ വിവാഹവും വെവ്വേറെ നടത്തുകയായിരുന്നുവെങ്കില്‍ വലിയൊരു തുക ചെലവായേനെ,'' അമര്‍ സിംഗ് പൂനിയ പറഞ്ഞു.
ചെലവ് ചുരുക്കുന്നതിന് പുറമെ ഒന്നിച്ച് വിവാഹം നടത്തിയതിലൂടെ സമയവും ലാഭിക്കാന്‍ കഴിഞ്ഞുവെന്ന് പൂനിയ കുടുംബം വ്യക്തമാക്കി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ജോലിയില്‍ നിന്ന് നീണ്ട അവധിയെടുക്കാതെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കാന്‍ കഴിഞ്ഞു. ഇതിലൂടെ എല്ലാവരും ഒത്തൊരുമിച്ചുള്ള ആഘോഷം ഉറപ്പാക്കാനായി.
നൂറുകണക്കിന് അതിഥികളെ വിവാഹച്ചടങ്ങിലേക്ക് പൂനിയ കുടുംബം ക്ഷണിച്ചിരുന്നു. ചടങ്ങുകള്‍ സംഘടിപ്പിച്ചതിലെ ഐക്യവും ലാളിത്യവും അവരെ ആകര്‍ഷിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ''ഇതൊരു വിവാഹമായിരുന്നു, ഒരു ഉത്സവമായിരുന്നു, ഒപ്പം ഒരു സന്ദേശവും നല്‍കുന്നതായി'' വിവാഹത്തിനെത്തിയ ഒരു അതിഥി പറഞ്ഞു. ''പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് ആഢംബരം ആവശ്യമില്ലെന്ന് അവര്‍ കാണിച്ചുതന്നു,'' അതിഥി കൂട്ടിച്ചേർത്തു.
വിവാഹചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പൂനിയ കുടുംബത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.