ഈ വർഷത്തെ ഗൂഗിൾ ന്യൂസ് ട്രൻഡ്സിൽ ഇടം പിടിച്ച മറ്റു പ്രധാന സംഭവ വികാസങ്ങളാണ് ചുവടെ.
ടൈറ്റൻ അന്തർവാഹിനി
ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ തേടി യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റൻ അന്തർവാഹിനി തകർന്ന് അഞ്ചു പേരാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിന് സമീപം 12,500 അടി താഴ്ചയിൽ വെച്ചാണ് പേടകം തകർന്നത്. ടൈറ്റാനിക്കിൽ നിന്ന് 500 മീറ്റർ അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്
തുർക്കി ഭൂകമ്പം
ഫെബ്രുവരി 6 ന്, തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പം ഉണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ 7.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും ഉണ്ടായി. ഭൂചലനം ഇരു രാജ്യങ്ങളിലും വ്യാപക നാശം വിതച്ചു. തുർക്കിയിൽ മാത്രം 50,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 100,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
advertisement
Also read-Gmail തുറക്കാറില്ലേ? ഡിസംബർ 1 മുതൽ അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ ഗൂഗിൾ
ഹിലാരി ചുഴലിക്കാറ്റ്
കാറ്റഗറി 4-ൽ പെടുന്ന ഹിലാരി ചുഴലിക്കാറ്റ് ഓഗസ്റ്റിലാണ് മെക്സിക്കോയിലും ബജാ കാലിഫോർണിയ ഉപദ്വീപിലും ആഞ്ഞടിച്ചത്. തുടർന്നുണ്ടായ മഴയും കാറ്റും വ്യാപകമായ നാശനഷ്ടങ്ങൾക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വൈദ്യുതി തടസത്തിനും കാരണമായി. കാലിഫോർണിയ, നെവാഡ, അരിസോണ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്തത്. കൊടുങ്കാറ്റിനെത്തുടർന്ന് ബില്യൺ കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്.
ഇഡാലിയ ചുഴലിക്കാറ്റ്
കാറ്റഗറി 4-ൽ പെട്ട ഇഡാലിയ ചുഴലിക്കാറ്റ് ഈ വർഷം ഓഗസ്റ്റിലാണ് അമേരിക്കയുടെ തെക്കുകിഴക്കൻ ഭാഗത്ത് ആഞ്ഞടിച്ചത്. വടക്കൻ ഫ്ലോറിഡയിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇഡാലിയ വ്യാപകമായ നാശനഷ്ടങ്ങൾക്കും വെള്ളപ്പൊക്കത്തിനും കാരണമായി. ചുഴലിക്കാറ്റിൽ പത്തു പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ലീ ചുഴലിക്കാറ്റ്
കാറ്റഗറി 5 ൽ പെട്ട ലീ ചുഴലിക്കാറ്റ്, ബർമുഡ, വടക്കുകിഴക്കൻ അമേരിക്ക, കിഴക്കൻ കാനഡ എന്നിവിടങ്ങളിൽ സെപ്റ്റംബറിലാണ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റ് പിന്നീട് വലിയ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും വൈദ്യുതി തടസത്തിനും കാരണമായി.
മെയ്ൻ വെടിവെയ്പ്
ഒക്ടോബർ 25 ന്, അമേരിക്കയിലെ ലെവിസ്‌റ്റണിലുള്ള മെയ്നിൽ ഒരു കൂട്ട വെടിവയ്പുണ്ടായി. സംഭവത്തിൽ 18 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോബർട്ട് കാർഡ് എന്നയാളാണ് പ്രതി എന്ന് പിന്നീട് തിരിച്ചറിഞ്ഞു. രണ്ട് ദിവസത്തിന് ശേഷം ഇയാൾ ആത്മഹത്യ ചെയ്തു. വെടിവെയ്പിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.
നാഷ്‌വില്ലെ വെടിവെയ്പ്
ഇക്കഴിഞ്ഞ മാർച്ചിൽ, ടെന്നസിയിലെ നാഷ്‌വില്ലെയിലുള്ള ഒരു സ്വകാര്യ ക്രിസ്ത്യൻ സ്‌കൂളിൽ കൂട്ട വെടിവെയ്പ് നടന്നിരുന്നു. 28 കാരനായ എയ്ഡൻ ഹെയ്ൽ ആണ് പ്രതി. ഇയാൾ ഒരു ട്രാൻസ്‌ജെൻഡറും ഈ സ്‌കൂളിലെ മുൻ വിദ്യാർത്ഥിയുമാണ്. സംഭവത്തിൽ മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ടു.
ചന്ദ്രയാൻ-3
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ജൂലൈ 14 നാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള കഴിവ് തെളിയിക്കുക, ശാസ്ത്ര പര്യവേക്ഷണങ്ങൾക്കായി ഒരു റോവർ വിന്യസിക്കുക തുടങ്ങിയവയായിരുന്നു ചന്ദ്രയാൻ-3 യുടെ പ്രാഥമിക ലക്ഷ്യങ്ങൾ.
സുഡാൻ യുദ്ധം
ഇക്കഴിഞ്ഞ ഏപ്രിൽ മാസമാണ് സുഡാൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത്. സൈനികമേധാവി അബ്ദെൽ ഫത്താ ബുർഹാനും അർധസൈന്യമായ ആർ.എസ്.എഫിൻറെ മേധാവി മുഹമ്മദ് ഹംദാൻ ഡഗോളയും തമ്മിലുള്ള അധികാര വടംവലിയാണ് യുദ്ധത്തിൽ കലാശിച്ചത്.