എ.ഡി 536ല്‍ യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കനത്ത മൂടല്‍ മഞ്ഞ് പരന്നിരുന്നു. സൂര്യനെ പോലും ഈ മൂടല്‍ മഞ്ഞ് മറച്ചിരുന്നു. 18 മാസം നീണ്ടുനിന്ന ഈ മൂടല്‍ മഞ്ഞ് ഭൂമിയെ ഇരുട്ടിലാക്കിയെന്നും ഭൂമിയുടെ താപനില കുറയ്ക്കാന്‍ കാരണമായി എന്നും ചരിത്രകാരന്‍മാര്‍ പറഞ്ഞു. സ്വഭാവിക താപനില കുറഞ്ഞതോടെ കാര്‍ഷിക വിളകള്‍ നശിക്കുകയും രോഗങ്ങളും മറ്റും പടരുകയും ചെയ്തു. നിരവധി പേരാണ് ഇക്കാലത്ത് മരണത്തിന് കീഴടങ്ങിയത്.
സൂര്യപ്രകാശത്തെ വരെ തടഞ്ഞ ഈ മൂടല്‍ മഞ്ഞിന് കാരണം ഒരു അഗ്നിപര്‍വ്വത സ്‌ഫോടനമാണെന്ന് വിദഗ്ധര്‍ പറയുന്നു. 2018ല്‍ ആന്റിക്വിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതേപ്പറ്റി പറയുന്നത്. എഡി 536ല്‍ സംഭവിച്ച ഐസ് ലാന്‍ഡിക് അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ചാരമായിരുന്നു സൂര്യപ്രകാശത്തെ തന്നെ മറച്ച മൂടല്‍ മഞ്ഞിന് കാരണമായത്. 1815ല്‍ തംബോറ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.
advertisement
അതേസമയം എഡി 540ല്‍ അതികഠിനമായ തണുപ്പ് അനുഭവപ്പെട്ടിരുന്നുവെന്ന് 1990കളില്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ എന്താണ് ഇതിനെല്ലാം കാരണമെന്ന കാര്യം വിദഗ്ധര്‍ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് ഗ്രീന്‍ഡാന്‍ഡില്‍ നിന്നും അന്റാര്‍ട്ടിക്കയില്‍ നിന്നും ലഭിച്ച ധ്രൂവീയ പാളികളില്‍ നിന്നും ഈ കാലാവസ്ഥ പ്രതിഭാസത്തിന്റെ കാരണത്തെപ്പറ്റിയുള്ള സൂചനകളും ലഭിച്ചിരുന്നു.
എഡി 535ന്റെ അവസാനത്തിലോ 536ന്റെ തുടക്കത്തിലോ വടക്കേ അമേരിക്കയില്‍ വലിയ രീതിയിലുള്ള അഗ്നിപര്‍വ്വത സ്‌ഫോടനം നടന്നിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. എഡി 540ലും സമാനമായ സ്‌ഫോടനം ഉണ്ടായെന്ന് വിദഗ്ധര്‍ പറഞ്ഞു. ഈ സ്‌ഫോടനങ്ങളുടെ പരിണിതഫലമായ ഭൂമിയിലാകെ തണുപ്പും ഇരുട്ടും പടര്‍ന്നുപിടിക്കുകയായിരുന്നു.
ഏഷ്യയിലും യൂറോപ്പിലും തണുപ്പുള്ള വേനല്‍ക്കാലം അനുഭവപ്പെട്ടു. ചൈനയില്‍ ഇക്കാലഘട്ടത്തില്‍ മഞ്ഞുവീഴ്ച വ്യാപകമായി. ഭൂമിയില്‍ മനുഷ്യന്‍ ജീവിച്ച ഏറ്റവും മോശം കാലഘട്ടമായിരുന്നു ഇതെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര അധ്യാപകനായ മൈക്കല്‍ മക്കോര്‍മിക് പറഞ്ഞു.