ഇന്ന് മിക്കവാറും എല്ലാവരും സോഷ്യൽ മീഡിയ ഉപയോഗിക്കുകയും ലോകമെമ്പാടുമുള്ള ആളുകളുമായി വേഗത്തിൽ ബന്ധപ്പെടുകയും ചെയ്യുന്നു. കൂടാതെ, ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു പ്രധാന വരുമാന മാർഗ്ഗമായും ഇന്ന് സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. ഇന്നത്തെ സമൂഹത്തിന്റെ വികാസത്തിൽ സോഷ്യൽ മീഡിയക്കും ഒരു പ്രധാന പങ്കുണ്ട്.
സോഷ്യൽ മീഡിയയുടെ ചരിത്രവും പ്രാധാന്യവും:
ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്ന് പറയാനാവുന്നത് 1997ൽ ആൻഡ്രൂ വെയ്ൻറിച്ച് സ്ഥാപിച്ച 'സിക്സ് ഡിഗ്രീസ്' ആയിരുന്നു. ഈ പ്ലാറ്റ്ഫോമിൽ യൂസർമാർക്ക് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരെ ലിസ്റ്റ് ചെയ്യാൻ സാധിക്കുമായിരുന്നു. കൂടാതെ, പ്രൊഫൈലുകൾ, ബുള്ളറ്റിൻ ബോർഡുകൾ, സ്കൂൾ അഫിലിയേഷനുകൾ എന്നിവ പോലുള്ള സവിശേഷതകളും ഇത് വാഗ്ദാനം ചെയ്തു. 'സിക്സ് ഡിഗ്രീസ്' ഒരു മില്യണിൽ അധികം ഉപയോക്താക്കളെ നേടിയെങ്കിലും 2001ൽ നഷ്ടത്തിലായതോടെ ഇത് അടച്ചുപൂട്ടി.
advertisement
അതേസമയം, ആധുനികമായ ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ഫ്രണ്ട്സ്റ്റർ' 2002ൽ പ്രവർത്തനം ആരംഭിച്ചു. അതിനുശേഷം 2003ൽ പ്രൊഫഷണലുകളെ കണക്ട് ചെയ്യുന്ന ആദ്യത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ലിങ്ക്ഡ്ഇൻ' ആരംഭിച്ചു. തുടർന്ന് 2004ലാണ് ലോകമെമ്പാടും ഏറ്റവും അധികം പ്രചാരം നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ ഫേസ്ബുക്ക് മാർക്ക് സക്കർബർഗ് സ്ഥാപിച്ചത്.
ഏറ്റവും വലിയ ഓൺലൈൻ വീഡിയോ ഷേറിങ് പ്ലാറ്റ്ഫോമായ യൂട്യൂബ് 2005ൽ ആരംഭിച്ചു. 2006ൽ മൈക്രോ ബ്ലോഗിങ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും അവതരിപ്പിച്ചു. ഇതിനിടെ 2010ൽ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ ഷെയറിങ് സോഷ്യൽ മീഡിയ ആയ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചു. അതിവേഗം വളർച്ച കൈവരിച്ച ഇൻസ്റ്റഗ്രാം ആദ്യ രണ്ട് മാസത്തിനിടെ മാത്രം ഒരു മില്യണിലധികം ഉപയോക്താക്കളെ നേടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കിടയിൽ ഇൻസ്റ്റഗ്രാമിന്റെ ആധിപത്യം കണ്ടെത്തിയ ഫേസ്ബുക്ക് 2012ൽ ഒരു ബില്യൺ ഡോളറിന് ഇതിനെ സ്വന്തമാക്കി.
അടുത്തകാലത്തായി ഹിറ്റായ മറ്റൊരു ഷോർട്ട് വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക് ടോക്ക്. 2016 ൽ ആരംഭിച്ച ടിക് ടോക് വിപുലമായ മ്യൂസിക്, വീഡിയോ എഡിറ്റിംഗ് ഫീച്ചറുകൾ കാരണം ഉപയോക്താക്കൾക്കിടയിൽ അവിശ്വസനീയമാം വിധം ജനപ്രിയമായി. ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഇത് നിരോധിക്കുകയും ചെയ്തിരുന്നു.
അതേസമയം, സുഹൃത്തുക്കളുമായും കുടുംബവുമായും കണക്ട് ചെയ്യുന്നതിന് മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. വാർത്തകൾ, ഷോപ്പിംഗ്, വിനോദങ്ങൾ എന്നിവയ്ക്കെല്ലാം ആശ്രയിക്കാവുന്ന ഒരു വലിയ കേന്ദ്രമായി സാമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, ഇത് നമ്മുടെ ജീവിതത്തിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങൾ ആസ്വദിക്കുന്നതിനാണ് സോഷ്യൽ മീഡിയ ദിനം ആഘോഷിക്കുന്നത്.