ജർമനിയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് വെറും ആറ് വർഷത്തിനുള്ളിൽ 53 ലക്ഷം രൂപ ഭവനവായ്പ തിരിച്ചടച്ചത്.
താൻ ആറ് വർഷത്തിനുള്ളിൽ 53 ലക്ഷം രൂപയുടെ ഭവനവായ്പ അടച്ചുതീർത്തുവെന്ന് പോസ്റ്റിന്റെ തുടക്കത്തിൽ യുവാവ് പങ്കുവെച്ചു. ഇക്കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും യുവാവ് തുറന്നു പറഞ്ഞു. അമിതമായ സാമ്പത്തിക സമ്മർദം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും യുവാവ് സമ്മതിച്ചു.
''എന്റെ ജീവിതത്തിൽ ഞാൻ നേടിയ ഒരു വ്യക്തിഗത നാഴികക്കല്ലും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന ചില പാഠങ്ങളും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. 2019 സെപ്റ്റംബറിൽ ഞാൻ 53 ലക്ഷം രൂപ ഭവന വായ്പ എടുത്തു. അത് 2025 നവംബറിൽ മുഴുവനും അടച്ചു തീർത്തു. ആറ് വർഷം സമയമെടുത്താണ് അത് അടച്ചുതീർത്തത്,'' അദ്ദേഹം പറഞ്ഞു.
advertisement
'മാനസിക സമ്മർദം കടുക്കും'
വലിയ തുക വായ്പ എടുത്തത് മൂലമുണ്ടാകുന്ന വൈകാരികവും മാനസികവുമായ സമ്മർദത്തെക്കുറിച്ച് ടെക്കി വായനക്കാർക്ക് മുന്നറിയിപ്പ് നൽകി. ''നിങ്ങൾ അമിതമായി ചിന്തിക്കുന്നയാളോ ഉത്കണ്ഠയുള്ളയാളോ ആണെങ്കിൽ ഭവനവായ്പ എടുക്കുന്നത് ഒഴിവാക്കുക. കടുത്ത മാനസികസമ്മർദ്ദത്തിലാകാൻ സാധ്യതയുണ്ട്,'' യുവാവ് വ്യക്തമാക്കി.
53 ലക്ഷം രൂപയ്ക്ക് 14 ലക്ഷം രൂപ പലിശ ഉൾപ്പെടെ ആകെ 67 ലക്ഷം രൂപയുടെ വായ്പ താൻ അടച്ചുതീർത്തതായും കടം വേഗത്തിൽ വീട്ടാൻ സഹായിച്ചത് വിദേശത്തേക്ക് പോയതാണെന്നും അതിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
''സ്വന്തമായി ഒരു വീടെന്നത് ആദ്യം വൈകാരികമായ ഒരു കാര്യമാണ്. എന്നാൽ അറ്റകുറ്റപ്പണികൾ സംബന്ധിച്ച പ്രശ്‌നങ്ങൾ കുന്നുകൂടാൻ തുടങ്ങുമ്പോൾ അത് മങ്ങും. ഒരു വീട് സ്വന്തമാക്കുക എന്നതിന്റെ അർത്ഥം അതിന്റെ പ്രശ്‌നങ്ങളും സ്വന്തമാക്കുക എന്നതാണ്,'' യുവാവ് പറഞ്ഞു.
''രേഖകളിൽ എന്റെ വീടിന് ഇപ്പോൾ ഒരു കോടി രൂപയിലധികം മതിപ്പ് വിലയുണ്ട്. പക്ഷേ, എന്റെ ബാങ്ക് ബാലൻസ് ഏകദേശം ശൂന്യമാണ്,'' യുവാവ് പറഞ്ഞു.
പണം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച പാഠങ്ങൾ
വളരെയധികം സമ്മർദം ഉണ്ടായിരുന്നിട്ടും വായ്പ എടുത്തത് ചില പോസിറ്റീവായ നേട്ടങ്ങളും നല്‍കിയെന്ന് ടെക്കി സമ്മതിച്ചു. ഭവന വായ്പ ലഭിച്ചത് തന്നെ കൂടുതൽ കഠിനാധ്വാനം ചെയ്യാനും ബോണസ് നേടാനും പണം കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനും പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
''ഒരു ഭവനവായ്പ എടുക്കുന്നത് നിങ്ങളെ കൂടുതൽ കഠിനാധ്വാനം ചെയ്യാനും കയ്യിലെ പണം നന്നായി ആസൂത്രണം ചെയ്ത് ഉപയോഗിക്കാനും പഠിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അച്ചടക്കവും സാമ്പത്തിക സ്വാതന്ത്ര്യവും സംബന്ധിച്ച് വിലപ്പെട്ട പാഠങ്ങൾ ഭവന വായ്പ തന്നെ പഠിപ്പിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു.
പ്രതികരിച്ച് സോഷ്യൽ മീഡിയ
വളരെപ്പെട്ടെന്നാണ് യുവാവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ടെക്കിയുടെ സ്ഥിരോത്സാഹത്തെയും പ്രതിബദ്ധതയെയും നിരവധി പേരാണ് പ്രശംസിച്ചത്. ''അഭിനന്ദനങ്ങൾ സുഹൃത്തെ. നിങ്ങൾ കൈവരിച്ചത് ഒരു സാധാരണ നേട്ടമല്ല, അത് വലിയൊരു കാര്യമാണ്,'' ഒരാൾ പറഞ്ഞു. ''ഇത് വലിയൊരു നാഴികക്കല്ലാണെന്ന് മറ്റൊരാൾ പറഞ്ഞു. ഞാനും ഇപ്പോൾ ഒരു വായ്പ അടച്ചുകൊണ്ടിരിക്കുകയാണ്. അതെ ഇത് അൽപം തിരക്കു പിടിച്ച അവസ്ഥയാണ്,'' അദ്ദേഹം പറഞ്ഞു.
''ഒരു മികച്ച നേട്ടമാണിത്. 2011നും 2017നും ഇടയിൽ സമാനമായ രീതിയിൽ വായ്പ എടുത്ത് അടച്ചുതീർത്തതിനാൽ ഇത് എത്ര വലിയ ആശ്വാസവും വൈകാരിക സുരക്ഷയും നൽകുന്നതാണെന്ന് എനിക്ക് അറിയാം,'' മറ്റൊരാൾ പറഞ്ഞു.
