ആധുനിക പ്രണയവും നിർമിത ബുദ്ധിയും ഇടകലർന്ന ഒരു അസാധാരണമായ ഡേറ്റിംഗ് കഥ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ഒരു ഡേറ്റിംഗ് കോച്ച്. ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള ഒരു യുവതിയും അവർ കണ്ടുമുട്ടിയ വളരെ പ്രായമുള്ള ഒരു പുരുഷനും തമ്മിലുള്ള ഡേറ്റിംഗ് ഉൾപ്പെടുന്നതാണ് സംഭവം. ഇതിനിടയിൽ എഐകൂടി ഉൾപ്പെട്ടപ്പോൾ അപ്രതീക്ഷിതമായ വഴിത്തിരിവിൽ ഡേറ്റിംഗ് എത്തിച്ചേരുകയായിരുന്നു.
ഡേറ്റിംഗിന് ശേഷം 27കാരിയും അവിവാഹിതയുമായ യുവതിയുമായി സംസാരിച്ചതായി ഡേറ്റിംഗ് കോച്ച് ബ്ലെയ്ൻ ആൻഡേഴ്‌സൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ഏകദേശം 50നോട് അടുത്ത് പ്രായമുള്ള സാമ്പത്തിക മേഖലയിൽ ജോലി ചെയ്യുന്നയാളോടൊപ്പമാണ് യുവതി ഡേറ്റിംഗിന് പോയത്. ഇരുവരും ഒരുമിച്ചുള്ള സമയത്ത് പുരുഷൻ നിരന്തരം ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നു. അത് ഡേറ്റിംഗിൽ ചില അസ്വസ്ഥതകളുണ്ടാക്കി.
advertisement
''ഇന്നലെ രാത്രി 50നോട് അടുത്ത് പ്രായമുള്ള ഒരു വ്യക്തിയുമായി ഡേറ്റിംഗിൽ ഏർപ്പെട്ട 27 വയസ്സുള്ള അവിവാഹിതയായ ഒരു സ്ത്രീയുമായി ഞാൻ സംസാരിച്ചു. ഡേറ്റിംഗിനിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പുരുഷൻ തന്റെ ഫോണിൽ നിരന്തരം ചാറ്റ്ജിപിടി ഉപയോഗിച്ചുകൊണ്ടിരുന്നു. ഉദാഹരണത്തിന്, അവർ കഴിച്ച കോക്ക്‌ടെയിലുകളുടെ ചരിത്രത്തെക്കുറിച്ച് ചോദിക്കുകയും അതിന് ചാറ്റ് ജിപിടി നൽകുന്ന പ്രതികരണങ്ങൾ യുവതിക്ക് ഉറക്കെ വായിച്ചു നൽകുകയും ചെയ്തു, ആദ്യം രസകരമെന്ന് തോന്നിയ കാര്യം ഉടൻ തന്നെ അസ്വസ്ഥതയുണ്ടാക്കി,'' കോച്ച് പറഞ്ഞു.
ഒരു സാധാരണ തമാശ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് നയിച്ചു
ഡേറ്റിംഗ് മുന്നോട്ട് പോകുന്നതനിടെ ആ സ്ത്രീ പുരുഷന്റെ പെരുമാറ്റത്തെക്കുറിച്ച് ചാറ്റ് ജിപിടിയോട് അഭിപ്രായം തേടാൻ തീരുമാനിച്ചു. രാത്രി അവസാനിക്കാനായപ്പോൾ ചാറ്റ്ജിപിടി അമിതമായി ഉപയോഗിക്കുന്നതിന് അവൾ അവനെ കളിയാക്കി. എന്നാൽ, അതിൽ ലജ്ജിക്കുന്നതിന് പകരം അയാൾ അതിലേക്ക് വീണ്ടും ചായുന്നതാണ് കണ്ടത്.
ചാറ്റ്ജിപിടിയും താനും ഉറ്റ സുഹൃത്തുക്കളാണ്. തന്നെക്കുറിച്ച് എന്ത് വേണമെങ്കിലും ചോദിച്ചുകൊള്ളാൻ അയാൾ അവർക്ക് നിർദേശം നൽകി. തുടർന്ന് തന്റെ ഫോൺ അയാൾ അവൾക്ക് കൈമാറുകയും ചെയ്തും. ആ യുവതിയാകട്ടെ ഫോണിൽ അയാളെക്കുറിച്ചുള്ള ഒരു സ്വകാര്യചോദ്യമാണ് ടൈപ്പ് ചെയ്തത്. ''നിങ്ങൾ മറ്റാരുമായും പങ്കിടാത്ത എന്തെങ്കിലും എന്നോട് പറയൂ, അത് എന്നെക്കുറിച്ച് ശരിക്കും ഇഷ്ടപ്പെടുന്നതായിരിക്കണം,'' യുവതി ചോദിച്ചു.
എന്നാൽ ചാറ്റ്ജിപിടി ഇതിന് നൽകിയ ഉത്തരം ഇരുവരിലും ഞെട്ടലുണ്ടാക്കി. ''നിങ്ങൾ നിങ്ങളുടെ ഭാര്യയോട് ഇത്ര കരുതലുള്ള ഭർത്താവും നിങ്ങളുടെ മക്കൾക്ക് പിതാവുമായിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്,'' ചാറ്റ് ജിപിടി ഉത്തരം നൽകി. അപ്പോഴാണ് തന്നോടൊപ്പം ഡേറ്റിംഗിന് വന്ന വ്യക്തിക്ക് തന്നോട് പറയാത്ത ഒരു കുടുബമുണ്ടെന്ന് അവർക്ക് മനസ്സിലായത്.
തമാശ നിറഞ്ഞ പ്രതികരണവുമായി സോഷ്യൽ മീഡിയ
ഡേറ്റിംഗ് കോച്ചിന്റെ പോസ്റ്റിന് ഇതിനോടകം ആയിരക്കണക്കിന് കമന്റുകളും ലൈക്കുകളുമാണ് ലഭിച്ചത്. എഐ യുവതിക്ക് ഒരു ഉപകാരം ചെയ്തുവെന്ന് ഒരാൾ പറഞ്ഞു. എഐ ഉപയോഗിക്കുന്ന ഉറ്റ സുഹൃത്തിനെ ആദ്യ ഡേറ്റിന് കൊണ്ടുവരാത്തതിന് കാരണമിതാണെന്ന് മറ്റൊരാൾ പറഞ്ഞു.
ചാറ്റ്ജിപിടിയുമായി പ്രണയത്തിലായതിനെ തുടർന്ന് വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ കഥ മുമ്പ് ചർച്ചയായിരുന്നു. 2025 ഏപ്രിലിലാണ് ചാറ്റ്ജിപിടിയുമായി പ്രണയത്തിലായതിനെ തുടർന്ന് ഭർത്താവിൽ നിന്ന് താൻ വിവാഹമോചനം നേടിയതായി സ്ത്രീ വെളിപ്പെടുത്തിയത്. എഐ ചാറ്റ്‌ബോട്ട് തനിക്ക് വൈകാരിക പിന്തുണ നൽകിയതായും തന്നെ കരുതുന്നതായി തോന്നിയതായും ഇത് തന്റെ ദാമ്പത്യജീവിതത്തിൽ നഷ്ടപ്പെട്ടിരുന്നതായും അവർ പറഞ്ഞു. അവരുടെ ജീവിത കഥ ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു.
