'എനിക്ക് 97 വയസുണ്ട്' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. വാക്സിന്‍റെ ആദ്യഡോസ് ഇക്കഴിഞ്ഞ മാർച്ചിൽ സ്വീകരിച്ചെന്നും അടുത്ത ഡോസ് ഉടൻ തന്നെ സ്വീകരിക്കുമെന്നും ഇവർ പറയുന്നു. കുത്തിവയ്പ്പിന് ശേഷം വേദനയോ പാർശ്വഫലങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിയ ശേഷം എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും വയോധിക ആവശ്യപ്പെടുന്നുണ്ട്. 'പേടിക്കേണ്ട കാര്യമില്ല. വാക്സിൻ സ്വീകരിക്കൂ. നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും അത് നല്ലതാണ്. വാക്സിന്‍ സുരക്ഷിതമാണ്' എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അവർ പറയുന്നു.
മാധ്യമ പ്രവർത്തകയായ ലത വെങ്കടേഷ് ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം പിടി മുറുക്കിയിരിക്കുന്ന രാജ്യത്ത് കോവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മെയ് ഒന്ന് മുതൽ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകിത്തുടങ്ങിയിട്ടുണ്ട്. എങ്കിലും പല പ്രായത്തിലുള്ള ആളുകളും ഇപ്പോഴും വാക്സിൻ സ്വീകരിക്കാൻ ആശങ്ക കാട്ടുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ഭയം കൂടാതെ വാക്സിനെടുക്കാൻ ആവശ്യപ്പെടുന്ന മുത്തശ്ശിയുടെ വീഡിയോ വൈറലാകുന്നത്.
Also Read-'കോവിഡ് കണക്കുകളിൽ കൃത്രിമം കാട്ടുന്നു'; ബിജെപിയുടെ വാദങ്ങൾ തള്ളി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ
അതേസമയം രാജ്യത്ത് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകൾ നൽകുന്ന സൂചന. മുൻമാസങ്ങളെ അപേക്ഷിച്ച് മെയ് മാസത്തിലെ ആദ്യ ആഴ്ചകളിൽ തന്നെ അൻപത് ശതമാനത്തോളം കുറവ് വന്നതായാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിൻ പ്ലാറ്റ്ഫോമിൽ കണക്കുകൾ അനുസരിച്ച് മെയ് ഒന്ന് മുതൽ എഴ് വരെ 11.6 മില്യൺ കുത്തിവയ്പ്പുകളാണ് നടന്നത്. നാല്‍പ്പത്തിയഞ്ച് വയസിന് മുകളിൽ പ്രായമായവര്‍ക്ക് കോവിഡ് വാക്സിൻ നൽകി തുടങ്ങിയ ഏപ്രിലിൽ ഒരാഴ്ചയിൽ 24.7 മില്യൺ വാക്സിനേഷനാണ് നടന്നത്.