വിവാഹം സ്വര്‍ഗ്ഗത്തില്‍വെച്ച് നടക്കുന്നുവെന്ന ആശയം പശ്ചാത്തലമാക്കിയാണ് ഈ വിവാഹ നിശ്ചയ വേദി ഒരുക്കിയിരിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച വേദിയ്ക്ക് മുകളില്‍ രണ്ട് സ്ത്രീകള്‍ മാലാഖ വേഷം ധരിച്ച് തൂങ്ങിയാടുന്നതും വീഡിയോയിലുണ്ട്. വിവാഹമോതിരവുമായാണ് അവര്‍ തൂങ്ങിയാടുന്നത്. ശേഷം അവര്‍ താഴേക്ക് പതിയെ താഴുന്നതും കാണാം. നികിത ചതുര്‍വേദി എന്നയാളാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
വേദിയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നവര്‍ പരിശീലനം ലഭിച്ച കലാകാരന്‍മാരാണെന്നും നികിത പറയുന്നുണ്ട്. സുരക്ഷാ പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ വേദിയ്ക്ക് മുകളിലേക്ക് കയറ്റിയതെന്നും നികിത പറയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയ്ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. '' വളരെ ക്രൂരമായിപ്പോയി. അവരും മനുഷ്യരാണ്,'' എന്നാണ് ഒരാള്‍ ഇതിന് മറുപടി പറഞ്ഞത്.
'' മനുഷ്യത്വരഹിതമായ പ്രവൃത്തി. മനുഷ്യരെ പ്രദര്‍ശന വസ്തുവാക്കുന്നു. വെറും ഷോ ഓഫ് മാത്രമാണിത്,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തത്. '' ക്രൂരമായിപ്പോയി. അവര്‍ അവിടെ തൂങ്ങിയാടുന്നത് വളരെ സുരക്ഷിതമായിട്ടായിരിക്കാം. എന്നാൽ മനുഷ്യനെ അപമാനിക്കുന്ന പ്രവൃത്തിയായിപ്പോയി ഇത്,'' എന്നാണ് മറ്റൊരു കമന്റ്. '' ഇത് സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പ്രവൃത്തിയാണെന്ന്'' മറ്റൊരാൾ കുറിച്ചു. ഏകദേശം 2.2 മില്യണ്‍ പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. നിരവധി പേരാണ് ഇത്തരം ആഡംബരം അനാവശ്യമാണെന്ന് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.