ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍
2024 ജൂണ്‍ 12ന് മുംബൈ സ്വദേശിയായ ഓര്‍ലേം ബ്രണ്ടന്‍ സെറാവോ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിലാണ് മനുഷ്യവിരല്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. മുംബൈയിലെ മലാഡിലാണ് സംഭവം നടന്നത്. ഐസ്‌ക്രീം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അസ്വാഭാവികമായ എന്തോ ഒന്ന് ഓർലേമിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഐസ്‌ക്രീമില്‍ മനുഷ്യവിരല്‍ കണ്ടെത്തി. ഉടന്‍ തന്നെ സെറാവോ മലാഡ് പോലീസില്‍ വിവരം അറിയിച്ചു. ഐസ്‌ക്രീം നിര്‍മ്മാണ യൂണിറ്റിലെ ജീവനക്കാരന്റെ കൈവിരലാകാം ഇതെന്നാണ് പോലീസിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്തിവരികയാണ്.
advertisement
ആമസോണില്‍ നിന്ന് കിട്ടിയ പാക്കറ്റില്‍ മൂര്‍ഖന്‍ പാമ്പ്
ഓണ്‍ലൈനില്‍ നിന്നും ഗെയിം കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്ത ദമ്പതികള്‍ക്കാണ് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ കിട്ടിയത്. ബംഗളൂരു സ്വദേശികളായ ദമ്പതികളാണ് ആമസോണില്‍ നിന്നും വന്ന പാക്കറ്റില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. പാക്കറ്റില്‍ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിനിടെ പാമ്പ് പാക്കറ്റിനുള്ളില്‍ കുടുങ്ങിക്കിടന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍മാരായ ദമ്പതികള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആമസോണില്‍ നിന്നും എക്‌സ്‌ബോക്‌സ് കണ്‍ട്രോളര്‍ ഓര്‍ഡര്‍ ചെയ്തത്. ആമസോണില്‍ നിന്നെത്തിയ പാക്കേജ് വീടിന് പുറത്ത് വയ്ക്കുന്നതിന് പകരം ഡെലിവറി ഏജന്റിന്റെ കയ്യില്‍ നിന്നും ദമ്പതികള്‍ അത് നേരിട്ട് കൈപ്പറ്റുകയായിരുന്നു.
അമുല്‍ ഐസ്‌ക്രീമില്‍ നിന്ന് പഴുതാര
ഡെലിവറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ പഴുതാരയെ കണ്ടെത്തിയെന്ന് ആരോപിച്ച് നോയിഡ സ്വദേശിയായ യുവതി രംഗത്തെത്തിയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ജൂണ്‍ 15നാണ് നോയിഡ സ്വദേശിയായ ദീപാ ദേവി അമുല്‍ ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. തുറന്നു നോക്കിയപ്പോഴാണ് ഇതിനുള്ളില്‍ പഴുതാരയെ കണ്ടത്. ഈ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ചോക്ലേറ്റ് സിറപ്പില്‍ ചത്ത എലി
ഹെര്‍ഷേസിന്റെ ചോക്ലേറ്റ് സിറപ്പില്‍ ചത്ത എലിയെ കണ്ടെത്തിയെന്ന് ഒരു കുടുംബം ആരോപിച്ചതും അടുത്തിടെ വാർത്തയായിരുന്നു. സെപ്‌റ്റോയില്‍ നിന്നാണ് ചോക്ലേറ്റ് സിറപ്പ് ഇവർ ഓര്‍ഡര്‍ ചെയ്തത്. കുടുംബത്തിലെ മൂന്ന് പേര്‍ ഈ സിറപ്പ് കഴിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കുപ്പിയില്‍ നിന്ന് ചത്ത എലിയെ കിട്ടിയത്. ചോക്ലേറ്റ് സിറപ്പ് കുടിച്ച കുടുംബാംഗങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണ്.
സ്വിഗ്ഗിയില്‍ നിന്ന് ലൈം സോഡ ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് സീല്‍ ചെയ്ത പ്ലാസ്റ്റിക് ഗ്ലാസ്
സ്വിഗ്ഗിയില്‍ നിന്ന് ഒരു ലൈം സോഡ ഓര്‍ഡര്‍ ചെയ്ത യുവാവിനാണ് ഇത്തവണ പണി കിട്ടിയത്. ഓര്‍ഡര്‍ ചെയ്ത ലൈം സോഡയ്ക്ക് പകരം ഡെലിവറി ബോയ് ഇയാള്‍ക്ക് എത്തിച്ചു നല്‍കിയത് സീല്‍ ചെയ്ത ഒഴിഞ്ഞ ഒരു പ്ലാസ്റ്റിക് ഗ്ലാസായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനോടകം 2.5 ലക്ഷം പേരാണ്-ലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടത്. പോസ്റ്റ് വൈറല്‍ ആയതിന് പിന്നാലെ സ്വിഗ്ഗിയും പ്രതികരണവുമായി രംഗത്തെത്തി. ഇത് വിചിത്രമായി തോന്നുന്നുവെന്നും നിങ്ങളുടെ ഓര്‍ഡര്‍ ഐഡി തന്നാല്‍ ഞങ്ങള്‍ അത് പരിശോധിക്കാമെന്നും സ്വിഗ്ഗി മറുപടി നല്‍കി. അതേസമയം 120 രൂപ വിലയുള്ള ലൈം സോഡയ്ക്ക് വെറും 80 രൂപ മാത്രമാണ് റീഫണ്ട് നല്‍കിയത് എന്നും യുവാവ് വെളിപ്പെടുത്തി.