ഈ അക്വേറിയത്തില്‍ 120 തരം മത്സ്യങ്ങളെയാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും അവയെല്ലാം ഇന്ത്യയ്ക്ക് പുറത്തു നിന്നും എത്തിച്ചതാണെന്നും എച്ച് എന്‍ ഐ അക്വാട്ടിക് കിങ്ഡത്തിന്റെ പ്രതിനിധി നിയാസ് അഹമ്മദ് ഖുറേഷി പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റെയില്‍വേയുടെ സാധ്യത ഉപയോഗിച്ച് ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ ഈ അക്വേറിയം എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഭാഗമായി ലക്ഷ്യം വെയ്ക്കുന്നത്. അതിനാല്‍ ടണല്‍ അക്വേറിയത്തിലേക്കുള്ള പ്രവേശന ഫീസ് 25 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
advertisement
റെയില്‍വേ സ്റ്റേഷനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക എന്നതാണ് ഈ അക്വാട്ടിക് പാര്‍ക്ക് ആരംഭിക്കാനുള്ള ശ്രമത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് ഐ ആര്‍ എസ് ഡി സിയുടെ നോഡല്‍ ഉദ്യോഗസ്ഥനായ സൗരഭ് ജെയിന്‍ പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു യൂട്യൂബ് വീഡിയോ കണ്ടതില്‍ നിന്നാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ചുള്ള ആശയം ഉടലെടുക്കുന്നതും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന കമ്പനിയുമായി ബന്ധപ്പെടുന്നതുമെന്നും അദ്ദേഹം പറയുന്നു. 'തങ്ങളുടെ ട്രെയിന്‍ വരാനായി കാത്തിരിക്കുന്ന വിരസമായ വേളയില്‍ ആ സമയം ആസ്വാദ്യകരമാക്കാന്‍ ഈ അക്വേറിയം മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ സഹായിക്കും. മറ്റു പൊതുജനങ്ങള്‍ക്കും ഇത് ഒരു ആകര്‍ഷണീയമായ അനുഭവമായിരിക്കും', ജെയിനിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
'റെയില്‍വേ സ്റ്റേഷനുകളെ എയര്‍പോര്‍ട്ടുകളുടേതിന് സമാനമായ വിധത്തില്‍ വികസിപ്പിക്കാനും ഞങ്ങളുടെ ഫെസിലിറ്റി മാനേജ്മെന്റ് സൗകര്യങ്ങളിലൂടെ യാത്രികര്‍ക്ക് തൃപ്തികരമായ അനുഭവം പ്രദാനം ചെയ്യാനുമുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയും', ഐ ആര്‍ എസ് ഡി സിയുടെ സി ഇ ഓയും മാനേജിങ് ഡയറക്റ്ററുമായ എസ് കെ ലോഹ്യ പ്രതികരിച്ചതായി ഐ എ എന്‍ എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 12 അടി നീളമുള്ള ഈ അക്വാട്ടിക് കിങ്ഡത്തില്‍ തിരണ്ടി, അലിഗേറ്റര്‍ ഗാര്‍, ഈല്‍, ചെമ്മീന്‍, ഷാര്‍ക്ക്, ഒച്ച്, കടല്‍ ഞണ്ട് തുടങ്ങിയ നിരവധി സമുദ്രജീവികളെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.