മിതാലി രാജ്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് ക്രിക്കറ്റിന്റെ ഭാഗമായതു മുതൽ സോഷ്യൽ മീഡിയ പരിഹാസങ്ങൾക്ക് ഇരയായിട്ടുണ്ട്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ക്രിക്കറ്റിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള മിതാലിയുടെ ഫോട്ടോയിൽ മിതാലിയുടെ കക്ഷം വിയർത്തിരിക്കുന്നത് ചൂണ്ടിക്കാട്ടി പരിഹസിച്ചിരുന്നു. അഷിംദാസ് ചൗധരി എന്നയാളുടെ ഭാഗത്തു നിന്നാണ് ഇത്തരത്തിലൊരു പരിഹാസം ഉണ്ടായത്. എന്നാൽ തനിക്കതിൽ അപമാനമില്ലെന്ന് മിതാലി മറുപടി നൽകിയിരുന്നു.
മറ്റൊരു സന്ദർഭത്തിൽ ഒരു റിപ്പോർട്ടറുടെ ഭാഗത്തു നിന്ന് ലൈംഗികച്ചുവയുള്ള ഒരു ചോദ്യം മിതാലിക്ക് നേരിടേണ്ടി വന്നിരുന്നു. പുരുഷ ക്രിക്കറ്റ് താരങ്ങളിൽ ഇഷ്ടമുള്ള താരം ആരാണെന്നായിരുന്നു ചോദ്യം. എന്നാൽ ഇതേ ചോദ്യം ഒരു പുരുഷ ക്രിക്കറ്ററോട് ചോദിക്കുമോ എന്ന മിതാലിയുടെ പ്രതികരണം ഏറെ പ്രശംസനീയമായി.
സൈന നെഹ്‌വാൾ
റിയോ ഒളിമ്പിക്സിൽ യുക്രൈൻ താരം 61ാം റാങ്കുകാരിയായ മരിയ യുലിതിനയോട് പരാജയപ്പെട്ടതിൽ സൈനയ്ക്ക് കുറച്ചൊന്നുമല്ല സോഷ്യല്‍ മീഡിയയിൽ നിന്ന് നേരിടേണ്ടിവന്ന പരിഹാസം. ഇതേമത്സരത്തിൽ സിന്ധു വെള്ളി നേടിയതും സൈനയെ പരിഹസിക്കുന്നതിന് കാരണമായി. ആ സമയത്ത് മുട്ടിനേറ്റ പരിക്കിനെ തുടർന്ന് സൈന ഹൈദരാബാദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതുപോലും ചിന്തിക്കാതെയാണ് പലരും സൈനയെ പരിഹസിച്ചത്. സൈനയോട് ബാഗ് പാക്ക് ചെയ്ത് പോകണമെന്നും മികച്ച ഒരാളെ നന്നായി നേരിടാനറിയുന്ന പുതിയ താരത്തെ കിട്ടിയെന്നുമായിരുന്നു ഒരു ആരാധകന്റെ പരിഹാസം.
തീർച്ചയായും അങ്ങനെ തന്നെയാകട്ടെയെന്നും നന്ദിയുണ്ടെന്നുമായിരുന്നു സൈനയുടെ പ്രതികരണം. സിന്ധു നന്നായി മത്സരിച്ചുവെന്നും സൈന പറഞ്ഞു. എന്നാൽ സൈനയെ വേദനിപ്പിച്ചതിൽ ആ ആരാധകൻ പിന്നീട് മാപ്പു പറഞ്ഞിരുന്നു.
പ്രിയങ്ക ചോപ്ര
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാം വഴി പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പ്രിയങ്കയ്ക്ക് സോഷ്യൽമീഡിയ ആക്രമണങ്ങൾ നേരിടേണ്ടി വന്നത്. ചിത്രത്തിൽ പ്രിയങ്കയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയതാണ് പലരെയും ചൊടിപ്പിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ഇരിക്കുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കാൻ പാടില്ലേ എന്നായിരുന്നു പലരുടെയും ചോദ്യം.
എന്നാൽ, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് അമ്മയ്ക്കൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രിയങ്ക വിമർശകരുടെ വായടപ്പിച്ചത്.
മായന്തി ലാംഗർ ബിന്നി
കായികതാരങ്ങളുടെ മോശം പ്രകടനം കൊണ്ട് അവരുടെ ഭാര്യമാർക്ക് പലപ്പോഴും സോഷ്യൽ മീഡിയ പരിഹാസം നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലൊരാളാണ് സ്റ്റുവർട്ട് ബിന്നിയുടെ ഭാര്യയും അവതാരകയുമായ മായന്തി ലാംഗർ ബിന്നി. ഐപിഎല്ലിലെ ബിന്നിയുടെ മോശം പ്രകടനങ്ങളാണ് മായന്തിയെ വിമർശിക്കാൻ കാരണം. അനുഷ്ക ശർമയോട് ചോദിക്കൂ എന്നാണ് മായന്തിയോട് ട്രോളന്മാർ പറഞ്ഞത്. എന്നാൽ, ശക്തമായ മറുപടി കൊണ്ട് ട്രോളന്മാരുടെ വായടപ്പിക്കാൻ മായന്തിക്ക് കഴിഞ്ഞു.
താപ്സി പാനു
ബിക്കിനി ധരിച്ച ഫോട്ടോ ഷെയർ ചെയ്തതിനു പിന്നാലെയാണ് താപ്സിക്ക് സോഷ്യൽ മീഡിയ പരിഹാസം നേരിടേണ്ടി വന്നത്. പുച്ഛം തോന്നുവെന്നാണ് പലരുടെയും പരിഹാസം. നല്ല കുട്ടിയായി അച്ഛനും അമ്മയ്ക്കും അഭിമാനമാകാനും ചിലർ താപ്സിയെ ഉപദേശിച്ചിരുന്നു. ട്രോളന്മാരുടെ വായടപ്പിക്കുന്ന മറുപടി താപ്സിയും നൽകി.
സോനം കപൂർ
ഒരു ചടങ്ങിനിടെ കൈയില്ലാത്ത വസ്ത്രം ധരിച്ചെത്തിയതിനാണ് സോനത്തെ പരിഹസിച്ചത്. ആ വസ്ത്രത്തിലൂടെ ശരീരഭാഗങ്ങള്‍ കൂടുതലായി കാണാൻ കഴിയുന്നുവെന്നായിരുന്നു പരിഹാസം. എന്നാൽ വസ്ത്രങ്ങൾക്കിടയിലൂടെ ശരീരഭാഗം കാണുന്ന രീതിയിൽ ഫോട്ടോ എടുക്കുന്നതിനായി ഫോട്ടോഗ്രാഫർ പിന്നാലെ നടന്നുവെന്ന് സോനം വ്യക്തമാക്കി. തന്റെ ശരീരത്തെ ഓർത്ത് അഭിമാനമുണ്ടെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നുമായിരുന്നു സോനത്തിന്റെ പ്രതികരണം.
പാർവതി
മമ്മൂട്ടിചിത്രം കസബയെ വിമർശിച്ചതിനായിരുന്നു പാർവതിക്ക് സോഷ്യൽമീഡിയ പരിഹാസം നേരിടേണ്ടി വന്നത്. സംവിധായകൻ ജൂഡ് ആന്റണി കുരങ്ങനോട് ഉപമിച്ചാണ് പാർവതിയെ പരിഹസിച്ചത്. ഇതിന് ഒഎംകെവി- ഓടെടാ മലരേ കണ്ടംവഴി എന്ന ട്രോളുകൊണ്ട് പാർവതി മറുപടി നൽകി.
