കഴിഞ്ഞ വര്‍ഷം അവസാനം ഇന്‍ ടച്ച് വീക്കിലി മാഗസിനില്‍ ഒന്നാം പേജില്‍ ജെന്നും ബറാക്കും തമ്മിലുള്ള ബന്ധത്തിന് പിന്നിലെ സത്യം എന്ന പേരില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 55 കാരിയായ ജെന്നിഫര്‍ ആനിസ്റ്റനും 63കാരനായ ബറാക് ഒബാമയും തമ്മില്‍ പ്രണയത്തിലാണെന്ന കിംവദന്തി പ്രചരിച്ചത്.
2024 ഒക്ടോബറില്‍ ജിമ്മി കിമ്മല്‍ ലൈവ് എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഈ കിംവദന്തികള്‍ ജെന്നിഫര്‍ തള്ളിക്കളഞ്ഞിരുന്നു. അതേസമയം, തന്നെക്കുറിച്ച് പ്രചരിച്ച കിംവദന്തിയില്‍ തനിക്ക് ദേഷ്യം തോന്നിയില്ലെന്നും കേട്ടതെല്ലാം അസത്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കിംവദന്തികളില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന അവതാരകന്‍ ജിമ്മി കിമ്മല്‍ ചോദിച്ചപ്പോള്‍ താന്‍ ഒബായെ ഒരു തവണ കണ്ടിട്ടുണ്ടെന്ന് ജെന്നിഫര്‍ വ്യക്തമാക്കി. എന്നാല്‍ അദ്ദേഹത്തെക്കാളുപരി മിഷേലിനെയാണ് തനിക്ക് പരിചയമെന്നും അവര്‍ പറഞ്ഞു. നിങ്ങളും മിഷേലും തമ്മിലുള്ള ബന്ധത്തില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് തമാശ കലര്‍ത്തി കിമ്മല്‍ വീണ്ടും ചോദിച്ചു. എന്നാല്‍, അത് സത്യമല്ലെന്നാണ് ജെന്നിഫര്‍ പുഞ്ചിരിയോടെ നല്‍കിയ മറുപടി.
advertisement
2007ല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗും അദ്ദേഹത്തിന്റെ ഡ്രീംവര്‍ക്ക്‌സ് സഹസ്ഥാപകരും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു ഹോളിവുഡ് ആഘോഷപരിപാടിക്കിടെയാണ് ജെന്നിഫര്‍ ആദ്യമായി ബറാക് ഒബാമയെ കണ്ടതെന്ന് കരുതപ്പെടുന്നു. താരനിബിഡമായ ഈ പരിപാടിയില്‍ നിന്നുള്ള ഫോട്ടോകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. മിഷേല്‍ ഒബാമയുടെ അരക്കെട്ടില്‍ ജെന്നിഫര്‍ കൈ ചുറ്റിപ്പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പിന്നില്‍ മോര്‍ഗന്‍ ഫ്രീമാന്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി ആസ്വദിക്കുന്നത് ചിത്രത്തില്‍ കാണാന്‍ കഴിയും.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 32-ാം വിവാഹവാര്‍ഷികം ആഘോഷിച്ച ഒബാമയും മിഷേലും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ തങ്ങളുടെ വിവാഹ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ''എന്റെ ജീവിതത്തിലൂടെ കടന്നുപോകാന്‍ ഇതിലും നല്ലൊരു പങ്കാളിയെയും സുഹൃത്തിനെയും എനിക്ക് ചോദിക്കാന്‍ കഴിയുമായിരുന്നില്ല,'' എന്ന് ബറാക് ഒബാമ പറഞ്ഞു. ഇതിന് പ്രതികരണവുമായി മിഷേലും എത്തിയിരുന്നു. ''എന്റെ പ്രിയപ്പെട്ടവനൊപ്പം 32 വര്‍ഷങ്ങള്‍. എപ്പോഴും പിന്തുണയുമായി എന്റെ പിന്നില്‍ നില്‍ക്കുന്നതിന് നന്ദി,'' എന്ന് മിഷേല്‍ മറുപടി നല്‍കി.
ഒബാമയുമൊത്തുള്ള സ്‌നേഹബന്ധത്തെക്കുറിച്ച് മിഷേല്‍ മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. തങ്ങളുടെ ജീവിതം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും അവര്‍ 2022ല്‍ ഒരു പാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. ''മറ്റുള്ളവരുടെ വാക്കുകളില്‍ വേദനിക്കുന്ന ഒരാളാണ് ഞാനെന്ന് ആളുകള്‍ കരുതിയിരുന്നു. എന്റെ ഭര്‍ത്താവിനൊപ്പം നില്‍ക്കാന്‍ കഴിയാത്ത പത്ത് വര്‍ഷങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു,'' അവര്‍ പറഞ്ഞു. തങ്ങളുടെ മക്കളായ മാലിയയെയും സാഷെയെയും വളര്‍ത്തുന്നതിനിടെയുണ്ടായ കഷ്ടപ്പാടിനെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു.