'പെൺകുട്ടികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തുക തന്നെ വേണം, പക്ഷേ, അത് ഒരു നാടിനെ മുഴുവൻ അടച്ചാക്ഷേപിച്ചിട്ട് ആകരുത്. കുറച്ചു പേര് ചെയ്ത തെറ്റിന് അന്നാട്ടുകാർ മുഴുവൻ അപഹസിക്കപെടുന്നത് എങ്ങനെയാണു ന്യായീകരിക്കപ്പെടുന്നത്? കേരളത്തിലെ ആദ്യത്തെ സദാചാര പോലീസിംഗ് ഒന്നുമല്ലല്ലോ; ബാക്കിയുള്ളിടെത്തതെല്ലാം ഇഷ്യൂ, പ്രതിസ്ഥാനത്തുള്ളവർ എന്നിങ്ങനെ ഒതുങ്ങുന്പോൾ ഇവിടെ പക്ഷെ ഒരു നാട് മുഴുവൻ “പന്ത്രണ്ടാം നൂറ്റാണ്ടും” “പ്രാകൃതരുമൊക്കെ” ആയി മാറുന്നു! സഭ്യമല്ലാത്ത പ്രതികരണങ്ങളുമായെത്തിയവരുടെ വാക്കുകൾ അടിസ്ഥാനമാക്കി, മലപ്പുറത്തിന്റെ സംസാര ഭാഷയോടുള്ള ‘അച്ചടിപുച്ഛം’ ചേർത്തരച്ചു വെക്കുമ്പോൾ അധിക്ഷേപങ്ങളുടെ ആഘോഷമാവുന്നു' - നസീൽ പറയുന്നു.
advertisement
മലപ്പുറത്തെ കിളിനക്കോടെന്നല്ല, കേരളത്തിലെ ഏകദേശം എല്ലാ ഗ്രാമങ്ങളും ഇതുപോലെ തന്നെയാണെന്ന് നസീൽ പറയുന്നു. ആണും പെണ്ണും സൗഹൃദം പങ്കിടുന്നതും ഇടകലരുന്നതും നോക്കുകയെ ചെയ്യാത്ത, പോയി ഓരോന്ന് ചോദിക്കാത്ത, അങ്ങനെ ‘മാനസികമായി പീഡിപ്പിക്കാത്ത’ പുരോഗമന ഗ്രാമങ്ങളൊന്നുമല്ല. അത് നല്ലതോ ചീത്തയോ എന്നല്ല പറയുന്നത്; അങ്ങനെയൊക്കെ ആണ് എല്ലായിടത്തും എന്നാണ്. പരിചയമില്ലാത്ത ഒരു വാഹനം പതിവിലേറെ നേരം നിർത്തിയിട്ടാൽ, കണ്ടുപരിചയമില്ലാത്ത മനുഷ്യർ നാട്ടുവഴികളിലൂടെ നടക്കുന്നത് കണ്ടാൽ... കാര്യം അന്വേഷിക്കാതിരിക്കുന്ന നാടും നാട്ടുകാരും ഗ്രാമപരിസരങ്ങളിൽ ഉണ്ടാവാനിടയില്ലെന്നും നസീൽ ചൂണ്ടിക്കാണിക്കുന്നു.
ട്രോളുകളിലൂടെയും സദാചാര പോലീസ് കഥകളിലൂടെയുമല്ല, നേരിട്ടറിയാവുന്ന ഇടമാണ് ‘കിളിനക്കോട്’ എന്ന് പറഞ്ഞുകൊണ്ടാണ് നസീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. യഥാർഥ കിളിനക്കോട് എങ്ങനെയെന്ന് പറയാൻ ചാലിപ്പാടത്തുള്ള കുളത്തെക്കുറിച്ച് നസീൽ വിവരിക്കുന്നുണ്ട്- 'വയലിന് നടുവിലായിട്ട് ഒരു വലിയ കുളം. അവിടത്തുകാർ മാത്രമല്ല, സമീപത്തുള്ള പല നാട്ടിൽ നിന്നും സന്ദർശകരെത്താറുണ്ട്. ഭാര്യയുടെ വീട്ടിലേക്ക് പോവുമ്പോഴൊക്കെ ചാലിപാടത്തും പോവും. കുളത്തിൽ ഓരോ വശത്തുമായി ആണുങ്ങളും പെണ്ണുങ്ങളും കുടുംബമായും കൂട്ടമായുമൊക്കെ കാണും; അതിൽ അന്നാട്ടുകാരുണ്ടാവും, അതിഥികളുണ്ടാവും, അയൽനാട്ടുകാരുണ്ടാവും. ആരും കച്ചറയാക്കുന്നതൊന്നും(അപമര്യാദയായി പെരുമാറുന്നത്) ഇത് വരെ കണ്ടിട്ടില്ല. പറയുമ്പോ, ആണും പെണ്ണും ഒരേ കുളത്തിൽ കുളിക്കുകയാണല്ലോ, ‘വെളിച്ചം വെക്കാത്ത’ നാട്ടിൽ പക്ഷെ ആണും പെണ്ണും എന്നതിനപ്പുറം അങ്ങനെയൊരിടം നിലനിൽക്കുന്നു'.
തങ്ങൾക്കിഷ്ടമില്ലാത്തത് വേറെ ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ ചോദ്യം ചെയുന്ന ‘ആങ്ങളമാരും’ ‘ഉപദേശികളും’ ‘സംസ്കാര സംരക്ഷകരും’ എല്ലാ അങ്ങാടികളിലുമുണ്ടാവുമെന്ന് നസീൽ പറയുന്നു. സോഷ്യൽ മീഡിയയിലും അവരെത്തും. അവർക്കെതിരെ പ്രതികരിക്കുകയും മേലാൽ ഇതാവർത്തിക്കാൻ തോന്നാത്ത വിധം ശിക്ഷ വാങ്ങിക്കൊടുക്കയും വേണം - പക്ഷെ ഒരു പ്രദേശത്തെ മുഴുവൻ പ്രതിസ്ഥാനത്തു നിർത്തി അവഹേളിച്ചു കൊണ്ടാവരുത് അത്. ഇതുപോലെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്ന, അങ്ങനെയൊരിക്കലും മറ്റുള്ളവരുടെ സ്‌പേസിലേക്ക് കേറിയിടപെടാത്ത അന്നാട്ടിലെ മനുഷ്യന്മാരെ കൂടി ആ വിരൽചൂണ്ടലിലേക്ക് കൊളുത്തിയിടരുതെന്നും നസീൽ ആവശ്യപ്പെടുന്നു.
