കമല ഹാരിസിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി നിർത്തിയതോടെ അമേരിക്കയിലെ ഇന്ത്യൻ, ആഫ്രിക്കൻ സമൂഹത്തിന്റെ പിന്തുണ നേടുമെന്ന് പ്രതീക്ഷയിലാണ് ഡെമോക്രാറ്റ്. കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനറ്റ് അംഗമാണ് കമല ഹാരിസ്.
ജമൈക്കൻ അമേരിക്കനായ പിതാവിനും ഇന്ത്യൻ വംശജയായ അമ്മയ്ക്കുമാണ് കമല ഹാരിസ് ജനിച്ചത്. സ്തനാർബുദ ഗവേഷകയായ അമ്മ ശ്യാമള ഗോപാലൻ ഹാരിസ് തമിഴ്‌നാട്ടിൽ നിന്ന് ഉന്നത പഠനത്തിനായാണ് അമേരിക്കയിലേക്ക് ചേക്കേറിയത്.
advertisement
യുഎസില്‍ എന്തുകൊണ്ടും ഇത്തവണ നിർണായകമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഹാരിസ് തന്റെ കറുത്ത, ഇന്ത്യൻ പൈതൃകത്തെക്കുറിച്ച് നിരവധി തവണ സംസാരിച്ചു കഴിഞ്ഞു. നടൻ മിണ്ടി കലിംഗിനൊപ്പം ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലും ഹാരിസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും ദക്ഷിണേന്ത്യൻ വിഭവമായ മസാല ദോശ പാചകം ചെയ്യാൻ ശ്രമിക്കുന്ന വീഡിയോയും വൈറലായിരുന്നു.
ഈ വർഷത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിലും ഹാരിസ് തന്റെ ദക്ഷിണേന്ത്യൻ ബന്ധത്തെ കുറിച്ച് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തോട് പ്രസംഗിച്ചിരുന്നു. ഇന്ത്യയിലെ തന്റെ ബാല്യകാലവും പുസ്തകങ്ങളും, ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രത്യേകതയും, അമ്മയുടെ ഗാനവും എല്ലാം ഹാരിസ് തന്റെ ഓർമ്മക്കുറിപ്പായ ദി ട്രൂത്ത്സ് വി ഹോൾഡിൽ പറയുന്നു. ഇന്ത്യയിലെ നടന്ന പാട്ടുമത്സരത്തിൽ അമ്മ ശ്യാമള ഗോപാലൻ സമ്മാനം നേടിയതും കമല ഹാരിസ് കുറിപ്പിൽ പറയുന്നു.