പതിനഞ്ചാമത് ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയാണ് ഇവർ ഒരു കോടി രൂപയ്ക്ക് ഉടമയായത്. മത്സരാർത്ഥി കോടിപതിയായിരിക്കുന്നു എന്ന് അവതാരകൻ പറയുന്നതും പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയിയെ പ്രഖ്യാപിച്ച ശേഷം എഴുന്നേറ്റു നിന്ന് കയ്യടിക്കുന്ന അമിതാഭ് ബച്ചനാണ് പ്രൊമോയിൽ ഉള്ളത്. ചോദ്യങ്ങൾ കടുകട്ടി ആയിരുന്നു എന്നും, എന്നാൽ നസിയ ഓരോ തവണയും അതിന് കൃത്യമായി ഉത്തരം നൽകുകയായിരുന്നു എന്ന് ബച്ചൻ പറയുന്നതും കേൾക്കാം.
ഒരു കോടിയുടെ ചോദ്യത്തിനുള്ള ഉത്തരം നൽകിയ ശേഷം ഏഴു കോടി രൂപ സമ്മാനമായി ലഭിക്കാൻ സാധ്യതയുള്ള പതിനാറാമത്തെ ചോദ്യത്തിലേക്ക് മത്സരാർത്ഥിയെ ക്ഷണിക്കുകയാണ് ബച്ചൻ. വളരെ സ്മാർട്ടായി വേണം കളിക്കാൻ എന്ന ഉപദേശം നൽകുന്നുമുണ്ട്.
advertisement
ഇതിന് മറുപടിയായി താൻ ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളി നിറഞ്ഞ കടമ്പകൾ കടന്നിട്ടുണ്ട് എന്നും ഒരിക്കൽ കൂടി അത് ചെയ്യുന്നതിൽ തനിക്ക് ബുദ്ധിമുട്ട് ഇല്ലെന്നും നസിയ പറഞ്ഞു.
നവംബർ 11 ബുധനാഴ്ച രാത്രി 9 മണിക്ക് സോണി ടിവിയിൽ പരിപാടി പ്രക്ഷേപണം ചെയ്യും. ഇതോടു കൂടി സെപ്റ്റംബർ 28 ന് ആരംഭിച്ച 'കോൻ ബനേഗാ ക്രോർപതി' പന്ത്രണ്ടാം സീസണിലെ ആദ്യ കോടിപതിയായി മാറുകയാണ് നസിയ.
കോവിഡ് പാണ്ടമിക് നിയന്ത്രണങ്ങൾ ഈ പരിപാടിയുടെ നടത്തിപ്പിനേയും ബാധിച്ചിരുന്നു. ഓഡിയൻസിന്റെ കൂട്ടത്തിൽ വളരെ കുറച്ചുപേരെ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പരിപാടിയുടെ ഹൈലൈറ്റും പ്രധാന ലൈഫ് ലൈനുകളിൽ ഒന്നുമായ 'ഓഡിയൻസ് പോൾ' കോൻ ബനേഗാ ക്രോർ പതിയുടെ ചരിത്രത്തിൽ ആദ്യമായി നിർത്തലാക്കുകയും ചെയ്തു. അവതാരകനായ അമിതാഭ് ബച്ചനും കുടുംബവും കോവിഡ് ബാധിതരായിരുന്നു.
മത്സരാർഥികളെ കണ്ടെത്താനുള്ള ഓഡിഷൻ ഇത്തവണ ഓൺലൈനായാണ് നടന്നത്. മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി ഒരു ചോദ്യം ചോദിച്ചതിന് ഇത്തവണ ഈ പരിപാടിയിൽ വിവാദം ഉണ്ടായിരുന്നു. അവതാരകനും പരിപാടികളുടെ നിർമ്മാതാക്കൾക്കും എതിരെ ലക്നോവിൽ ഒരു എഫ്ഐആർ ഫയൽ ചെയ്യപ്പെട്ടു.