ആഴ്ചകൾ നീണ്ട യാത്രയ്ക്ക് ശേഷം, രാജ്യത്തെ എട്ട് നഗരങ്ങൾ സന്ദർശിച്ചതിനെക്കുറിച്ച് അവർ തൻ്റെ സത്യസന്ധമായ അഭിപ്രായം പങ്കുവെച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീയെന്ന നിലയിൽ ഓരോ സ്ഥലത്തും തനിക്ക് എത്രത്തോളം സുരക്ഷിതത്വം അനുഭവപ്പെട്ടു എന്നതിനെക്കുറിച്ച് അവർ റേറ്റിംഗ് നൽകി. ഇന്ത്യയെ "തീവ്രവും, മനോഹരവും, നിരാശാജനകവും, ഹൃദയസ്പർശിയും എന്നിങ്ങനെ വ്യത്യസ്തമായ അനുഭവം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ ഡൽഹി, ഉദയ്പൂർ, ഗോവ, പുഷ്കർ, ആഗ്ര, മുംബൈ, കേരളം, ജയ്പൂർ എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ക്ക് റേറ്റിംഗ് നൽകി.
advertisement
യുവതിയുടെ റേറ്റിംഗ്
ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോ, ഡൽഹിയെ കുറിച്ചുള്ള അവരുടെ അവലോകനത്തോടെയാണ് ആരംഭിക്കുന്നത്. തലസ്ഥാനത്തിന് 10ൽ -1 റേറ്റിംഗ് നൽകിയ അവർ, ഈ നഗരത്തെ തുറിച്ചുനോട്ടവും കുഴപ്പങ്ങളും നിലയ്ക്കാത്ത ശബ്ദകോലാഹലവും നിറഞ്ഞ 'അസ്വസ്ഥത ഉണ്ടാക്കുന്നയിടം' എന്ന് വിശേഷിപ്പിച്ചു. തനിക്ക് തീർച്ചയായും അരക്ഷിതത്വം അനുഭവപ്പെട്ടുവെന്നും അവിടെ തനിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ സമ്മതിച്ചു.
ആഗ്രയിൽ സുരക്ഷയ്ക്ക് 3/10 റേറ്റിംഗ് നൽകി. താജ്മഹലിന്റെ ഭംഗി അവർ ശ്രദ്ധിച്ചു, പക്ഷേ വിശ്രമിക്കാൻ കഴിയാത്തവിധം "ഹോണടികളും തട്ടിപ്പുകളും" ഉണ്ടെന്നും ചൂണ്ടിക്കാട്ടി. "വിനോദസഞ്ചാരികളെ പതിവായി കാണുന്നവരാണെങ്കിലും പ്രദേശവാസികൾക്ക് എല്ലാവർക്കും എന്നിൽ നിന്ന് എന്തെങ്കിലും വേണമെന്ന് തോന്നി," അവർ കുറിച്ചു.
ജയ്പൂരിന് നൽകിയിരിക്കുന്ന റേറ്റിങ് 5/10 ആണ്. പിങ്ക് സിറ്റി ഡൽഹിയെയും ആഗ്രയെയും അപേക്ഷിച്ച് മെച്ചപ്പെട്ടതാണെന്ന് അവർ വിലയിരുത്തി. പക്ഷേ ഇപ്പോഴും വളരെ പരമ്പരാഗതമായിട്ടുള്ള നഗരമാണിത്. പകൽ സമയത്ത് തനിക്ക് നിരന്തരം തുറിച്ചുനോട്ടങ്ങൾ നേരിടേണ്ടി വന്നു, എന്നാൽ കോട്ടകൾ സന്ദർശിക്കുന്നത് സുരക്ഷിതമായി തോന്നി. പക്ഷേ, രാത്രിയിൽ തനിച്ച് പുറത്ത് പോകുന്നത് സാധ്യമല്ലെന്നും അവർ അഭിപ്രായപ്പെട്ടു.
എന്നാല്‍ രാജസ്ഥാനിലെ തന്നെ പുഷ്കർ വലിയ നഗരങ്ങൾക്ക് ശേഷം പുതിയ ഒരനുഭൂതി സമ്മാനിച്ചുവെന്നും യുവതി പറയുന്നു. അവിടെ ശാന്തമായ, ആത്മീയമായ ഒരന്തരീക്ഷം ലഭിച്ചു, പ്രദേശവാസികൾ പൊതുവെ ശാന്തസ്വഭാവമുള്ളവരായിരുന്നു. അവിടെയും തനിക്ക് തട്ടിപ്പ് നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട്, സഞ്ചാരികൾ രാത്രികാലത്ത് ജാഗ്രത പാലിക്കണമെന്നും വൈകുന്നേരത്തെ കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും എമ്മ മുന്നറിയിപ്പ് നൽകി.
സുരക്ഷിതത്വം തോന്നിയ സ്ഥലങ്ങൾ
ഉദയ്പൂരിൽ കുറച്ചുകൂടി കാര്യങ്ങൾ മെച്ചമായി തോന്നിയെന്ന് യുവതി പറയുന്നു. 10-ൽ 8 റേറ്റിംഗാണ് എമ്മ നൽകിയത്. ഈ നഗരത്തെ തികച്ചും വ്യത്യസ്തമായ ഒരനുഭവം എന്ന് വിളിച്ചു, ഇവിടത്തെ നാട്ടുകാർ മര്യാദയുള്ളവരും, തടാകങ്ങൾ അതിമനോഹരവുമാണ്, ഒപ്പം കുഴപ്പങ്ങൾ വളരെ കുറവുമാണ്. വടക്കേ ഇന്ത്യയിൽ പകൽ സമയത്ത് തനിച്ച് നടക്കാൻ തനിക്ക് ആശ്വാസം തോന്നിയ ആദ്യ സ്ഥലമാണ് ഉദയ്പൂർ എന്നും അവർ പറഞ്ഞു. എല്ലാ നഗരങ്ങളും ഉദയ്പൂർ പോലെയായിരുന്നെങ്കിൽ, ഇന്ത്യ ഒരു സ്വപ്നയാത്രയായി മാറുമായിരുന്നുവെന്നും എമ്മ പറഞ്ഞു.
മുംബൈക്ക് അവർ 6.5 റേറ്റിംഗാണ് നൽകിയത്. കാരണം മുംബൈ സുരക്ഷിതമാണെന്നും സ്ത്രീകൾ തനിച്ച് പുറത്ത് യാത്ര ചെയ്യാറുണ്ടെന്നും, ആളുകൾ അവരവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നുവെന്നും, ഊബർ എളുപ്പമാണെന്നും എമ്മ പറയുന്നു. എന്നാൽ ഇവിടത്തെ തിരക്ക് പ്രവചനാതീതമാണ്. മിക്ക നഗരങ്ങളെക്കാളും സുരക്ഷിതമാണ്. എന്നാൽ 100 ശതമാനം ശാന്തമല്ല- അവർ പറഞ്ഞു.
ഗോവയിൽ (8/10) സ്വാതന്ത്ര്യബോധവും ശാന്തമായ ബീച്ച് സംസ്കാരവും അവർ നന്നായി ആസ്വദിച്ചു. 'പകൽസമയത്തെ സമ്പൂർണ്ണ പറുദീസ' എന്ന് വിശേഷിപ്പിച്ച അവർ, രാത്രികാല യാത്രകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ബീച്ചുകളിലെ ഇരുണ്ടഭാഗങ്ങളിലൂടെ നടക്കുന്ന ഒഴിവാക്കണമെന്നും സഞ്ചാരികളോട് ആവശ്യപ്പെട്ടു.
അവസാനമായി സന്ദർശിച്ച സ്ഥലങ്ങളിൽ കേരളത്തിനാണ് അവർ കൂടുതൽ റേറ്റിങ് നൽകിയത്. വൃത്തിക്കും ശാന്തതയ്ക്കും മര്യാദയുള്ള ആളുകൾക്കും അവർ 9/10 റേറ്റിംഗ് നൽകി. ഈ സംസ്ഥാനം തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു സ്ഥലമായി അനുഭവപ്പെട്ടുവെന്നും പുതിയ സഞ്ചാരികൾ കേരളത്തിൽ നിന്ന് യാത്ര തുടങ്ങണമെന്ന് അവർ നിർദ്ദേശിക്കുകയും ചെയ്തു.
ഉപസംഹാരം
തൻ്റെ യാത്രയെക്കുറിച്ച് ഉപസംഹരിച്ചുകൊണ്ട് അവർ ഇങ്ങനെ കുറിച്ചു: "ഇന്ത്യ തീവ്രവും, മനോഹരവും, നിരാശാജനകവും, ഹൃദയസ്പർശിയുമായ ഒരനുഭവമാണ്. നിങ്ങൾക്ക് ഒരേ മണിക്കൂറിൽ ഏറ്റവും നല്ല ദിവസവും ഏറ്റവും മോശം ദിവസവും ഉണ്ടാവാം."
നിങ്ങൾ ശ്രദ്ധാലുവായിരിക്കുകയും പ്രാദേശിക സംസ്കാരത്തെ ബഹുമാനിക്കുകയും കുറച്ചൊരു നർമ്മബോധം ഉണ്ടായിരിക്കുകയും ചെയ്താൽ എല്ലാം നന്നായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
