കൊച്ചിയില്‍ യുവതി മുമ്പ് നടത്തിയ യാത്രയെക്കുറിച്ച് ഓര്‍മിപ്പിച്ചാണ് ഡ്രൈവര്‍ യുവതിയോട് സംഭാഷണം തുടങ്ങിയത്. എന്തിനാണ് തനിക്ക് മെസേജ് അയക്കുന്നതെന്ന് സ്മൃതി ഡ്രൈവറോട് അന്വേഷിച്ചു. അപ്പോള്‍ അന്ന് യാത്ര ചെയ്തപ്പോള്‍ യുവതി അടിച്ച പെര്‍ഫ്യൂം ഏതായിരുന്നുവെന്ന് അയാള്‍ തിരക്കി. തുടര്‍ന്ന് ഡ്രൈവറെ യുവതി വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്യുകയുമായിരുന്നു. ഊബര്‍ ഇന്ത്യയുടെ സ്വകാര്യ സംബന്ധിച്ച മാനദണ്ഡങ്ങളെ സ്മൃതി പോസ്റ്റില്‍ വിമര്‍ശിച്ചു.
''നിങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങള്‍ എത്രത്തോളം മോശമാണ്? ഒരു ഊബര്‍ ഡ്രൈവര്‍ എനിക്ക് വാട്ട്‌സ്ആപ്പില്‍ സന്ദേശം അയക്കുകയും ഭയപ്പെടുത്തുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ്?'', പോസ്റ്റില്‍ യുവതി ചോദിച്ചു. ഊബര്‍ ഇന്ത്യയെ ടാഗ് ചെയ്താണ് സ്മൃതി പോസ്റ്റ് പങ്കുവെച്ചത്.
advertisement
ഡ്രൈവര്‍ തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും അതിനാല്‍ അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും ന്യൂസ് 18നോട് ഊബര്‍ ഇന്ത്യ പ്രതികരിച്ചു.
''എല്ലാ ഊബര്‍ യാത്രകളിലും യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ഫോണ്‍ നമ്പറുകള്‍ മറച്ചുവെച്ചിരിക്കുകയാണ്. കൂടാതെ, ഊബര്‍ പ്ലാറ്റ്‌ഫോമിലൂടെ നമ്പര്‍ ലഭ്യമാകില്ല. ഇവിടെ പണം അടയ്ക്കാന്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പ് വഴിയാണ് ഡ്രൈവര്‍ക്ക് യാത്രക്കാരിയുടെ നമ്പര്‍ ലഭിച്ചത്. യാത്രയ്ക്ക് ശേഷം ഡ്രൈവര്‍മാര്‍ യാത്രക്കാരെ ബന്ധപ്പെടുന്നത് ഊബര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ ഡ്രൈവര്‍ ഞങ്ങളുടെ കമ്യൂണിറ്റി മാര്‍ഗനിര്‍ദേശം ലംഘിച്ചതിനാല്‍ ഡ്രൈവറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു,'' ഊബര്‍ വക്താവ് പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ പ്രതികരണം
ഫെബ്രുവരി 11ന് പങ്കുവച്ച പോസ്റ്റ് ഇതിനോടകം 14 ലക്ഷത്തിന് അടുത്ത് ആളുകളാണ് കണ്ടത്. ഊബര്‍ ഇന്ത്യയുടെ സ്വകാര്യതാ മാനദണ്ഡങ്ങളെയും യാത്രയ്ക്ക് ശേഷം ഡ്രൈവര്‍ക്ക് യുവതിയുടെ നമ്പര്‍ ലഭിച്ചതിനെയും നിരവധിപേര്‍ ചോദ്യം ചെയ്തു.
''ഇത് തീര്‍ത്തും അസ്വീകാര്യമായ കാര്യമാണ്. യാത്രക്കാരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ പ്രശ്‌നം ഊബര്‍ ഇന്ത്യ ഉടനടി പരിഹരിക്കുകയും കര്‍ശനമായ നയങ്ങള്‍ നടപ്പിലാക്കുകയും വേണം. ഇനിയൊരിക്കലും ഇത്തരം ലംഘനങ്ങള്‍ സംഭവിക്കുന്നില്ലെന്ന് കമ്പനി ഉറപ്പാക്കുകയും വേണം. സ്ത്രീകളുടെ സുരക്ഷ എന്നത് മൗലികാവകാശമാണ്,'' മറ്റൊരു ഉപയോക്താവ് വ്യക്തമാക്കി.
പോലീസില്‍ പരാതി നല്‍കാനാണ് മറ്റൊരാള്‍ യുവതിയോട് ആവശ്യപ്പെട്ടത്. അതേസമയം, ഇത്തരം സ്വഭാവമുള്ള ഒട്ടേറെപ്പേരെ ഊബര്‍ ഇന്ത്യ ജോലിക്ക് നിയമിച്ചിട്ടുണ്ടെന്നും അതിനാല്‍ അതില്‍ യാത്ര ചെയ്യുന്നത് നിറുത്തിയെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇത് വളരെ അസ്വസ്ഥതപ്പെടുന്ന കാര്യമാണെന്നും ഡ്രൈവര്‍മാര്‍ക്ക് നമ്മള്‍ പോകുന്ന സ്ഥലങ്ങള്‍ അറിയാമെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു.