പുതിയ മഹീന്ദ്ര ഥാർ പുറത്തിറക്കുന്നതിന് മുൻപായി നാരങ്ങയ്ക്കുമേൽ കയറ്റിയിറക്കാനുള്ള യുവതിയുടെ ശ്രമത്തിനിടെ വാഹനം ഷോറൂമിന്‍റെ ഒന്നാംനിലയിൽനിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു. 29കാരിയായ മാനി പവാറിനാണ് അപ്രതീക്ഷിതമായ അപകടമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മാനി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാർ ഏറ്റുവാങ്ങാനാണ് മഹീന്ദ്ര ഷോറൂമിൽ എത്തിയത്.
advertisement
വാഹനം പുറത്തിറക്കുന്നതിന് മുമ്പ് പൂജയും ചടങ്ങുകളും നടത്താൻ അവർ തീരുമാനിച്ചു. ഥാർ റോഡിലിറക്കുന്നതിന് മുൻപായി ചക്രത്തിനടിയിൽ നാരങ്ങ വെച്ച് വാഹനം സ്റ്റാർട്ട് ചെയ്തു. സാവധാനം വാഹനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടുകയായിരുന്നു. ഇതോടെ വാഹനം മുന്നോട്ടു കുതിച്ചു. ഷോറൂമിന്റെ ഒന്നാം നിലയിലെ ചില്ലുഭിത്തി തകർത്ത് വാഹനം താഴേക്ക് പതിക്കുകയും ചെയ്തു.
മാനി പവാറും ഷോറൂം ജീവനക്കാരനായ വികാസുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ചില്ലുഭിത്തി തകർത്ത കാർ പുറത്തേക്ക് തെറിക്കുകയും നടപ്പാതയിലേക്ക് പതിക്കുകയുമായിരുന്നു. വാഹനം റോഡിൽ തലകീഴായി മറിഞ്ഞ് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവമറിഞ്ഞ് ആളുകൾ തടിച്ചുകൂടുകയും ചെയ്തു. അപകടം നടന്നയുടൻ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. ഇരുവർക്കും കാര്യമായ പരിക്കുകളൊന്നും ഏറ്റില്ല. സമീപത്തെ മാലിക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. സംഭവത്തിൽ റേഡരികിലുണ്ടായിരുന്ന ഒരു ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.