അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുമാണ് ടെറിയർ വിഭാഗത്തിൽ പെടുന്ന മിഷ്ക എന്ന നായയെ കുടുംബത്തിന് നഷ്ടമായത്. നായയെ നഷ്ടപ്പെട്ട മെഹ്റാദും അദ്ദേഹത്തിന്റെ കുടുംബവും സമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും നായയെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധ്യമായിരുന്നില്ല. കഴിഞ്ഞ ഈസ്റ്ററിന് മുൻപുള്ള ദിവസമാണ് ഒരു തെരുവ് നയയെക്കുറിച്ച് ആരോ മിഷിഗൺ പോലീസിനെ വിവരം അറിയിക്കുന്നത്. ഉടൻ പോലീസ് എത്തി നായയെ പിടികൂടുകയും ഗ്രോസ്സ് പോയിന്റെ അനിമൽ അഡോപ്‌ഷൻ സൊസൈറ്റിക്ക് (ജിപിഎഎഎസ്) കൈമാറുകയും ചെയ്തു. പിന്നീടുള്ള വിദഗ്ധ പരിശോധനയിലാണ് മിഷ്കയുടെ കഴുത്തിലെ മൈക്രോചിപ്പിൽ നിന്നും ഉടമകളുടെ വിവരം അധികൃതർക്ക് ലഭിക്കുന്നത്. തുടർന്ന് ഇവർ കുടുംബവുമായി ബന്ധപ്പെട്ടു. ഇതോടെ 10 മണിക്കൂറോളമുള്ള യാത്രയിലൂടെ മെഹ്റാദ് മിഷിഗണിലെത്തി മിഷ്കയെ വീണ്ടും കുടുംബത്തിലേക്ക് സ്വീകരിച്ചു.
advertisement
Also read-ഇത്ര അധികമോ? ഒരു മുറി നിറയെ ചെരുപ്പുമായി നുഷ്രത്ത് ബറൂച്ച; വീഡിയോ വൈറൽ
സംഭവം ജിപിഎഎഎസ് തങ്ങളുടെ ഫേസ്‌ബുക് അക്കൗണ്ട് വഴി പങ്കുവച്ചു. ഒരു കുടുംബത്തിന് തങ്ങളുടെ പ്രിയപ്പെട്ട നായയെ നഷ്ടമായെന്നും എന്നാൽ ഒരു പ്രദേശവാസിയുടെ കൃത്യമായ ഇടപെടലിനെയും നായയുടെ കഴുത്തിലെ മൈക്രോ ചിപ്പ് വഴിയും നായയെ കുടുംബത്തിന് വീണ്ടെടുക്കാൻ സാധിച്ചുവെന്നും പോസ്റ്റിൽ പറയുന്നു. മുനിസിപ്പാലിറ്റിയും പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രവും മികച്ച ഐക്യത്തിലൂടെയാണ് ഇവിടെ പ്രവർത്തിക്കുന്നതെന്നും ജിപിഎഎഎസ് പോസ്റ്റിൽ പറഞ്ഞു. നായയെ ഒരുപക്ഷെ ആരെങ്കിലും മോഷ്ടിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തതാകാമെന്ന് മൃഗസംരക്ഷണ ഗ്രൂപ്പിന്റെ ഡയറക്ടർ കോറിൻ മാർട്ടിൻ പറഞ്ഞു. അതേസമയം ഞങ്ങൾ തെരുവിൽ ഉടനീളം പോസ്റ്റർ പതിച്ചിട്ടും നായയെ കണ്ടെത്താൻ സാധിച്ചില്ലെന്നും എങ്ങനെയായിരിക്കും അവൾ മിഷിഗൺ വരെ എത്തിയത് എന്നറിയാൻ ആഗ്രഹമുണ്ടെന്നും മെഹ്റാദിന്റെ ഭാര്യയായ എലിസബത്ത് പറഞ്ഞു. മൃഗ ഡോക്ടറുടെ വിശദ പരിശോധനകൾക്ക് ശേഷമാണ് മിഷ്ക വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇത്രയും കാലം ആരുടെ കൂടെയായിരുന്നുവെങ്കിലും അവർ നല്ല രീതിയിൽ മിഷ്കയെ നോക്കിയിരുന്നുവെന്ന് മൃഗ ഡോക്ടറായ നാൻസി പിൽസ്ബറി പറഞ്ഞു.
മിഷ്കയുടെ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പ്രതികരണങ്ങളുമായി പലരും എത്തിയിരുന്നു. “ ഇതൊരു അതിശയകരമായ സംഭവമാണെന്നും, വളർത്തു മൃഗങ്ങളിൽ മൈക്രോചിപ്പ് ഘടിപ്പിക്കേണ്ടത് ആവശ്യമാണെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. വീണ്ടും കുടുംബവുമായി ഒന്നിക്കാൻ മിഷ്കയ്ക്ക് സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ചിപ്പ് ഇല്ലായിരുന്നുവെങ്കിൽ മിഷ്ക തിരികെ വീട്ടിൽ എത്തില്ലായിരുന്നുവെന്നും, നിങ്ങളുടെ നായകളിൽ മൈക്രോചിപ്പ് ഘടിപ്പിക്കേണ്ടതിന്റെ ഉത്തമ ഉദാഹരണമാണിതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.