താജ് ഹോട്ടലിൽ വെച്ച് നിർമാതാക്കൾക്ക് കഥ പറയാൻ വിളിച്ചപ്പോൾ ഉണ്ടായ അനുഭവം മേജർ രവി ഓർത്തെടുത്തു. "കഥ പറഞ്ഞു, ബിജു മേനോന് അത് ഇഷ്ടപ്പെട്ടു. ബിജു അമേരിക്കയിൽ നിന്ന് ഒരു നിർമാതാവിനെ കൊണ്ടുവന്നു. അവർ എന്നെ താജ് ഹോട്ടലിലേക്ക് കഥ കേൾക്കാൻ വിളിച്ചു. ഞാനും ബിജുവും അവിടെ ചെന്നു. മൂന്നോ നാലോ പേർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു, കട്ടിലിൽ ചീട്ട് വെച്ചിട്ടുണ്ട്. ബിജു ചെന്ന് ഒരു പതിനായിരത്തിന്റെ കെട്ട് എടുത്ത് കളിക്കാൻ തുടങ്ങി. ഞാൻ മാറി ഇരുന്നു. എന്റെ കൈയിൽ 'കീർത്തിചക്ര'യുടെ തിരക്കഥയുണ്ടായിരുന്നു. ഞാൻ കഥ പറയാൻ തുടങ്ങി," മേജർ രവി പറഞ്ഞു.
advertisement
"ഞാൻ കഥ പറയുന്ന സമയത്ത് ഇവർ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏകദേശം അഞ്ചു മിനിറ്റ് കഥ പറഞ്ഞപ്പോൾത്തന്നെ ഞാൻ തിരക്കഥ മടക്കി അവിടെനിന്നിറങ്ങി. ഞാൻ ബിജുവിനോട് പറഞ്ഞു, 'ഇവർ സിനിമയൊന്നും ചെയ്യാൻ പോകുന്നില്ല, നിന്നെ ചീട്ട് കളിക്കാൻ വേണ്ടി കൂട്ടിയിരിക്കുകയാണ്.' അങ്ങനെ ഞാൻ ഇറങ്ങിപ്പോന്നു, തിരക്കഥ വീട്ടിൽ വെച്ചു," മേജർ രവി വ്യക്തമാക്കി.
രണ്ട് വർഷത്തിനു ശേഷം മോഹൻലാലിനോട് കഥ പറഞ്ഞാൽ എങ്ങനെയിരിക്കും എന്ന് ആലോചിച്ചു. അങ്ങനെയാണ് തിരക്കഥ പൊടിതട്ടിയെടുത്ത് ചെന്നൈയിൽ നിന്ന് കാഞ്ഞങ്ങാടെത്തി അദ്ദേഹത്തോട് കഥ പറഞ്ഞതെന്നും, അപ്പോൾത്തന്നെ ഡേറ്റ് ലഭിച്ചുവെന്നും മേജർ രവി കൂട്ടിച്ചേർത്തു.