താൻ തന്റെ മാതാപിതാക്കളോടും, സുഹൃത്തുക്കളോടും, അധ്യാപകരോടും ഈ വിഷയം സംസാരിച്ചിരുന്നുവെന്നും മറ്റൊരാൾ ഉത്തരങ്ങൾ കോപ്പി അടിച്ചത് ഒരിക്കലും തന്റെ തെറ്റല്ലെന്ന് അവർ പറഞ്ഞതായും പരാതിക്കാരനായ വിദ്യാർത്ഥി പറയുന്നു. കൂടാതെ കോപ്പിയടിക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി എല്ലാവരും അധികൃതർക്ക് സന്ദേശങ്ങൾ അയക്കണമെന്നും പോസ്റ്റിൽ വിദ്യാർത്ഥി ആവശ്യപ്പെടുന്നു. അതേസമയം ഉത്തരം കോപ്പി അടിച്ച വിദ്യാർത്ഥിയുടെ പേരോ മറ്റ് വിവരങ്ങളോ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പലരും പോസ്റ്റിന്റെ യാഥാർഥ്യത്തെ ചോദ്യം ചെയ്യുന്നുണ്ട്.
ഒരേ ചോദ്യങ്ങൾ ആണെങ്കിലും പല സെറ്റ് ചോദ്യ പേപ്പറുകളാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ ഹാളിൽ നൽകുന്നതെന്നും അടുത്തടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരേ സെറ്റ് ലഭിക്കില്ലെന്നും ഒരാൾ പ്രതികരിച്ചു. ഇനി 75 ചോദ്യങ്ങളിൽ നിന്ന് 50 ഓ 55 ഓ ചോദ്യങ്ങൾ ഓർത്ത് വയ്ക്കുന്നതും അസാധ്യമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതുകൊണ്ട് തന്നെ മറ്റൊരാളുടെ ക്യാബിനിലേക്ക് നോക്കി ഉത്തരം എഴുതുക അസാധ്യമാണെന്ന് മറ്റൊരാൾ പ്രതികരിച്ചു. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായുള്ള ഒരു പോസ്റ്റായിരിക്കാമെന്നും ഇത് വിശ്വസിക്കരുതെന്നുമായിരുന്നു മറ്റൊരു പ്രതികരണം.
ദേശീയ തല എഞ്ചിനീയറിങ് കോളേജുകളിൽ പ്രവേശനം നേടുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) മേൽ നോട്ടത്തിൽ നടത്തുന്ന ജെഇഇ പരീക്ഷയിൽ ഒരേ ചോദ്യങ്ങൾ നൽകാറുണ്ടെങ്കിലും ചോദ്യ നമ്പർ വ്യത്യസ്തമായിരിക്കും കൂടാതെ പരീക്ഷയിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനായി 2019 മുതൽ പരീക്ഷ ഓൺലൈനാക്കിയിരുന്നു.