5000 രൂപയ്ക്ക് പെറ്റ് ടിക്കറ്റ് എടുത്തപ്പോള്‍ ലഭിച്ച വാഗ്ദാനങ്ങളും തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും വിവരിച്ച യുവാവ് കുറിപ്പില്‍ തന്റെ കടുത്ത നിരാശ പങ്കിട്ടു. രാത്രി 10.20-നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഏറെ വൈകി പുലര്‍ച്ചെ 1.40-നാണ് വിമാനം യാത്ര ആരംഭിച്ചത്. തുടര്‍ന്ന് ലക്ഷയ്ക്കും ഭാര്യയ്ക്കും ആറുമണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നു. വളര്‍ത്തു മൃഗങ്ങളെ ഗ്രൗണ്ട് സ്റ്റാഫും സിഐഎസ്എഫും ഫലപ്രദമായി കൈകാര്യം ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. വളര്‍ത്തു മൃഗങ്ങളെ യാത്രയില്‍ കൂടെക്കൂട്ടുമ്പോള്‍ വിമാനക്കമ്പനി നല്‍കുന്ന വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ടിക്കറ്റ് എടുത്തപ്പോള്‍ നല്‍കിയതെന്നും യുവാവ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
advertisement
''വിമാനം പുറപ്പെടാന്‍ ഏറെ വൈകിയിട്ടും വളര്‍ത്തുമൃഗങ്ങളെ കണ്ടെയ്‌നറില്‍ നിന്ന് പുറത്തേക്ക് വിടാന്‍ വിമാനത്താവള ജീവനക്കാര്‍ വിസമ്മതിച്ചു. നായക്ക് മൂത്രമൊഴിക്കാനും മറ്റും ആവശ്യമായ നടപടികളൊന്നും സ്വീകരിക്കുകയും ചെയ്തില്ല'', ലക്ഷയ് പറഞ്ഞു. ''വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോള്‍ നായയെ തറയില്‍ കിടത്തരുതെന്ന് മൂന്ന് തവണ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഞങ്ങളോട് വന്ന് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ എല്ലാ ടോയ്‌ലറ്റുകളിലും വലിയ ശബ്ദമുണ്ടാക്കുന്ന ബ്ലോവറുകള്‍ ഉണ്ട്. ഇത് മൂലം നായക്ക് മൂത്രമൊഴിക്കാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിന് പുറത്തേക്ക് പോകാനും തിരികെ വരാനും ഗ്രൗണ്ട് സ്റ്റാഫും സിഐഎസ്എഫും സഹായിച്ചില്ല. അതേസമയം, വിമാനത്തിനുള്ളില്‍ നായക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യമുണ്ടെന്നാണ് ഗ്രൗണ്ട് സ്റ്റാഫ് എന്നോട് പറഞ്ഞത്'' അദ്ദേഹം പറഞ്ഞു.
വിമാനത്തിനുള്ളിലും സ്ഥിതി മറിച്ചായിരുന്നില്ലെന്ന് ലക്ഷയ് സാക്ഷ്യപ്പെടുത്തി. മതിയായ പരിശീലനം ലഭിക്കാത്തതും പ്രൊഫഷണലല്ലാത്തതുമായ ജീവനക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് അദ്ദേഹം വിവരിച്ചു. നായയുടെ ആവശ്യങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് യാത്രക്കാര്‍ക്കും അവരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കും ഒരുപോലെ സമ്മര്‍ദം നിറഞ്ഞ അന്തരീക്ഷമാണ് അവര്‍ സൃഷ്ടിച്ചതെന്നും ലക്ഷയ് കൂട്ടിച്ചേര്‍ത്തു.
''വളര്‍ത്തുമൃഗങ്ങള്‍ക്കായി വിമാനത്തിനുള്ളില്‍ പ്രത്യേക സീറ്റുകള്‍ ഉണ്ടായിരുന്നില്ല, എന്തിന് വിമാനത്തിന്റെ ഏറ്റവും പിന്നില്‍ പോലും സീറ്റ് അനുവദിച്ചിരുന്നില്ല. എസി പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ ബോര്‍ഡിങ് സമയത്ത് 40 മിനിറ്റോളം നേരം നായ കടുത്ത ചൂട് അനുഭവിക്കേണ്ടി വന്നു. ഈ സമയം ഞങ്ങളും വിയര്‍ത്തുകുളിച്ചു. 45 മിനിറ്റ് സമയം എന്റെ നായ കുരച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍, അതിനെ സമാധാനിപ്പിക്കുന്നതിനായി കണ്ടെയ്‌നര്‍ അടക്കം ഞാന്‍ എന്റെ മടിയില്‍ എടുത്തുവെച്ചു. ശ്വാസം വിടാന്‍ കഴിയാത്തതിനാല്‍ നായയുടെ തല ഞാന്‍ പുറത്തേക്ക് ഇട്ടു. എന്നാല്‍, ഇതൊന്നും 'ശരിക്കും അനുവദനീയമല്ല'. യാത്രാ സമയം മുഴുവന്‍ വളര്‍ത്തുമൃഗങ്ങളെ നമ്മുടെ സീറ്റിനുതാഴെ കാലിന്റെ ചുവട്ടില്‍ വയ്ക്കണം. അവിടെ എന്തുമാത്രം സ്ഥലമുണ്ടെന്ന് നമുക്കെല്ലാം അറിയാമല്ലോ,''ലക്ഷ്യ പറഞ്ഞു.
അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഇന്ത്യയെയും പെറ്റയെയും (PETA) ലക്ഷയ് ടാഗ് ചെയ്തതോടെ അദ്ദേഹത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. അതേസമയം, ലക്ഷ്യ യുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ആകാശ എയര്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പ്രതികരിച്ചു. വൈകാതെ തങ്ങളുടെ ടീം നിങ്ങളെ സമീപിക്കുമെന്നും നേരിട്ട ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആകാശ എയർ അധികൃതർ ലക്ഷയ് യെ അറിയിച്ചു.