ഭാര്യ റെബേക്ക മോസ് ആണ് ഗിബ്‌സണെ അബോധാവസ്ഥയില്‍ കണ്ടത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഇവര്‍ ഉടന്‍ തന്നെ സിപിആര്‍ കൊടുത്തുവെങ്കിലും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അന്നേ ദിവസം തന്നെയാണ് റെബേക്കയുടെ സിസേറിയന്‍ നടത്താനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഗിബ്‌സണ്‍ മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം റെബേക്ക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
ശരിയായ മെഡിക്കല്‍ ശുശ്രൂഷ നല്‍കാത്തതും 11 ദിവസങ്ങള്‍ക്ക് മുമ്പ് എടുത്ത സ്‌കാനിംഗ് റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാത്തതുമാണ് ഗിബ്‌സണെ മരണത്തിലേക്ക് നയിച്ചതെന്ന് മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ പറഞ്ഞു. നേരത്തെ ആശുപത്രിയിലെത്തിച്ച് പേസ്‌മേക്കര്‍ ഘടിപ്പിച്ചിരുന്നുവെങ്കില്‍ ഗിബ്‌സണിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
advertisement
സംഭവം നടന്ന ദിവസം രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ റെബേക്ക ആദ്യം കണ്ടത് ഗിബ്‌സണ്‍ സോഫയില്‍ കിടക്കുന്നതാണ്. എന്നാല്‍ അസ്വാഭാവികമായ രീതിയിലുള്ള ആ കിടത്തം കണ്ട് റെബേക്ക ഗിബ്‌സണെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഗിബ്‌സണ്‍ ഉണരായതായതോടെ റെബേക്ക ആംബുലന്‍സിനെ വിളിച്ചു. ശേഷം ഗിബ്‌സണ് സിപിആര്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചില്ല.
'' ടോം പ്രതികരിച്ചിരുന്നില്ല. അസ്വാഭാവികമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ കിടപ്പ്. അദ്ദേഹത്തിന്റെ ശരീരമാകെ തണുത്ത് മരവിച്ചിരുന്നു. ഞാന്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചു. അപ്പോള്‍ അവരാണ് ടോമിനെ തറയില്‍ കിടത്തി സിപിആര്‍ കൊടുക്കാന്‍ എന്നോട് പറഞ്ഞത്. അവര്‍ വരുന്നത് വരെ അത് തുടരണമെന്ന് എന്നോട് പറഞ്ഞു,''റെബേക്ക പറഞ്ഞു.
ടിംബര്‍ യാര്‍ഡില്‍ ജോലി ചെയ്തിരുന്നയാളാണ് ഗിബ്‌സണ്‍. പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു ഇദ്ദേഹം. കുറച്ച് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് വയറിളക്കവും മറ്റ് അസ്വസ്ഥതയും ഉണ്ടായത്. അന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ വിട്ടയച്ചു. ഒരാഴ്ചയ്ക്ക് ശേഷവും അസ്വസ്ഥതകള്‍ തുടരുകയാണെങ്കില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകണമെന്ന് ഇദ്ദേഹത്തോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നിറങ്ങി പതിനൊന്നാം ദിവസം ഗിബ്‌സണ്‍ മരണത്തിന് കീഴടങ്ങി.