ഗോട്ടിമലയിലെ പക്കായ എന്ന സജീവ അഗ്നിപർവ്വതമാണ് ഡേവിഡ് ഗ്രേസിയ തൻ്റെ അടുക്കളയായി മാറ്റിയത്. ലാവ വന്ന് കൊണ്ടിരിക്കുന്ന മേഖലയിൽ നിന്ന് ഒന്നാന്തരം പിസയാണ് ഇദ്ദേഹം നിർമ്മിച്ചത്. പക്കായ പിസ എന്ന പേരും ഡേവിഡ് ഇതിന് നൽകിയിട്ടുണ്ട്. മിലിട്ടറി ബൂട്ട് ഉൾപ്പടെയുള്ള സുരക്ഷാ കവചങ്ങൾ ധരിച്ച് അഗ്നിപർവ്വതത്തിൽ നിന്ന് പിസ ഉണ്ടാക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. താപനില 1800 ഫാരൻഹീറ്റ് വരെയായി നിലനിർത്തുന്ന പ്രത്യേക തരം മെറ്റൽ ഷീറ്റ് ഇദ്ദേഹം ഉപയോഗിച്ചിരുന്നതായാണ് വിവരം.
advertisement
പിസ തയ്യാറാക്കി അഗ്നിപർവ്വതത്തിലെ 800 ഡിഗ്രി താപനിലയിലുള്ള കുഴിയിൽ ഇട്ടാണ് പാകം ചെയ്തതെന്നും 14 മിനിട്ടിനുള്ളിൽ ഇത് പൂർത്തിയായെന്നും വാർത്താ ഏജൻസിയായ എഎഫ്പിയോട് ഡേവിഡ് വിശദീകരിച്ചു. അഗ്നിപർവ്വതത്തിൽ നിന്നും ഉണ്ടാക്കിയ പിസ ഏറെ രുചികരമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഗ്നി പർവ്വതത്തിൽ വച്ചുള്ള ഡേവിഡിൻ്റെ പിസ തയ്യാറാക്കൽ കാണാൻ ധാരാളം സഞ്ചാരികളും മറ്റും അവിടെ തടിച്ച് കൂടിയിരുന്നു. അഗ്നിപർവ്വതം കാണാൽ എത്തുന്ന സഞ്ചാരികൾ ഡേവിഡിൻ്റെ അടുക്കളയിലും സന്ദർശനം നടത്തി. ഇദ്ദേഹം പിസ പാകം ചെയ്യുന്ന ട്വിറ്റർ വീഡിയോ ചുവടെ കാണാം.
2013 ലാണ് മലനിരകളിൽ ഡേവിഡ് ആദ്യമായി പിസ നിർമ്മിച്ചത്. പാറക്കൂട്ടങ്ങൾക്ക് ഇടയിലുള്ള ചെറിയ ഗുഹകളിൽ ഇട്ടാണ് പിസ പാചകം ചെയ്തെടുത്തിരുന്നത്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഇവ. ആദ്യമൊന്നും ഇത്തരം പിസകൾ ഒട്ടും വിറ്റു പോയിരുന്നില്ല എന്ന് ഡേവിഡ് പറയുന്നു. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിലൂടെ ധാരാളം പേർക്ക് പരിചിതമാണ് ഡേവിഡിൻ്റെ പിസ.
“അഗ്നിപർവ്വതത്തിന്റെ ചൂടിൽ വേവിച്ചെടുത്ത പിസ കഴിക്കുക എന്നത് അത്ഭുതകരമാണ്. ലോകത്തെ തന്നെ ഏറ്റവും അപൂർവ്വമായ ഒന്നായിരിക്കും ഇത്,” ഡേവിഡിൻ്റെ സവിശേഷമായ പിസ കഴിച്ച ശേഷം വിനോദ സഞ്ചാരിയായ ഫെലിപ്പ് അൽഡാന പറഞ്ഞു.
ഗോട്ടിമാലയിൽ മാത്രം കാണാൻ കഴിയുന്ന സവിശേഷമായ കാഴ്ച്ചയാണിതെന്ന് ഡച്ചിൽ നിന്നുള്ള സന്ദർശകനായ കെൽറ്റ് വാൻ മെറൂസ് അഭിപ്രായപ്പെട്ടു.
ഫെബ്രുവരി മുതലാണ് ഗോട്ടിമലയിലെ പക്കായ അഗ്നിപർവ്വതം തീ തുപ്പി തുടങ്ങിയത്. സമീപവാസികളും പ്രാദേശിക ഭരണകൂടവും ഇപ്പോഴും ജാഗ്രതയിലാണ്. 23,000 വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി പക്കായ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. ഗോട്ടിമലയിലെ സ്പാനിഷ് അധിനിവേശത്തിന് ശേഷം 23 തവണ പക്കായ പൊട്ടിത്തെറിച്ചിട്ടുണ്ട്. 2,552 മീറ്ററാണ് ഇതിൻ്റെ ഉയരം. ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം.
Keywords: Pizza, Pacaya, Volcano, Guatemala, പക്കായ, പിസ, ഗോട്ടിമാല, അഗ്നിപർവ്വതം