സിഗ്മ 24-70 f 2.8 ലെൻസ് ആയിരുന്നു അരുൺ കുമാർ ആമസോണിൽ ഓർഡർ ചെയ്തത്. പണം മുഴുവനായി അടച്ച് ഓർഡറിനായി കാത്തിരുന്ന തനിക്ക് ലഭിച്ചത് ഒരു പാക്കറ്റ് വിത്തുകളാണെന്നാണ് ചിത്രങ്ങളടക്കം പങ്കുവെച്ച് അരുൺ കുമാർ ട്വിറ്ററിൽ പറഞ്ഞു.
ലെൻസിന്റെ ബോക്സിൽ തന്നെയാണ് വിത്തുകളും വന്നത്. പാക്കറ്റ് പൊട്ടിച്ച നിലയിലായിരുന്നുവെന്നും ട്വീറ്റിൽ പറയുന്നു. 90,000 രൂപയുടെ ലെൻസാണ് താൻ ആമസോണിൽ ഓർഡർ ചെയ്തത്. പക്ഷേ ലെൻസിനു പകരം ക്വിനോവ വിത്ത് പാക്ക് ചെയ്ത ലെൻസ് ബോക്സ് ആണ്. ആമസോണിന്റെ വലിയ തട്ടിപ്പാണെന്നും ലെൻസ് ബോക്സ് തുറന്ന നിലയിലാണ് തനിക്ക് ലഭിച്ചതെന്നും അരുൺ കുമാർ വ്യക്തമാക്കി.
ആമസോണിനെ മെൻഷൻ ചെയ്തുള്ള ട്വീറ്റിൽ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണെന്നും ഒന്നുകിൽ തന്റെ പണം തിരിച്ചു നൽകുകയോ അല്ലെങ്കിൽ ഓർഡർ ചെയ്ത ലെൻസ് എത്തിച്ചു തരികയോ വേണമെന്ന് അരുൺ കുമാർ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ആമസോണിനെ സമീപിച്ചപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ലഭിച്ച മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും അരുൺ കുമാറിന്റെ ട്വീറ്റിന് ഉടൻ പ്രതികരണവുമായി ആമസോണും എത്തി. ആശങ്ക മനസ്സിലാക്കുന്നുവെന്നും പ്രശ്നം പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നുമാണ് ആമസോണിന്റെ ഉറപ്പ്.