ജിമ്മിലെ മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് കിഴക്കന്‍ ചൈനയില്‍ നിന്നും വരുന്നത്. ജിമ്മില്‍ അംഗത്വം നേടുന്നതിനും പരിശീലനങ്ങള്‍ക്കുമായി 300 വര്‍ഷത്തേക്ക് ഒരു കോടി രൂപയാണ് ഒരു യുവാവ് ചെലവഴിച്ചത്. എന്നാല്‍ ജിം ഉടമ ആ പണവുമായി മുങ്ങി. ഇതോടെ പണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി എത്തിയിരിക്കുകയാണ് യുവാവ്.
ജിന്‍ എന്ന യുവാവിനാണ് ജിമ്മില്‍ നിന്നും പണം നഷ്ടമായത്. ഹാങ്ഷൗവിലെ ബിന്‍ജിയാങ് ജില്ലയിലെ റാന്‍യാന്‍ ജിമ്മില്‍ ഇയാള്‍ മൂന്ന് വര്‍ഷമായി സ്ഥിരമായി പോയിരുന്നുവെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മേയില്‍ ജിമ്മിലെ ഒരു സെയില്‍സ് എക്‌സിക്യൂട്ടീവ് അദ്ദേഹത്തിന് ഒരു പ്രൊമോഷണല്‍ ഡീല്‍ വാഗ്ദാനം ചെയ്തു. 8,888 യുവാന്‍ (ഏകദേശം ഒരു ലക്ഷം രൂപ) നല്‍കി ഒരു വര്‍ഷത്തേക്ക് ജിമ്മില്‍ അംഗത്വമെടുക്കുക. എന്നിട്ട് പുതിയ ഉപഭോക്താക്കള്‍ക്ക് ഇരട്ടി വിലയ്ക്ക് അംഗത്വം മറിച്ച് വില്‍ക്കുക. ഇതായിരുന്നു ആ ഡീല്‍. രണ്ട് മാസത്തിനുള്ളില്‍ അംഗത്വ കാര്‍ഡുകള്‍ വിറ്റില്ലെങ്കില്‍ ചെലവായതിന്റെ 90 ശതമാനവും മുഴുവന്‍ റീഫണ്ടും തിരിച്ചുലഭിക്കുമെന്ന ഉറപ്പും ജിന്നിന് ലഭിച്ചു.
advertisement
ജിന്‍ ഈ ഡീല്‍ ഏറ്റെടുത്തു. ജിന്‍ ആദ്യം രണ്ട് മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ വാങ്ങി. താമസിയാതെ കൂടുതല്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. മേയ് 10-നും ജൂലായ് 9-നും ഇടയില്‍ അദ്ദേഹം 26 കരാറുകളില്‍ ഒപ്പുവെച്ചു. ജിമ്മില്‍ നിന്നും 300 വര്‍ഷത്തേക്ക് സാധുതയുള്ള അംഗത്വങ്ങളും 1200 പരിശീലന സെഷന്‍സും ജിന്‍ വാങ്ങി. ഏകദേശം ഒരു കോടി രൂപ ഇതിനായി ചെലവഴിച്ചു.
ജൂലായ് 15-ന് മുതല്‍മുടക്കിന്റെ ഒരു ഭാഗം തിരിച്ചുകിട്ടേണ്ടിയിരുന്നതാണ്. എന്നാല്‍ അത് ജിന്നിന് ലഭിച്ചില്ല. കണക്കുകള്‍ അവലോകനം ചെയ്യുകയാണെന്ന് ജിമ്മിലെ ജീവനക്കാര്‍ അവകാശപ്പെട്ടു. ജൂലായ് അവസാനത്തോടെ ജിമ്മിന്റെ മാനേജ്‌മെന്റും സെയില്‍സ് ടീമും അപ്രത്യക്ഷരായി.
ജിം തുറന്നിരിപ്പുണ്ട്. പക്ഷേ, റിസപ്ഷനിസ്റ്റും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും മാത്രമേ അവിടെയുള്ളൂവെന്ന് സെജിയാങ് ടിവി റിപ്പോര്‍ട്ട് ചെയ്തു. താനുമായി ഒപ്പുവെച്ച കരാറുകളിലൊന്നും വാഗ്ദാനം ചെയ്ത റിട്ടേണുകളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും എല്ലാത്തിലും അംഗത്വ കൈമാറ്റം തടയുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതായും ജിന്‍ പിന്നീട് മനസ്സിലാക്കി.
ജിം ഉടമയും ടീമും തന്നെ കബളിപ്പിച്ചതാണെന്നും അവരുടെ വാഗ്ദാനങ്ങളില്‍ താന്‍ വീണുപോയതാണെന്നും ജിന്‍ പ്രാദേശിക മാധ്യമങ്ങളോട് സമ്മതിച്ചു. 300 വര്‍ഷത്തെ അംഗത്വ പദ്ധതിയായിട്ടല്ല ആരോഗ്യത്തോടുള്ള പ്രതിബദ്ധതയായിട്ടാണ് അദ്ദേഹം ഈ നിക്ഷേപത്തെ വിശേഷിപ്പിച്ചത്.
അതേസമയം തന്റെ നഷ്ടം തിരിച്ചുപിടിക്കാനും മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ജിന്‍ കോടതികളെയും മാധ്യമങ്ങളെയും സമീപിച്ചു. ചൈനയുടെ ഫിറ്റ്‌നസ് വ്യവസായത്തിലെ മത്സരാധിഷ്ഠിത വില്‍പ്പന തന്ത്രങ്ങളെയും ഉപഭോക്തൃ സംരക്ഷണത്തിന്റെ അഭാവത്തെയും കുറിച്ചുള്ള പൊതുചര്‍ച്ചയ്ക്ക് ഈ കേസ് തുടക്കമിട്ടു.