2.4 കോടി മൈല്‍ (24 ദശലക്ഷം) ദൂരം വിമാനത്തില്‍ സഞ്ചരിക്കാന്‍ ആജീവനാന്ത ട്രാവല്‍ പാസ് ഉപയോഗിച്ച ടോം സ്റ്റുക്കറെ പരിചയപ്പെടാം. ചന്ദ്രനിലേക്ക് 50 തവണ പറക്കുന്നതിനു തുല്യമാണിത്. ഈ അസാധാരണ നേട്ടം അദ്ദേഹത്തെ യുണൈറ്റഡ് എയര്‍ലൈന്‍സിലെ ഇതിഹാസമാക്കി മാറ്റി. ടോം സ്റ്റുക്കറിന് ഒരു വിഐപി പരിഗണനയാണ് എയര്‍ലൈന്‍സ് ഇപ്പോള്‍ നല്‍കുന്നത്.
71-കാരനായ ടോം സ്റ്റുക്കര്‍ യുഎസിലെ ന്യൂജേഴ്‌സിയിലെ നട്ട്‌ലിയില്‍ നിന്നുള്ളയാളാണ്. ഒരു കാര്‍ ഡീലര്‍ഷിപ്പ് കണ്‍സള്‍ട്ടന്റും സെയില്‍സ് പരിശീലകനുമായ ടോമിന് തുടക്കത്തിന്‍ വിമാനയാത്ര നല്ല ഭയമായിരുന്നു. വിമാനയാത്രയ്ക്കു മുമ്പ് പേടിമാറ്റാന്‍ അദ്ദേഹം പ്രാര്‍ത്ഥനയില്‍ മുഴുകുകയും മദ്യം കഴിക്കുകയും ചെയ്യും.
advertisement
ഒരിക്കല്‍ ലോസ് ഏഞ്ചല്‍സില്‍ നിന്ന് സാന്‍ഡീഗോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ അദ്ദേഹം ഉത്കണ്ഠ കാരണം ധാരാളം മദ്യപിച്ചു. വിമാനം ലാന്‍ഡ് ചെയ്തിട്ടും 20 മിനുറ്റോളം ടോം സീറ്റില്‍ തന്നെ കിടന്നു. ഇത് സഹയാത്രികരെ രസിപ്പിച്ചു. എന്നാല്‍ ജോലിയുടെ ഭാഗമായി അദ്ദേഹത്തിന് വിമാനത്തില്‍ തുടരെ തുടരെ യാത്ര ചെയ്യേണ്ടി വന്നു. ക്രമേണ പറക്കലിനോടുള്ള ഭയവും ഇല്ലാതായി.
എല്ലാം മാറ്റിമറിച്ചത് ആ ഓഫര്‍
1990-ല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് ശ്രദ്ധേയമായ ഒരു ഓഫര്‍ അവതരിപ്പിച്ചു. ആജീവാനന്തകാലം പരിധിയില്ലാതെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഫസ്റ്റ് ക്ലാസ് യാത്രാ പാസ് ആയിരുന്നു അത്. 2,90,000 ഡോളറായിരുന്നു (ഏകദേശം 2.38 കോടി രൂപ) പാസിന്റെ വില. ലോകത്തിന്റെ ഏത് ഭാഗത്തേക്കും പരിധിയില്ലാതെ ഫസ്റ്റ് ക്ലാസില്‍ വിമാന യാത്ര നടത്താന്‍ ഇതുവഴി സാധിക്കും.
പലരും ഓഫര്‍ സ്വീകരിക്കാന്‍ മടിച്ചെങ്കിലും ടോം സ്റ്റുക്കര്‍ അത് അവഗണിച്ചില്ല. ആ ഒരൊറ്റ തീരുമാനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിയെ പൂര്‍ണ്ണമായും മാറ്റിമറിച്ചു.
ആകാശത്തിലെ റെക്കോര്‍ഡുകള്‍ ഭേദിച്ചു
ടോം വേഗത്തില്‍ വിമാന യാത്രകള്‍ നടത്താന്‍ തുടങ്ങി. 2009 ആയപ്പോഴേക്കും യുണൈറ്റഡ് എയര്‍ലൈന്‍സിനൊപ്പം പത്ത് ദശലക്ഷം മൈല്‍ പറക്കുന്ന ആദ്യ യാത്രക്കാരനായി അദ്ദേഹം മാറി. എയര്‍ലൈന്‍സ് ഇത് ആഘോഷിച്ചു. 2018 ആയപ്പോഴേക്കും ടോം 20 ദശലക്ഷം മൈല്‍ പറന്നു. 2024 ഓടെ 24 ദശലക്ഷം മൈല്‍ പിന്നിട്ടു.
ഇതുവരെ അദ്ദേഹം 12,000ത്തിലധികം തവണ വിമാനയാത്ര നടത്തി. 100-ല്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 300-ല്‍ അധികം തവണ ഓസ്‌ട്രോലിയയിലേക്ക് മാത്രം പറന്നു. നിരവധി വര്‍ഷങ്ങളായി പ്രതിവര്‍ഷം അദ്ദേഹം ശരാശരി ഒരു ദശലക്ഷം മൈല്‍ വിമാന യാത്ര നടത്തുന്നുണ്ട്. ഇത് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പ്രിയപ്പെട്ട യാത്രക്കാരനാക്കി അദ്ദേഹത്തെ മാറ്റി.
ഒരു പതിവ് യാത്രികന്‍ എന്നതിലുപരി ടോം എയര്‍ലൈന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറായി. യുണൈറ്റഡ് എയര്‍ലൈന്‍സ് രണ്ട് വിമാനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കി ആദരിച്ചു. ഇത് ഒരു വ്യക്തിക്ക് ലഭിക്കുന്ന വളരെ അസാധാരണമായ ആദരവാണ്. 1ബി ഫസ്റ്റ് ക്ലാസ് ഫ്രണ്ട് റോ ഐസോള്‍ സീറ്റാണ് അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ സീറ്റ്. ഇതിനെ തന്റെ 'രണ്ടാമത്തെ വീട്' എന്നാണ് അദ്ദേഹം വിളിക്കുന്നത്.
ക്യാബിനുകള്‍ അലങ്കരിച്ചും കേക്ക് മുറിച്ചും ക്രൂ ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചും എയര്‍ലൈന്‍സ് ടോമിന്റെ നോട്ടം ആഘോഷിച്ചു. ലാന്‍ഡിംഗ് ചെയ്യുമ്പോള്‍ അദ്ദേഹത്തിനായി വിഐപി സ്വീകരണവും ലോഞ്ചില്‍ ഒരുക്കി.
യാത്രാവേളയിലെ പ്രണയം
യാത്രയ്ക്കിടെയാണ് ടോം തന്റെ പങ്കാളിയെ കണ്ടുമുട്ടിയത്. അഞ്ച് ദശലക്ഷം മൈല്‍ ദൂരം പറന്നതിനുശേഷം ടോം ഹ്വാവെയില്‍ വച്ച് തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടി. വിവാഹത്തിനുശേഷം ദമ്പതികള്‍ ഒരുമിച്ച് 120 ലധികം തവണ യാത്ര ചെയ്തു.
ടോം സ്റ്റുക്കറുടെ അവിശ്വസനീയമായ കഥ 2009-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ 'അപ്പ് ഇന്‍ ദി എയറി'ന് പ്രചോദനമായി. ജോര്‍ജ്ജ് ക്ലൂണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പലരും യാത്രാ ജീവിതം സ്വപ്നം കാണുമ്പോള്‍ ടോം സ്റ്റുക്കര്‍ അത് ജീവിച്ചു. വഴിയില്‍ ചരിത്രം സൃഷ്ടിച്ചു.