അടുത്തിടെ, ‘ഫൈൻ ആപ്പിൾ’ എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ച ഒരു ചിത്രമാണിപ്പോൾ ഇൻ്റെനെറ്റിൽ പ്ലേ സ്റ്റേഷൻ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. പ്ലേ സ്റ്റേഷൻ ഗെയിമിംഗ് കൺസോളിൻ്റെ പി എസ് ഫോർ പതിപ്പിൽ ഫൈൻ ആപ്പിൾ എന്ന ട്വിറ്റർ ഉപയോക്താവിന്റെ സഹോദരനും അച്ഛനും കളിക്കുന്ന ഫോട്ടോയാണ് വൈറലായത്. ചിത്രത്തോടൊപ്പമുള്ള അടിക്കുറിപ്പാണ് രസകരം.
advertisement
എന്റെ സഹോദരൻ എന്റെ അച്ഛനെ പിഎസ് ഫോർ എങ്ങനെ കളിക്കാമെന്ന് പഠിപ്പിക്കുകയാണ്, കളി പഠിച്ചുകഴിഞ്ഞാൽ അച്ഛനും പ്ലേ സ്റ്റേഷന് അടിമയാകുകയും പിന്നെ വളരെ എളുപ്പത്തിൽ അച്ഛനെക്കൊണ്ട് പി എസ് ഫൈവ് വാങ്ങിപ്പിക്കാനുമാണ് അവന്റെ പദ്ധതിയെന്നും കുറിപ്പിൽ പറയുന്നു. തുടർന്ന് പോസ്റ്റ് വൈറലാവുകയായിരുന്നു. നിരവധി ആളുകളാണ് അവളുടെ സഹോദരന്റെ ബുദ്ധിയെ അഭിനച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ചില ആളുകൾ ഇതൊരു തകർപ്പൻ ഐഡിയ ആണെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ മറ്റു ചിലർ ഈ ഐഡിയ സ്വന്തം വീട്ടിൽ ഒന്ന് പരീക്ഷിച്ചു നോക്കാം എന്നും പറയുന്നു. മറ്റ് ചില ഉപയോക്താക്കളാകട്ടെ നേരെ വിട്ടത് തൊണ്ണൂറുകളിലെ അവരുടെ നൊസ്റ്റാൾജിയയിലേക്കാണ്. കുട്ടിക്കാലത്ത് അച്ഛൻ വീഡിയോ ഗെയിമുകൾ എങ്ങനെ കളിക്കാമെന്ന് പഠിപ്പിച്ച കാര്യം ഓർത്ത് സെന്റി അടിക്കുന്നവരും കുറവല്ലായിരുന്നു.
ഒരാളാകട്ടെ ഇത്തരമൊരു പ്ലാൻ പരീക്ഷിച്ച് പരാജയപ്പെട്ട കഥയാണ് പങ്കുവെച്ചിരിക്കുന്നത്. അച്ഛനെ പഠിപ്പിക്കാൻ ശ്രമിച്ചപ്പോൾ പോയിരുന്ന് പഠിക്കാൻ പറയുകയും വഴക്ക് കിട്ടുകയും പോരാത്തതിന് പ്ലേ സ്റ്റേഷൻ ഫൈവിന് പകരം ഒരു വടി കൂടി വാങ്ങി വരികയും ചെയ്തുവെന്നാണ് കമൻ്റ്.
എന്നാൽ പോസ്റ്റ് വൈറലായതിന് ശേഷം, എല്ലാവരുടെയും പറ്റിച്ചുകൊണ്ട് ഫൈൻ ആപ്പിൾ വീണ്ടും വന്നു. അവളുടെ അച്ഛനും സഹോദരനും നേരം പോക്കിന് വെറുതെ കളിക്കുന്നതാണെന്നും നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്റെ സങ്കൽപം ആണെന്നുമായിരുന്നു പുതിയ ട്വീറ്റിലെ കുറിപ്പ്.
ലോക്ക്ഡൌൺ തുടങ്ങിയതോടെ നിരവധി ആളുകളാണ് പ്രത്യേകിച്ച് യുവാക്കൾ ഓൺ ലൈൻ ഗെയിമുകളിലൂടെ സമയം ചെലവഴിക്കാൻ തുടങ്ങിയത്. പ്ലേ സ്റ്റേഷൻ പോലുള്ള ഗെയിമിംഗ് കൺസോളുകൾ ഇന്ത്യയിൽ അധികം പ്രചാരമില്ല. അതിന് പ്രധാന കാരണം വില തന്നെയാണ്. സോണിയുടെ ഏറ്റവും പുതിയ പ്ലേ സ്റ്റേഷൻ ഫൈവിന് അമ്പതിനായിരം രൂപയോളമാണ് വില.
