ഇന്ന് എനിക്ക് ബെംഗളൂരുവിലുണ്ടായ രസകരമായ അനുഭവം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. കുബെര്‍നറ്റസ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ഞാന്‍ റാപിഡോ ബൈക്ക് ബുക്ക് ചെയ്തു. എന്നെ കൂട്ടാന്‍ വന്നയാള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടറിലാണ് എത്തിയത്. എന്നാല്‍, ഞാന്‍ പങ്കെടുക്കാന്‍ പോയ പരിപാടി സംഘടിപ്പിക്കുന്ന കമ്പനിയുടെ ഡെവ്ഓപ്‌സ് എഞ്ചനീയറായിരുന്നു ആ ഡ്രൈവര്‍, നിഷീത് പട്ടേല്‍ ട്വീറ്റ് ചെയ്തു. ഡെവ്ഓപ്‌സ് എഞ്ചിനീയര്‍ എന്ന ജോലിക്ക് പുറമെ ടാക്‌സി ബൈക്ക് ഡ്രൈവറായും അദ്ദേഹം ജോലി നോക്കുന്നുണ്ടായിരുന്നു.
ഈ കുറിപ്പ് പങ്കുവെച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി മാറി. രസകരമായ കമന്റുകളാണ് നിതീഷ് പട്ടേലിന്റെ ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. റാപിഡോ റൈഡറായുള്ള ജോലിയില്‍ നിന്ന് എത്ര വരുമാനം ലഭിക്കുന്നുണ്ടെന്ന് ചോദിച്ചോ എന്ന് ഒരാള്‍ നിഷിതിനോട് ചോദിച്ചു. അതേസമയം, ടാക്‌സി ഡ്രൈവറായി എത്തിയ എഞ്ചിനീയര്‍ പരിപാടിയിൽ പങ്കെടുത്തോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. എന്നാല്‍, ഇല്ലെന്നും അദ്ദേഹത്തിന് മറ്റു ജോലികള്‍ ഉണ്ടായിരുന്നുവെന്നും നിഷിത് മറുപടി നല്‍കി.
ക്ലൗഡ് കംപ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് താന്‍ റാപ്പിഡോ ടാക്‌സി ബുക്ക് ചെയ്തതെന്ന് മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തില്‍ നിഷിത് പറഞ്ഞു. യാത്രക്കിടെയുള്ള സംസാരത്തിലാണ് തന്നെ കൂട്ടാൻ വന്ന ഡ്രൈവര്‍ എഞ്ചിനീയറാണെന്ന കാര്യം മനസ്സിലാക്കിയതെന്നും നിഷിത് കൂട്ടിച്ചേര്‍ത്തു. താന്‍ പങ്കെടുക്കാന്‍ പോയ പരിപാടി സംഘടിപ്പിച്ച അതേ കമ്പനിയിലെ എഞ്ചിനീയറായിരുന്നു ബൈക്ക് ഡ്രൈവറുമെന്ന് നിഷിത് പറഞ്ഞു. അതേസമയം, പരിപാടിയുമായി ഡ്രൈവര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും അദ്ദേഹത്തിന് യോഗത്തെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്നും നിഷിത് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇതിന് സമാനമായൊരു അനുഭവം ഒരു യുവതി സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. താന്‍ യാത്ര ചെയ്ത ടാക്‌സി കാറിന്റെ ഡ്രൈവര്‍ തന്റെ കോര്‍പ്പേറ്റ് ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ ഡ്രൈവര്‍ ജോലിയില്‍ നിന്ന് സമ്പാദിക്കുന്നുണ്ടെന്നതായിരുന്നു യുവതിയുടെ കുറിപ്പ്. ഇതും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
‘ഇന്നലെ ഞാന്‍ ഒരു ടാക്സിക്കാറില്‍ സഞ്ചരിച്ചു. അതിലെ ഡ്രൈവര്‍ ഒരു എഞ്ചിനീയറായിരുന്നു. ക്വാല്‍കോമിലെ തന്റെ കോര്‍പ്പറേറ്റ് ജോലിയില്‍ നിന്നുള്ളതിനേക്കാള്‍ പണം കാര്‍ ഓടിച്ച് താന്‍ സമ്പാദിക്കുന്നതായി അദ്ദേഹം പറഞ്ഞു” ശ്വേത ട്വിറ്ററില്‍ കുറിച്ചതിങ്ങനെയാണ്. ഇതിനോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയ രേഖപ്പെടുത്തിയത്. ഇത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും എന്നാൽ ഇത്തരത്തിൽ പണം സമ്പാദിക്കുന്നവർ ഏറെയാണെന്നും ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു.