തൻ്റെ കരിയറിനെ കുറിച്ച് ആത്മവിശ്വാസക്കുറവുണ്ടെന്ന് പോസ്റ്റ് പങ്കുവെച്ചതിന്റെ പിറ്റേ ദിവസം തന്നെ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്ന ജിഷ്ണുവിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. ഫെബ്രുവരി 8-നായിരുന്നു സംഭവം. കമ്പനി പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടി എന്നാണ് പറയുന്നത്. 2019 മുതൽ നാല് വർഷത്തോളം ജിഷ്ണു ഫോർമയിലെ ജീവനക്കാരനായിരുന്നു. പിരിച്ചുവിടുന്ന സമയത്ത് യുവാവ് വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്.
" സാങ്കേതിക രംഗത്തെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയും എന്നെ അസ്വസ്ഥനാക്കുന്നു. എൻ്റെ കരിയറിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്ന സമയമാണ് ഇത്" എന്നായിരുന്നു ഫെബ്രുവരി 7 ന് ജിഷ്ണു എക്‌സിൽ കുറിച്ചത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ച് മറ്റൊരു പോസ്റ്റും യുവാവ് പങ്കുവെച്ചു. "അത് പെട്ടെന്നായിരുന്നു. ഇന്ന് എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഞാൻ ഇപ്പോൾ സജീവമായി ജോലി അന്വേഷിക്കുകയാണ്. ആരെങ്കിലും റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കിൽ ദയവായി എന്നെ അറിയിക്കൂ,” എന്നും ജിഷ്ണു അഭ്യർത്ഥിച്ചു.
advertisement
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകൾ ജിഷ്ണുവിനെ സഹായിക്കാനായി രംഗത്തെത്തുകയും ചെയ്തു. നിരവധി ജോബ് ഓഫറുകളും അദ്ദേഹത്തിനായി ആളുകൾ പങ്കിട്ടു. ചില ആളുകളാകട്ടെ ജിഷ്ണുവിന്റെ റെസ്യൂമെ ഫോർവേഡ് ചെയ്യാമെന്ന് ഉറപ്പും നൽകി.
2023- ൽ ഐടി മേഖലയെ വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധി ബാധിച്ചതിനെ തുടർന്നുണ്ടായ പിരിച്ചുവിടൽ, ഈ വർഷവും തുടരുന്നുണ്ടെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഈ വർഷം മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമൻമാരും തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. സ്നാപ് ചാറ്റിന്റെ മാതൃസ്ഥാപനമായ സ്നാപ് ആഗോള തലത്തിൽ തൊഴിലാളികളെ 10 ശതമാനം വെട്ടിക്കുറച്ചതായി ഈ ആഴ്ച്ച പ്രഖ്യാപിച്ചിരുന്നു.