ജോർജ്ജ് പീൽ എന്ന വ്യക്തിയാണ് വെറും 7.35 സെക്കൻഡിനുള്ളിൽ 10 മാസ്ക്കുകൾ ധരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് കുറഞ്ഞ സമയത്തിനുള്ളിൽ ജോർജ്ജ് പീൽ മാസ്ക് ധരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് മാസ്‌ക്കുകൾ ധരിച്ച് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ജോർജ്ജ് പീൽ.
വീഡിയോയിൽ, പീൽ ഒന്നിനു പിറകെ ഒന്നായി 10 മാസ്ക്കുകൾ ധരിക്കുന്നത് കാണാം. വളരെ വേഗത്തിൽ മാസ്ക്കുകൾ ധരിച്ചാണ് പീൽ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്. മാസ്ക് കൃത്യമായി ധരിക്കാൻ മിക്ക ആളുകൾക്കും അറിയില്ല. അവ മുഖത്ത് ഉറച്ചിരിക്കുന്ന രീതിയിൽ വേണം ധരിക്കാൻ. എന്നാൽ ജോർജ്ജ് പീൽ വളരെ അനായാസമാണ് ഓരോ മാസ്ക്കുകളും മുഖത്ത് കൃത്യമായി അണിയുന്നത്. അതുകൊണ്ട് തന്നെ മാസ്‌ക്കുകൾ അണിയാൻ മടി കാണിക്കുന്നവർക്ക് ഒരു പാഠം കൂടിയാണ് ജോർജ്ജ് പീലിന്റെ ഈ റെക്കോർഡ്.
advertisement
ജോർജ്ജ് മാസ്ക്കുകൾ ധരിക്കുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 3.3 ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഈ നേട്ടം കൈവരിച്ചതിന് പീലിനെ തേടി ലോകമെമ്പാടുമുള്ള ജനങ്ങളുടെ അഭിനന്ദനങ്ങളും എത്തി. "10 സർജിക്കൽ മാസ്കുകൾ ധരിക്കാൻ വേണ്ട ഏറ്റവും വേഗതയേറിയ സമയം" എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. വീഡിയോ നിരവധി പേർ ഏറ്റെടുക്കുകയും ഷെയർ ചെയ്യുകയും ചെയ്തു. ആകർഷകമായ കമന്റുകളാണ് ആളുകൾ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.
കോവിഡ് 19 പൂർണ്ണമായും ലോകത്തു നിന്ന് പോകുന്നത് വരെ എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം. മാസ്ക്കും സാനിറ്റൈസറും ഉപയോഗിച്ചും ഇടയ്ക്കിടെ കൈകഴുകിയും സാമൂഹ്യ അകലം പാലിച്ചുമൊക്കെ മാത്രമേ നമുക്ക് കോവിഡിനെ അകറ്റി നിർത്താൻ സാധിക്കൂ. അതിനാൽ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും കോറോണയെ മറികടക്കാനും ഇവ നിർബന്ധമായും പാലിക്കണം. എന്നാൽ ശരിയായി മാസ്ക് ധരിക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ജോർജ്ജ് പീൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 10 മാസ്‌ക്കാണ് കൃത്യമായി ധരിച്ചിരിക്കുന്നത്.
