ഗുഡ്ഗാവില്‍ നിന്നുള്ള ഒരു മുതിര്‍ന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇത്തരത്തില്‍ ജീവിതത്തിലെ ഒരു നിരാശയെ കുറിച്ച് പറയുന്നത്. പണം ലാഭിക്കുന്നതിലുള്ള പരിമിതികളെ കുറിച്ച് പങ്കുവെച്ച അദ്ദേഹം വീട്ടിലെ ഏക വരുമാനക്കാരനായ തന്റെ ജീവിതത്തിലെ അസന്തുലിതാവസ്ഥയെ കുറിച്ച് പോസ്റ്റില്‍ വിശദമാക്കുന്നു.
26 ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടായിട്ടും പ്രതിമാസ ചെലവുകള്‍ കാരണം വെറും 15,000 രൂപ മാത്രമേ ലാഭിക്കാന്‍ കഴിയുന്നുള്ളൂവെന്ന് അദ്ദേഹം പറയുന്നു. "എനിക്ക് എപ്പോഴും ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു. വെറും 15,000 രൂപ മാത്രം ബാക്കിയാക്കിയാല്‍ എനിക്ക് എങ്ങനെ എന്തെങ്കിലും ലാഭിക്കാന്‍ കഴിയും?," അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചോദിച്ചു.
advertisement
അദ്ദേഹത്തിന്റെ ഭാര്യ സമ്പാദിക്കാത്തതിലുള്ള നിരാശയും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ കൂടുതല്‍ അഭിലാഷമുള്ളവളും സാമ്പത്തികമായി വീട്ടുചെലവുകളില്‍ സംഭാവന നല്‍കുന്നവളുമായിരിക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു.
34-കാരനായ അദ്ദേഹം പേയുവിലാണ് ജോലി ചെയ്യുന്നതെന്നും ഭാര്യയ്ക്കും ഇളയ മകനുമൊപ്പം സെക്ടര്‍ 56-ല്‍ ആണ് താമസിക്കുന്നതെന്നും പറയുന്നു. മാസം വാടക നല്‍കാന്‍ വരുമാനത്തില്‍ നിന്ന് 40,000 രൂപ അദ്ദേഹം ചെലവഴിക്കുന്നു. പലചരക്ക് സാധനങ്ങള്‍ക്കും ബില്ലുകള്‍ക്കുമായി 30,000 രൂപ ചെലവിടേണ്ടി വരുന്നു. കാര്‍ ഇഎംഐ 16,000 രൂപ, മാതാപിതാക്കള്‍ക്ക് 20,000 രൂപ, മകളുടെ സ്‌കൂളിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഏകദേശം 50,000 രൂപ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റ് ചെലവുകള്‍. ഇത് അദ്ദേഹം നേരിടുന്ന സാമ്പത്തിക സമ്മര്‍ദ്ദം എടുത്തുകാണിക്കുന്നു.
30 വയസ്സുള്ള ഭാര്യ എംബിഎ പാതിവഴിയില്‍ ഉപേക്ഷിച്ചതായി പറയുന്നു. ഏഴ് വര്‍ഷം മുമ്പായിരിന്നു ഇവരുടെ വിവാഹം. അതിനുശേഷം ഭാര്യ ജോലിക്ക് പോയിട്ടില്ല. "തുടക്കത്തില്‍ അത് കുഴപ്പമില്ലെന്ന് ഞാന്‍ കരുതി. ഒരു പക്ഷേ, വീട്ടില്‍ നിന്ന് എന്തെങ്കിലും കോഴ്‌സോ ബിസിനസോ ചെയ്യാമെന്ന് വിചാരിച്ചു. എന്നാല്‍ ഞങ്ങള്‍ മാതാപിതാക്കളായിട്ട് ആറ് വര്‍ഷമായി. അവള്‍ക്ക് ഒരു പദ്ധതിയും അഭിലാഷങ്ങളുമില്ല. ഒരു ഹോബി പോലുമില്ല", അദ്ദേഹം പറഞ്ഞു.
ഒരു അമ്മ എന്ന നിലയില്‍ അയാള്‍ അവളെ വിലമതിക്കുന്നുണ്ട്. എന്നാല്‍ എല്ലാ ഭാരിച്ച ജോലികളും ചെയ്ത് താന്‍ മടുത്തുവെന്നും വൈകാരികമായും സാമ്പത്തികമായും മാനസികമായും തളര്‍ന്നുവെന്നും ഇത് വളരെ കഠിനവും ക്ഷീണിപ്പിക്കുന്നതുമാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ചിന്തിക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്നും ചിലപ്പോള്‍ ഉത്സാഹമുള്ള ഒരാളെ കല്യാണം കഴിച്ചിരുന്നുവെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും അയാള്‍ വ്യക്തമാക്കി.
പോസ്റ്റിനോട് സമ്മിശ്രമായ പ്രതികരണങ്ങളാണ് ആളുകള്‍ പങ്കുവെച്ചത്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ ഭാര്യയെ ജോലി ചെയ്യുന്നതില്‍ നിന്ന് തടയുന്നുണ്ടാകാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. നിങ്ങള്‍ വീട്ടുജോലികളില്‍ സഹായിക്കുകയും മക്കളെ പരിപാലിക്കുകയും ചെയ്യാറുണ്ടോയെന്ന് ഒരാള്‍ ചോദിച്ചു. നിങ്ങള്‍ ഈ ഉത്തരവാദിത്തങ്ങള്‍ കൂടി ഏറ്റെടുത്താല്‍ ഭാര്യയോട് ജോലി ചെയ്യാന്‍ ആവശ്യപ്പെടൂ എന്ന് അദ്ദേഹം കുറിച്ചു.
മറ്റുചിലര്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന ചെലവുകളെ ചോദ്യം ചെയ്തു. ഫണ്ട് മാനേജ്‌മെന്റിന്റെ അഭാവമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി. ദമ്പതികളില്‍ രണ്ട് പേരും ജോലി ചെയ്യുമ്പോഴും ശിശുപരിപാലനം, വൈകാരിക സമ്മര്‍ദ്ദം തുടങ്ങിയ വെല്ലുവിളികള്‍ ഉണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. ആശയവിനിമയം വളരെ പ്രധാനമാണെന്ന് മറ്റൊരാള്‍ കുറിച്ചു. ഭാര്യയോട് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് സംസാരിക്കാനായിരുന്നു ആ ഉപദേശം. അവള്‍ക്ക് എന്താണ് വേണ്ടതെന്നും ചോദിക്കാന്‍ അയാള്‍ നിര്‍ദ്ദേശിച്ചു.
തുറന്ന ആശയവിനിമയം ദമ്പതികളെ അത്തരം വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. സാമ്പത്തികം, ഉത്തരവാദിത്തങ്ങള്‍, ഭാവി പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നത് വ്യക്തത കൊണ്ടുവരും. അതേസമയം വഴക്കമുള്ള റോളുകള്‍ സ്വീകരിക്കുന്നതും കടമകള്‍ പങ്കിടുന്നതും ഭാരം ലഘൂകരിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.