വിവാഹം എന്നത് ജീവിതത്തിന്റെ അവസാന ലക്ഷ്യമല്ലെന്ന് തിരിച്ചറിയുന്ന ഒരു പുതിയ തലമുറ വളർന്നുവരുന്നത് വലിയ പ്രതീക്ഷയാണെന്ന് താരം പറഞ്ഞു.
വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്ന് നമുക്കിടയിലുണ്ടെന്ന് മഞ്ജു വാര്യർ പറഞ്ഞു. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണമെന്ന് പെൺകുട്ടികൾ വിശ്വസിക്കുന്നു. അതിലുപരി, മക്കളുടെ ഇത്തരം തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായി താൻ കാണുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു.
advertisement
സ്ത്രീകൾക്ക് തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും സ്വയം ശാക്തീകരിക്കപ്പെടുന്നതിനും ഏറ്റവും അത്യാവശ്യമായത് സാമ്പത്തിക സ്വാതന്ത്ര്യമാണെന്ന് മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി. സാമ്പത്തികമായി സ്വതന്ത്രരായാൽ മാത്രമേ സ്ത്രീകൾക്ക് സ്വന്തം ചിറകുകൾ കണ്ടെത്താനും ഉയരങ്ങളിലേക്ക് പറന്നുയരാനും സാധിക്കൂ. കാശ്മീരിൽ നിന്ന് കേരളത്തിലേക്ക് ആപ്പിൾ ലോറി ഓടിക്കുന്ന ജലജ, ജെ.സി.ബി വരെ ഓടിക്കുന്ന എഴുപതുകാരി രാധാമണിയമ്മ തുടങ്ങിയവരുടെ പോരാട്ടവീര്യം പ്രചോദനമാണെന്നും താരം പറഞ്ഞു.
അച്ഛന്റെ മരണശേഷം തനിച്ചായപ്പോൾ നൃത്തത്തിലേക്കും സാഹിത്യത്തിലേക്കും മടങ്ങിപ്പോയി സ്വന്തം സന്തോഷം കണ്ടെത്തിയ തന്റെ അമ്മയാണ് തന്റെ വലിയ പ്രചോദനമെന്ന് മഞ്ജു വെളിപ്പെടുത്തി. ഓരോ സ്ത്രീയും സ്വയം അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കണം. ഡ്രൈവിങ്, നീന്തൽ, ബൈക്ക് റൈഡിങ് എന്നിവ തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടെന്നും സ്വന്തം ആകാശം സ്വയം സൃഷ്ടിക്കാൻ സ്ത്രീകൾ പ്രാപ്തരാകണമെന്നും താരം പറഞ്ഞു.
