വിവാഹിതനായ 66കാരന്‍ ഒരു പ്രണയത്തിലായതിന് ശേഷം കാമുകിയുമൊത്ത് ഹോട്ടലില്‍ താമസിക്കുന്നത് പതിവായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത് വരെ അദ്ദേഹത്തിന്റെ കുടുംബത്തിന് അദ്ദേഹം എവിടെയാണെന്ന് അറിയില്ലായിരുന്നു.
രഹസ്യകാമുകിയുമൊത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ 66കാരന്‍ അപ്രതീക്ഷിതമായി മരിക്കുകയും അത് കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയുമായിരുന്നു. രഹസ്യ ബന്ധങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യകളെയും അവ വരുത്തിവയ്ക്കുന്ന അപ്രതീക്ഷിത പ്രത്യാഘാതങ്ങളെയും എടുത്തുകാണിക്കുന്നതാണ് സംഭവം.
1980കളില്‍ ഒരു ഫാക്ടറിയില്‍ തന്നോടൊപ്പം ജോലി ചെയ്തിരുന്ന സ്ത്രീയുമായാണ് 66കാരന്‍ പ്രണയത്തിലായത്. 2023ല്‍ ഒരു പാര്‍ട്ടിയില്‍വെച്ചാണ് ഇവര്‍ വര്‍ഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത്. പിന്നീട് കണ്ടുമുട്ടുന്നത് പതിവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രണയബന്ധമായി മാറുകയായിരുന്നു.
advertisement
ഇക്കഴിഞ്ഞ ജൂലൈ 24ന് ഇവര്‍ വീണ്ടും കണ്ടുമുട്ടി. ആദ്യം കാമുകിയാണ് ഹോട്ടലില്‍ എത്തിയത്. തൊട്ടുപിന്നാലെ 66കാരനുമെത്തി. അന്നുരാത്രി ഇരുവരും ഒന്നിച്ച് ചെലവഴിക്കുകയും ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നേറ്റ് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ പങ്കാളി തൊട്ടരികില്‍ അനങ്ങാതെ കിടക്കുന്നതാണ് സ്ത്രീ കണ്ടത്. തുടര്‍ന്ന് സ്ത്രീ ഹോട്ടലിൽ നിന്ന് പുറത്തുപോകുകയും അൽപം കഴിഞ്ഞപ്പോൾ തിരിച്ചെത്തുകയും ചെയ്തു. എന്നാൽ മുറിയുടെ വാതിൽ പൂട്ടിക്കിടന്നതിനെ തുടർന്ന് അവർ ഹോട്ടല്‍ ജീവനക്കാരുടെ സഹായം തേടി. എന്നാല്‍ അയാളെ ഉണര്‍ത്താനുള്ള അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസിനെ ബന്ധപ്പെടുകയായിരുന്നു. വൈകാതെ 66കാരന്റെ മരണം സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നാലെ അയാളുടെ കുടുംബം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കാമുകിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ കോടതി ഉത്തരവ്
കാമുകിയില്‍ നിന്ന് ഏകദേശം 77,000 ഡോളര്‍(ഏകദേശം 67 ലക്ഷം രൂപ)നഷ്ടപരിഹാരമായി ഈടാക്കാനാണ് ആദ്യം കോടതി ഉത്തരവിട്ടത്. എന്നാല്‍ പിന്നീട് ഈ തുക 8600 ഡോളറായി(7.5 ലക്ഷം രൂപ) കുറച്ചു നല്‍കി.
ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് 66കാരന്‍ മരിച്ചതെന്ന് കോടതി കണ്ടെത്തി. അതിനാല്‍ അയാളും മരണത്തില്‍ ഉത്തരവാദിയാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ കാമുകി നേരത്തെ തിരിച്ചെത്തിയിരുന്നുവെങ്കില്‍ അയാളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് അവരുടെ അധാർമികമായ പെരുമാറ്റത്തിന് കുറച്ചു നൽകിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
