'കുടുംബവിളക്ക്' എന്ന സീരിയലിന്റെ സെറ്റിൽ വെച്ചാണ് മീരയും വിപിനും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കഴിഞ്ഞ വർഷം വിവാഹിതരായ ഇരുവരും സീരിയൽ അവസാനിച്ചതിനുശേഷവും ഒരുമിച്ചുണ്ടായിരുന്നു. വിപിൻ മറ്റ് പരമ്പരകളിലും ഡോക്യുമെന്ററികളിലും ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. ഇതിനുമുമ്പ് 2005-ൽ ഛായാഗ്രാഹകനായ വിശാൽ അഗർവാളിനെ വിവാഹം കഴിച്ചെങ്കിലും 2008-ൽ വേർപിരിഞ്ഞു. പിന്നീട് 2008-ൽ തന്നെ നടൻ ജോൺ കൊക്കനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ അരിഹ എന്നൊരു മകനുണ്ട്. 2012-ൽ ഈ ബന്ധം വേർപിരിഞ്ഞതിന് ശേഷം മീര സിംഗിൾ മദറായി ജീവിക്കുകയായിരുന്നു. ജോൺ കൊക്കൻ പിന്നീട് നടി പൂജ രാമചന്ദ്രനെ വിവാഹം ചെയ്തു.
അന്യഭാഷാ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് മീര വാസുദേവ്. ബ്ലെസി സംവിധാനം ചെയ്ത 'തന്മാത്ര' (2005) എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മീര നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നീട് മിനിസ്‌ക്രീനിലേക്ക് കടന്നുവന്ന നടി, 'കുടുംബവിളക്ക്', 'മധുരനൊമ്പരക്കാറ്റ്' തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. നടിയെന്ന നിലയിലും കലാകാരി എന്ന നിലയിലും 25 വർഷം പൂർത്തിയാക്കിയ സന്തോഷം കഴിഞ്ഞ ഏപ്രിലിൽ താരം പങ്കുവെച്ചിരുന്നു.
