
- News18 Malayalam
- Last Updated: May 28, 2022, 14:22 IST
നായകൾക്ക് (Dogs) പൊതുവെ ആയുസ്സു ( lifespan) കുറവാണെന്നാണ് പറയപ്പെടുന്നത്. ഭൂരിഭാഗവും 10 മുതൽ 15 വർഷം വരെ മാത്രമാണ് ജീവിക്കുന്നത്. എന്നാൽ, ഇവിടെ ടോയ് ഫോക്സ് ടെറിയർ (Toy Fox Terrier) ഇനത്തിൽപ്പെടുന്ന നായ 22 വയസ്സ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇവളുടെ പേര് പെബിൾസ് (Pebbles) എന്നാണ്. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായക്കുള്ള (oldest dog) ഗിന്നസ് വേൾഡ് റെക്കോർഡാണ് (Guinness World Records) നാല് പൗണ്ട് മാത്രം ഭാരമുള്ള പെബിൾസ്സ്വന്തമാക്കിയിരിക്കുന്നത്. 2000 മാർച്ച് 28ന് ആണ് പെബിൾസ് ജനിച്ചത്. സൗത്ത് കരോലിന നിവാസികളായ ബോബിയും ജൂലി ഗ്രിഗറിയുമാണ് ഇപ്പോൾ പെബിൾസിന്റെ ഉടമസ്ഥർ.
അടുത്തിടെയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പെബിൾസിനെ തിരഞ്ഞെടുക്കുന്നത്. ഇതിന് മുമ്പ് ഈ വർഷം ഏപ്രിലിൽ, 21 വയസും 66 ദിവസവും പ്രായമുള്ള ടോബികീത്ത് (TobyKeith) എന്ന നായയെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ വാർത്ത ബോബിയുടെയും ജൂലി ഗ്രിഗറിയുടെയും ശ്രദ്ധയിൽപ്പെട്ടു. അപ്പോഴാണ് തങ്ങളുടെ നായക്ക് ഇതിലും പ്രായമുണ്ടെന്ന് അവർ ഓർത്തത്. പെബിൾസിന്റെ പ്രായം 22 വയസ്സും 59 ദിവസവുമാണ്. അങ്ങനെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയ്ക്കുള്ള വേൾഡ് റെക്കോർഡ് പെബിൾസ് സ്വന്തമാക്കി.
“ പെബിൾസ് എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. ഞങ്ങളുടെ ഉയർച്ച താഴ്ചകളിലും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവൾ ഉണ്ടായിരുന്നു, അവൾ എപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ വഴിവിളക്കാണ്, ”ജൂലി പറഞ്ഞു.
ഒരു വലിയ ഇനം നായയെ ദത്തെടുക്കണം എന്നായിരുന്നു ബോബിയുടെയും ജൂലിയുടെയും ആഗ്രഹം. എന്നാൽ, തുള്ളി കളിക്കുന്ന പെബിൾസ് കണ്ട മാത്രയിൽ തന്നെ തങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നുവെന്നുംഅങ്ങനെ അവളെ ദത്തെടുക്കുകയായിരുന്നുവെന്നും ജൂലി പറയുന്നു.
പെബിൾസിന് ഇത്രയും പ്രായമായി എന്ന് പലരും വിശ്വസിക്കുന്നില്ലെന്നും ജൂലി പറയുന്നു. സ്നേഹവും ശ്രദ്ധയും ഭക്ഷണവുമാണ് വളർത്തു നായയുടെ ആയുസ്സു കൂട്ടുന്ന പ്രധാന ഘടകങ്ങൾ എന്ന് ജൂലി പറയുന്നു. അവയെ കുടുംബത്തിലെ അംഗത്തെ പോലെ പരിഗണിക്കണമെന്നും അവരുടെ ആരോഗ്യം പരിപാലിക്കുന്നതിനൊപ്പം സ്നേഹം നിറഞ്ഞ അന്തരീക്ഷം നൽകണമെന്നും അവർ ഓർമ്മിപ്പിച്ചു.