ഹൈദരാബാദിലെ അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ 'ഹാര്‍വെസ്റ്റിങ് റോബോട്ടിക്‌സ്' ആണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ജീവനക്കാരുടെ മാനസിക ക്ഷേമത്തിന് ഊന്നല്‍ നല്‍കികൊണ്ട് കമ്പനിയുടെ നേതൃത്വ ടീമിലേക്ക് ഒരു അസാധാരണ എക്‌സിക്യൂട്ടീവിനെ നിയമിച്ചുകൊണ്ടാണ് സ്റ്റാര്‍ട്ടപ്പ് കോര്‍പ്പറേറ്റ് ജോലി സംസ്‌കാരത്തില്‍ ഒരു പൊളിച്ചെഴുത്തിന് ഒരുങ്ങിയിരിക്കുന്നത്.
ഇതിനായി കമ്പനിയുടെ 'ചീഫ് ഹാപ്പിനസ് ഓഫീസറാ'യി (സിഎച്ച്ഒ) ഒരു ഗോള്‍ഡന്‍ റിട്രീവറിനെ നിയമിച്ചു. സിഎച്ച്ഒയ്ക്ക് വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ല. വാലാട്ടുക ഒരു ഊഷ്മളമായ പുഞ്ചിരി നല്‍കുക, അത്രമാത്രമാണ് ജോലി. 'ഡെന്‍വര്‍' എന്ന് പേരുള്ള ഈ നായ കമ്പനിയിലെ ജോലി തിരക്കിനിടയില്‍ ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മിക്ക ബോര്‍ഡ് യോഗങ്ങളിലും ത്രൈമാസ കണക്കുകളും കെപിഐകളും ചര്‍ച്ച ചെയ്യുമ്പോള്‍ ഡെന്‍വര്‍ സൗമ്യമായ സാന്നിധ്യമാകുന്നു. സൗഹൃദപരമായ സ്‌നേഹപ്രകടനത്തിലൂടെ ജീവനക്കാര്‍ക്ക് സന്തോഷം പകരുന്നതിലും അവരുടെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിലും തിരക്കിലാണ് ഡെന്‍വര്‍.
advertisement
കമ്പനിയുടെ സഹസ്ഥാപകനായ രാഹുല്‍ അരെപ്കയാണ് ലിങ്ക്ഡ് ഇന്നില്‍ സിഎച്ച്ഒയെ കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഡെന്‍വര്‍ അഭിമാനത്തോടെ തന്റെ പുതിയ ടൈറ്റില്‍ ബാഡ്ജ് ധരിച്ചിരിക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. "അവന്‍ കോഡ് ചെയ്യുന്നില്ല. അവന് അതിനെ കുറിച്ചൊന്നും ആശങ്കയില്ല. അവന്‍ സാന്നിധ്യമറിയിക്കുന്നു, ഹൃദയങ്ങള്‍ മോഷ്ടിക്കുന്നു, ഊര്‍ജ്ജം നിലനിര്‍ത്തുന്നു. കൂടാതെ ഞങ്ങള്‍ ഇപ്പോള്‍ ഔദ്യോഗികമായി വളര്‍ത്തുമൃഗങ്ങളുമായി സൗഹൃദത്തിലാണ്. ഏറ്റവും നല്ല തീരുമാനം", അരെപ്ക ലിങ്ക്ഡ് ഇന്നില്‍ എഴുതി.
പോസ്റ്റ് നിമിഷനേരംകൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി. നിരവധി പേരാണ് ഈ ഉദ്യമത്തെ പുകഴ്ത്തികൊണ്ട് രംഗത്തുവന്നത്. സ്റ്റാര്‍ട്ടപ്പിന്റെ പുതിയ കോര്‍പ്പറേറ്റ് സംസ്‌കാരത്തെ പ്രശംസിച്ചുകൊണ്ട് ആയിരകണക്കിന് ലൈക്കുകളും കമന്റുകളും ഷെയറുകളും വന്നു. ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുകയും ഓഫീസില്‍ ചുറ്റിക്കറങ്ങുകയും ചെയ്യുന്ന ഗോള്‍ഡന്‍ റിട്രീവര്‍ ഇന്റര്‍നെറ്റിലുടനീളം ഹൃദയങ്ങള്‍ കീഴടക്കി.
എന്നാല്‍, ഡെന്‍വര്‍ വെറുമൊരു മാസ്‌കോട്ട് മാത്രമല്ല. ഹാര്‍വെസ്റ്റിംഗ് റോബോട്ടിക്‌സിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് അവന്‍. ഡെന്‍വറിനെ കാണുന്നത് തന്നെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഒരു ബ്രെയിന്‍സ്റ്റോമിംഗ് സെഷനില്‍ ചേരുന്നതോ അല്ലെങ്കില്‍ ശാന്തമായി ഒരു മൂലയില്‍ വിശ്രമിക്കുന്നതോ ആകട്ടെ ഡെന്‍വര്‍ നിശബ്ദമായി അടുത്തേക്ക് വന്ന് ഒരു നാല് കാലുള്ള തെറാപ്പിസ്റ്റിന്റെ റോള്‍ ഏറ്റെടുക്കും. അവന്റെ ശാന്തമായ സ്വഭാവവും സ്‌നേഹനിര്‍ഭരമായ പെരുമാറ്റവും ഓഫീസിലെ അന്തരീക്ഷത്തെ കൂടുതല്‍ വിശ്രമകരവും സഹകരണപരവുമായ ഒരു ഇടമാക്കി മാറ്റി.
കമ്പനിയില്‍ ഡെന്‍വറിന് മികച്ച അനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് അരെപ്ക പറയുന്നത്. ടെക് വ്യവസായ രംഗത്ത് ജീവനക്കാരുടെ മാനസികാരോഗ്യവും ക്ഷീണവുമെല്ലാം ചര്‍ച്ചയാകുന്ന സമയത്താണ് ഈ അസാധാരണ നിയമനം. ഗൂഗിളും ആമസോണും പോലുള്ള വന്‍കിട ടെക് ഭീമന്മാര്‍ വിദേശത്തുള്ള തങ്ങളുടെ ഓഫീസുകളില്‍ വളര്‍ത്തുമൃഗ സൗഹൃദ നയം പിന്തുടരുന്നുണ്ട്. എന്നാല്‍, ഇപ്പോഴിതാ ഇന്ത്യന്‍ കമ്പനികളും അത്തരം സാധ്യതകളില്‍ പര്യവേഷണം നടത്താന്‍ തുടങ്ങിയിരിക്കുന്നു.
ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ വളര്‍ത്തുമൃഗ സൗഹൃദമായ നയങ്ങള്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെയും ക്രിയേറ്റീവ് ഏജന്‍സികളുടെയും എണ്ണം വര്‍ദ്ധിച്ചുവരികയാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള സ്ഥലങ്ങള്‍ മുതല്‍ തെറാപ്പി ആനിമല്‍ സെക്ഷന്‍ വരെ കമ്പനികളുടെ ഭാഗമാകുന്നു. ജോലിസ്ഥലത്ത് ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ജീവനക്കാരുടെ മനോവീര്യം മെച്ചപ്പെടുത്തുന്നതിനും മൃഗങ്ങള്‍ സഹായകമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഗവേഷണങ്ങളും ഈ മാറ്റത്തെ പിന്തുണയ്ക്കുന്നു. ലീവ് കുറയ്ക്കാനും ജീവനക്കാരുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും ഇത്തരം സമീപനങ്ങള്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. ഇത് ടീം വര്‍ക്ക് മെച്ചപ്പെടുത്തുമെന്നും പഠനങ്ങള്‍ പറയുന്നു. ഏറ്റവും പ്രധാനമായി ജോലി സ്ഥലത്ത് മെച്ചപ്പെട്ട സംസ്‌കാരം വളര്‍ത്തിയെടുക്കാനും ഇത്തരം നയങ്ങള്‍ സഹായകമാകുന്നു.
