ഇസ്റ്റഗ്രാമില്‍ ഒരു അഭിഭാഷകയാണ് ഈ പുതിയ ആപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോ പങ്കുവെച്ചിട്ടുള്ളത്. നോട്ട് ഡോട്ട് ഡേറ്റിംഗ് ഡോട്ട് (Knot.dating.) എന്ന ആപ്പ് എന്നാല്‍ മറ്റ് മാട്രിമോണിയല്‍ ആപ്പുകളെ പോലെയല്ല. അതില്‍ വലിയൊരു ട്വിസ്റ്റ് ഉണ്ട്. അത് എന്താണെന്ന് നോക്കാം.
ഇന്‍സ്റ്റഗ്രാം വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നോട്ട് ഡോട്ട് ഡേറ്റിംഗ് ഡോട്ട് എന്ന ആപ്പും ശ്രദ്ധ നേടി. എന്താണ് ഇതിന്റെ പ്രത്യേകതയെന്നല്ലേ?
ഇന്ത്യയിലെ ടോപ്പ് 1 ശതമാനം പുരുഷന്മാര്‍ക്കുവേണ്ടിയുള്ളതാണ് ഈ ആപ്പ്. ഇതൊരു എഐ അധിഷ്ഠിത മാട്രിമോണിയല്‍ ആപ്പാണെന്നും അഭിഭാഷക തന്റെ വീഡിയോയില്‍ പറയുന്നു. ഇത് എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ളതല്ലെന്നും മറിച്ച് മികച്ച 1 ശതമാനം പുരുഷന്മാരെ കണ്ടെത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അവര്‍ വിശദമാക്കുന്നു.
advertisement
ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള പ്രത്യേക നിയമവ്യവസ്ഥകളെ കുറിച്ചും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ആപ്പിൽ ചേരാനും തന്റെ ജീവിത പങ്കാളിയെ കണ്ടെത്താനും പുരുഷന്മാര്‍ പ്രതിവര്‍ഷം കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും സമ്പാദിക്കുന്നവരായിരിക്കണം. അതേസമയം, സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് സാമ്പത്തിക നിബന്ധനകളൊന്നുമില്ല.
സ്വര്‍ണം കുഴിച്ചെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഇതെന്നും. നിങ്ങള്‍ക്ക് ധനികനായ ഒരു ഭര്‍ത്താവിനെ ഇതില്‍ നിന്ന് വാങ്ങാമെന്നും അവര്‍ വീഡിയോയില്‍ പരിഹസിച്ചുകൊണ്ട് പറയുന്നുണ്ട്. ഇത്ര ലജ്ജാകരമായ ഒരു ആപ്പ് സൃഷ്ടിച്ചത് എന്തിനാണെന്നും അവര്‍ ചോദിക്കുന്നുണ്ട്. രണ്ട് പുരുഷന്മാര്‍ ചേര്‍ന്നാണ് സമ്പന്നരായ ആണുങ്ങള്‍ക്ക് പങ്കാളികളെ കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പൊരുക്കിയതെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി.
വീഡിയോ പ്രചരിച്ചതോടെ നിരവധി പ്രതികരണങ്ങള്‍ ഇതിനുതാഴെ വന്നു. മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു. സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിന് താഴെ വന്നത്. ചിലര്‍ അഭിഭാഷകയുടെ അഭിപ്രായത്തോട് യോജിച്ചു. മറ്റുചിലര്‍ ഈ ആശയം അത്ര മോശമല്ലെന്ന പ്രതികരണം പങ്കുവെച്ചു.
സാമൂഹിക, സാമ്പത്തിക, ബൗദ്ധിക തുല്യതയുള്ള ഒരാളെ വിവാഹം കഴിക്കുന്നത് എപ്പോഴും ബുദ്ധിപരമാണെന്ന് ഒരാള്‍ കുറിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാരെ പോലെ ആപ്പില്‍ പ്രവേശനം നേടാന്‍ ശമ്പള വ്യവസ്ഥ വേണമെന്ന് മറ്റൊരാള്‍ കുറിച്ചു.
സാമ്പത്തികമായി ഉയര്‍ന്ന തലത്തിലുള്ള പുരുഷന്മാര്‍ക്ക് അവരേക്കാള്‍ താഴ്ന്ന തലത്തിലുള്ള സ്ത്രീകളെ ഷോപ്പിംഗ് നടത്താന്‍ കഴിയുന്ന തരത്തിലാണ് ഈ ആപ്പ് യഥാര്‍ത്ഥത്തില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഒരാള്‍ ഈ ആശയത്തെ വിഡ്ഢിത്തം എന്നുവിളിച്ചു.
ജസ്വീര്‍ സിംഗ് അഭിഷേക് അസ്താന എന്നിവര്‍ ചേര്‍ന്നാണ് നോട്ട് ഡോട്ട് ഡേറ്റിംഗ് ഡോട്ട് എന്ന ആപ്പ് രൂപീകരിച്ചതെന്ന് ബിസിനസ് വയര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തെ കുറിച്ച് ഗൗരവപരമായി ചിന്തിക്കുന്നവര്‍ക്കായി ഒരു പ്ലാറ്റ്‌ഫോം എന്നാണ് സഹസ്ഥാപകനും സിഇഒയുമായ ജസ്വീര്‍ സിംഗ് ഇതിനെ വിശേഷിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നതുപോലെ ഇത് ഡേറ്റിംഗ് ആപ്പല്ലെന്നും വിവാഹം കഴിക്കാന്‍ തയ്യാറായ ആളുകള്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പുരുഷന്മാര്‍ക്ക് 50 ലക്ഷം രൂപ വാര്‍ഷിക വരുമാനമെന്ന നിബന്ധനെയെ കുറിച്ച് ചോദിച്ചപ്പോള്‍ നിയമം പണത്തെക്കുറിച്ചല്ലെന്നും അഭിലാഷത്തെ കുറിച്ചാണെന്നും സിംഗ് വിശദമാക്കി. ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് എന്നിവയില്‍ ആപ്പ് ലഭ്യമാണ്.