കേരളീയത്തിന് ആശംസ അറിയിച്ച് സംസാരിക്കാന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ക്ഷണിച്ചതോടെ സദസില്‍ നിന്ന് നിലക്കാത്ത കൈയ്യടി ഉയര്‍ന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഇരുവരുടെയും സൗഹൃദം മലയാളികള്‍ പലവട്ടം നേരിട്ട് കണ്ടിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ പോരടിക്കുമ്പോഴും താരങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല.
advertisement
മമ്മൂട്ടിക്ക് മോഹന്‍ലാല്‍ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ‘ലാല്‍’ ആണ്. മോഹന്‍ലാലിന് ആകട്ടെ മമ്മൂട്ടി അദ്ദേഹത്തിന്‍റെ ‘ഇച്ചാക്ക’യും. കേരളീയം വേദിയിലെ ഇരുവരുടെയും സ്നേഹപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സദസില്‍ തൊട്ടടുത്ത കസേരകളിൽ ഇരിക്കുന്നതിനിടെ മമ്മൂട്ടിയുടെ കാലിൽ കുസൃതിയോടെ നുള്ളുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് വൈറലായത്. ശ്യാംകുമാർ എന്ന ഫോട്ടോഗ്രഫറാണ് ഈ മനോഹര നിമിഷങ്ങള്‍ പകർത്തിയത്. വീഡിയോ കണ്ട ആരാധകരാകട്ടെ രസകരമായ നിരവധി കമന്‍റുകളും വീഡിയോയ്ക്ക് നല്‍കി.
കേരളീയം പരിപാടിക്കെത്തിയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. കമൽഹാസനൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങൾ തമിഴ്നാട്ടിലും വൈറലായി. കസവ് മുണ്ടും വെള്ള നിറത്തിലുള്ള ഷർട്ടുമണിഞ്ഞ് തനി മലയാളിയായാണ് കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും കേരളീയത്തിനെത്തിയത്.