ഇങ്ങനെ കാറി വിളിച്ചാല്‍ എങ്ങനെയാണ് അമ്മയാവാനാവുകയെന്ന് ചോദിച്ചുകൊണ്ട് കയ്യും മുഷ്ടിയും ചുരുട്ടിയാണ് ഇവര്‍ മരുമകളോട് സംസാരിക്കുന്നത്. ഭര്‍ത്താവ് ഗര്‍ഭിണിയുടെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നതും അമ്മായിയമ്മയുടെ വാക്കുകള്‍ കേട്ട് മറ്റു ബന്ധുക്കള്‍ ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഭാര്യയ്ക്ക് ധൈര്യം പകരാനായി കൈ പിടിക്കുന്ന മകനോട് അവളുടെ കൈ വിടാനും പറയുന്നുണ്ട് ഈ വയോധിക.
ഇങ്ങനെ വാ പൊളിക്കരുതെന്നും അമ്മയാവണമെങ്കില്‍ ക്ഷമയോടെ ഇരിക്കണമെന്നും സിസേറിയന്‍ ഉള്‍പ്പെടെയുള്ള സാഹചര്യത്തിലേക്ക് പോകാതെ സാധാരണ പ്രസവമാക്കണമെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അമ്മായിയമ്മയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. മരുമകള്‍ കരയുന്ന രീതിയെ പരിഹാസരൂപേണ മറ്റുള്ളവര്‍ക്ക് അഭിനയിച്ചു ഫലിപ്പിക്കുന്നുമുണ്ട് ഇവര്‍. മിണ്ടാതിരിക്കണമെന്നും ഇല്ലെങ്കില്‍ വാ അടിച്ചുപൊട്ടിക്കുമെന്നും ഇവര്‍ ഗര്‍ഭിണിയോട് പറയുന്നു.
ആദ്യപ്രസവം പോലെ സമ്മര്‍ദ്ദമേറെയുള്ള ഇത്തരം സാഹചര്യങ്ങളില്‍ ഒപ്പം നിന്ന് സമാശ്വസിപ്പിക്കുന്നതിനു പകരം ഈ രീതിയിലാണോ പെരുമാറേണ്ടത് എന്ന ചോദ്യമാണ് വിഡിയോ അപ്‌ലോഡ് ചെയ്ത ഡോക്ടര്‍ ഉള്‍പ്പടെ മുന്നോട്ടുവയ്ക്കുന്നത്. അമ്മായിയമ്മയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് വിഡിയോയ്ക്ക് താഴെ ഉയരുന്നത്. പ്രസവസമയത്ത് ആശുപത്രിക്കിടക്കയില്‍ ഇതാണ് അവസ്ഥയെങ്കില്‍ വീട്ടിലെന്താകും എന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്.
അതേസമയം തന്നെ ഈ സാഹചര്യത്തിലും ഒരു നിലപാട് സ്വീകരിക്കാന്‍ സാധിക്കാത്ത ഭര്‍ത്താവിനെതിരെയും വിമര്‍ശനം കടുക്കുന്നുണ്ട്. ഒരാള്‍ പോലും ആ ഗര്‍ഭിണിയോട് സ്നേഹത്തിലൊരു വാക്ക് പറയുന്നില്ലെന്നും പ്രായക്കൂടുതലോ വാര്‍ധക്യമോ മറ്റുള്ളവരെ ഭരിക്കാനും പരിഹസിക്കാനുമുള്ള അവകാശം ഒരാള്‍ക്കും നല്‍കുന്നില്ലെന്നും ഒരാള്‍ പറയുന്നു.
