അഞ്ച് കുട്ടികളുടെ അമ്മ വീണ്ടും ഗര്‍ഭിണിയായി. തങ്ങൾക്ക് എത്ര കുട്ടികളാണ് പിറക്കാന്‍ പോകുന്നതെന്ന് സ്‌കാനിങ്ങില്‍ അറിഞ്ഞപ്പോൾ ദമ്പതികള്‍ ശരിക്കും ഞെട്ടിപ്പോയി. ജെയ്ക്ക്, മാക്‌സിന്‍ യംഗ് എന്ന ദമ്പതികളാണ് ഈ കഥയിലെ താരങ്ങള്‍. ഇവര്‍ക്ക് ആദ്യം അഞ്ച് കുട്ടികളുണ്ടായിരുന്നു. ഇതില്‍ നാല് പേരെ ദത്തെടുത്തതും. ഒരാള്‍ ദമ്പതികളുടെ സ്വന്തം കുട്ടിയുമാണ്.
2019-ലാണ് മാക്‌സിന്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചത്. എന്നാല്‍ ഇതേവർഷം തന്നെ ഇവര്‍ വീണ്ടും ഗര്‍ഭിണിയായി. വീട്ടില്‍ ഒരു ഗര്‍ഭ പരിശോധന നടത്തിയപ്പോള്‍ ഫലം അസാധാരണമാംവിധം ഇരുണ്ടതായിരുന്നു. ഡോക്ടറുടെ പരിശോധനയില്‍ ഗര്‍ഭധാരണ ഹോര്‍മോണായ എച്ച്‌സിജിയുടെ അളവ് ഉയര്‍ന്ന തലത്തിലാണെന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെ ദമ്പതികള്‍ക്ക് ഇരട്ട കുട്ടികളാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ സംശയിച്ചു.
advertisement
എന്നാല്‍ ആദ്യത്തെ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലാണ് യഥാര്‍ത്ഥ അദ്ഭുതം സംഭവിച്ചത്. ഇരട്ടകള്‍ ആയിരിക്കുമെന്ന് സംശയിച്ചെങ്കിലും യാഥാര്‍ത്ഥ്യം അതിലും അതിശയിപ്പിക്കുന്നതായിരുന്നു. ആറാമത്തെ ആഴ്ചയിലെ സ്‌കാനിങ്ങില്‍ ദമ്പതികള്‍ ശരിക്കും ഞെട്ടി. രണ്ടല്ല മൂന്ന് കുട്ടികളാണ് മാക്‌സിനിന്റെ ഉദരത്തിലുണ്ടായിരുന്നതെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി.
ഡോക്ടറുടെ അടുത്തുനിന്നും മാക്‌സിന്‍ ജെയ്ക്കിനെ ഈ വിവരം മെസേജ് അയച്ചു. "തങ്ങള്‍ക്ക് ഇരട്ടകളല്ല, ട്രിപ്പിള്‍സ് പിറക്കാന്‍ പോകുന്നു". ഇത് കേട്ട ശേഷം തനിക്ക് രണ്ടര മിനുറ്റ് ശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് ജെയ്ക്ക് പറഞ്ഞു.
എന്നാല്‍ അദ്ഭുതം ഇവിടെ അവസാനിച്ചില്ല. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് നടത്തിയ മറ്റൊരു സ്‌കാനില്‍ കുട്ടികള്‍ മൂന്നല്ല യഥാര്‍ത്ഥത്തില്‍ നാല് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ദമ്പതികള്‍ ഈ യാത്ര പിന്നീട് സോഷ്യല്‍ മീഡിയ റീലായി പങ്കിട്ടതോടെ സംഭവം വൈറലായി. ലക്ഷകണക്കിന് ആളുകള്‍ ഈ റീല്‍ കണ്ടു.
തങ്ങളുടെ കുടുംബം ഏഴ് അംഗങ്ങളില്‍ നിന്ന് 11-ലേക്ക് വളര്‍ന്ന് വലുതായെന്ന് ജെയ്ക്ക് എഴുതി.
2016-ലാണ് 32-കാരനായ ജെയ്ക്ക് 30-കാരിയായ മാകിസിനിനെ വിവാഹം കഴിച്ചത്. തുടക്കത്തില്‍ കുട്ടികളുണ്ടാകാതെ വന്ന അവര്‍ ഫോസ്റ്റര്‍ കെയറിലേക്ക് തിരിഞ്ഞു. ജോയല്‍, ജൂഡ്, ജെയ്‌സ്, ജോഷ് എന്നീ സഹോദരങ്ങളെ ദത്തെടുത്തു. ഇവര്‍ക്കിപ്പോള്‍ 10ഉം 8ഉം 6ഉം നാലും വയസ്സാണ്. 2019-ല്‍ അവര്‍ക്ക് ഒരു മകന്‍ പിറന്നു. ജെസ്സ് എന്ന് പേരുള്ള അവന് ഇപ്പോൾ അഞ്ച് വയസ്സുണ്ട്.
മാകിസിനിന്റെ അടുത്ത ഗര്‍ഭം സ്വാഭാവികമായി സംഭവിച്ചതാണ്. അവര്‍ക്ക് ഹൈപ്പര്‍ ഓവുലേഷന്‍ അനുഭവപ്പെട്ടെന്നും നാല് അണ്ഡങ്ങള്‍ ഉണ്ടായതായും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. മെഡിക്കല്‍ രംഗത്ത് തന്നെ ഇത് വളരെ അപൂര്‍വമാണ്. 70 മില്യണ്‍ ഗര്‍ഭധാരണങ്ങളില്‍ ഒന്ന് എന്ന നിലയ്ക്കാണ് ഇങ്ങനെ സംഭവിക്കാറുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
മാക്‌സിനിന്റെ ഗര്‍ഭകാലം വളരെ അപകടകരമായിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഡോക്ടര്‍മാര്‍ കംപ്ലീറ്റ് ബെഡ് റെസ്റ്റ് നിര്‍ദ്ദേശിച്ചു. ഇടയ്ക്കിടെ പരിശോധനകളും നടത്തി. ഇതിനായി തങ്ങള്‍ മാനസികമായി തയ്യാറെടുത്തിരുന്നുവെന്ന് ജെയ്ക്ക് പറഞ്ഞു.
2020 ഏപ്രില്‍ 30-ന് സിസേറിയനിലൂടെ മാക്‌സിന്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു. രണ്ട് പെണ്‍കുഞ്ഞുങ്ങളും രണ്ട് ആണ്‍കുട്ടികളുമാണ് അവര്‍ക്ക് ഉണ്ടായത്. 30-ാമത്തെ ആഴ്ചയിലായിരുന്നു പ്രസവം. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞുങ്ങളെ 10 ദിവസം എന്‍ഐസിയുവില്‍ കിടത്തി. ഇപ്പോള്‍ നാല് പേരും സുഖമായി ഇരിക്കുന്നു.