പാർക്കർ സോളാർ പ്രോബ് (Parker Solar Probe) എന്നാണ് ഈ പേടകത്തിന്റെ പേര്. പല തവണ സൂര്യന്റെ അന്തരീക്ഷത്തിനു സമീപം പാർക്കർ എത്തിയിരുന്നു. ഇപ്പോൾ പാർക്കർ സോളാർ പ്രോബ് സൂര്യന്റെ ഉപരിതലത്തിന് ഏറ്റവും അടുത്തെത്തിയ വീഡിയോ നാസ പുറത്തു വിട്ടിരിക്കുകയാണ്. ഇത്രയും ഉയർന്ന താപനില ഉള്ള സ്ഥലത്ത് എത്തിയിട്ടും പാർക്കർ കത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
നിലവിൽ സാജിറ്റേറിയസ് നക്ഷത്രസമൂഹത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ബഹിരാകാശ പേടകം സൂര്യനുചുറ്റും 16-ാമത്തെ ഭ്രമണപഥമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ, പാർക്കർ സോളാർ പ്രോബ് ശുക്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ച് സൂര്യനോട് കൂടുതൽ അടുത്തിരുന്നു.
2021 ൽ വിജയകരമായി സൂര്യന്റെ മുകളിലെ അന്തരീക്ഷമായ കൊറോണയിലേക്കും പാർക്കർ പ്രവേശിച്ചിരുന്നു. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 6.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും വിധമാണ് പാർക്കർ സോളാർ പ്രോബ് ബഹിരാകാശ പേടകം രൂപകൽപന ചെയ്‌തിരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചു പഠിക്കുക, സൗരക്കാറ്റുകളെക്കുറിച്ച് പഠിക്കുക തുടങ്ങിയയൊക്കെയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.