നയന്‍താരയുടെ വിവാഹത്തോട് അനുബന്ധിച്ച് നെറ്റ്ഫ്ളിക്സ് പുറത്തിറക്കാനിരുന്ന Nayanthara: Beyond the Fairy Tale എന്ന ഡോക്യുമെന്ററി വൈകിയതിന് പിന്നില്‍ ധനുഷാണെന്നായിരുന്നു നയന്‍താരയുടെ ആരോപണം.
വിഷയത്തില്‍ ധനുഷിന്റെ പ്രതികരണം ഉണ്ടാകുമെന്ന് അഭിഭാഷകന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ധനുഷുമായി അടുപ്പമുള്ളവര്‍ നയന്‍താരയ്‌ക്കെതിരെ സൈബറിടങ്ങളില്‍ വലിയ തോതില്‍ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത് നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മാതാവായ ധനുഷിന് വലിയ നഷ്ടം ഉണ്ടാക്കി. ഈ ചിത്രത്തിന്‌റെ ചിത്രീകരണമൊക്കെ വൈകാന്‍ കാരണമായത് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള പ്രണയമാണ് എന്നതടക്കമുള്ള ആക്ഷേപങ്ങളാണ് ഇവര്‍ സമൂഹമാധ്യമങ്ങളിലൊക്കെ ഉയര്‍ത്തുന്നത്.
advertisement
വിവാദം ഉണ്ടായ സമയത്ത് ധനുഷിന് ആദ്യം തിരിച്ചടിയായത് ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള അനുപമ പരമേശ്വരന്‍, ഐശ്വര്യലക്ഷ്മി, നസ്‌റിയ, പാര്‍വതി തിരുവോത്ത് തുടങ്ങിയ നടിമാര്‍ നയന്‍താരയെ പിന്തുണച്ച് രംഗത്തെത്തിയതായിരുന്നു.
എല്ലാവരുടെയും വ്യക്തിജീവിതത്തില്‍ ഇടപെടാന്‍ ധനുഷ് ശ്രമിക്കുന്നുവെന്നും ഏകാധിപതിയായ ചക്രവര്‍ത്തിയാണെന്നുമുള്ള പരാമര്‍ശം അടങ്ങുന്ന നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തത് ധനുഷിനൊപ്പം അഭിനയിച്ച നടിമാരാണ്.
ഈ പോസ്റ്റ് ലൈക്ക് ചെയ്തത് മലയാളി നടിമാരാണെന്ന പ്രചാരണവും സൈബറിടങ്ങളില്‍ ശക്തമായുണ്ട്. എന്നാല്‍ മലയാളി നടിമാര്‍ മാത്രമല്ല ശ്രുതി ഹാസനെ പോലുള്ള നടിമാരും നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നു. നാളെയാണ് ഡോക്യുമെന്‌ററി പുറത്തിറങ്ങേണ്ടത്. ഡോക്യുമെന്‌ററിക്കായി വിവാഹദൃശ്യങ്ങള്‍ കൊടുത്തത് പണം വാങ്ങിയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. അങ്ങനെയുള്ള നയന്‍താര പകര്‍പ്പവകാശത്തിന് പണം ചോദിക്കുന്നത് എങ്ങനെ വിലക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ധനുഷിനെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നത്.