കുട്ടികൾക്ക് മിഠായി നൽകിയാൽ വീട്ടിലെ മുതിർന്നവരുടെ വോട്ട് കിട്ടുമോയെന്ന് നെറ്റി ചുളിക്കുന്നവരുണ്ടാകാം. എന്നാൽ മധുരം നുകരുന്ന കുട്ടികളിലൂടെ വോട്ടർമാരുടെ മനസ് മാറ്റാമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എറണാകുളത്തെ ആലുവ കേന്ദ്രീകരിച്ചാണ് ഇത്തരമൊരു പരീക്ഷണം ആരംഭിച്ചത്. സിപിഎം, കോൺഗ്രസ്, ബിജെപി, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളെല്ലാം ഈ വോട്ട് മിഠായി പരീക്ഷിച്ചു കഴിഞ്ഞു. വൈകാതെ സംസ്ഥാന വ്യാപകമായി ഈ മിഠായി കളം പിടിച്ചേക്കുമെന്നാണ് സൂചന.
വിവിധ നിറത്തിലും ആകർഷകമായ രൂപത്തിലുമാണ് ഈ വോട്ട് മിഠായികൾ രംഗത്തിറക്കുന്നത്. നാരങ്ങാ മിഠായി, തേൻ മിഠായി, പുളി മിഠായി, ഇഞ്ചി മിഠായി, വെട്ടു മിഠായി, സേമിയ മിഠായി, കമ്പ് മിഠായി എന്നിവയൊക്കെ പാർട്ടി ചിഹ്നങ്ങളിൽ പൊതിഞ്ഞു വോട്ടർമാരുടെ വീടുകളിലെത്തിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യമിടുന്നത്.
advertisement
തികച്ചും കോവിഡ് മാനദണ്ഡ പ്രകാരം നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളും പ്രവർത്തകരും വോട്ട് മിഠായിയുമായി വരുംദിവസങ്ങളിൽ രംഗത്തിറങ്ങും. ഒരു കാലത്ത് മലയാളികൾക്കിടയിൽ തരംഗമായിരുന്ന നാരങ്ങാ മിഠായിയും, തേൻ മിഠായിയുമൊക്കെ വീണ്ടും സജീവമാകുമ്പോൾ, മുതിർന്നവരിൽ ഉണ്ടാകുന്ന ഗൃഹാതുരമായ ഓർമ്മകൾ വോട്ടായി മാറുമോയെന്നാണ് കണ്ടറിയേണ്ടത്.