മിന്നി വാൽഷ്, പാട്രിക് സ്പീഡ് എന്നിങ്ങനെ പേരുള്ള ഇംഗ്ലണ്ടിലെ ഈസ്റ്റ് യോർക്ക്ഷൈർ സ്വദേശികളായ ഈ സഹോദരങ്ങൾ ജീവിതകാലം മുഴുവൻ ഒന്നിച്ചാണ് കഴിഞ്ഞത്. കൊറോണ വൈറസ് വ്യാപനം ഉണ്ടായതിനെ തുടർന്നാണ് ആദ്യമായി ഇവർക്ക് അകന്നു നിൽക്കേണ്ടി വന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഹൾ എന്ന പ്രദേശത്തെ സാൾട്ട്ഹൗസ് കെയർ ഹോമിലേക്ക് മാറുകയായിരുന്നു. മിയൂക്സ് യൂണിറ്റിൽ കഴിഞ്ഞ മിന്നിയ്ക്കും ബിൽട്ടൺ ലോഡ്ജ് യൂണിറ്റിൽ കഴിഞ്ഞ പാട്രിക്കിനും കർശനമായ കോവിഡ് നിയന്ത്രണങ്ങൾ മൂലം പരസ്പരം കാണാൻ അവസരം ലഭിച്ചില്ല.
advertisement
ഒടുവിൽ, ഇരുവരും കോവിഡ് വാക്സിനേഷന് വിധേയരായതിന് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും സഹോദരങ്ങൾക്ക് കെയർ ഹോമിന്റെ പൂന്തോട്ടത്തിൽ വെച്ച് പരസ്പരം കാണാൻ അവസരം ഒരുക്കി കൊടുക്കുകയുമായിരുന്നു അധികൃതർ. ഈ സഹോദരങ്ങൾ വിവാഹിതരാണെങ്കിലും ജീവിതകാലം മുഴുവൻ ഒന്നിച്ചാണ് കഴിഞ്ഞത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് പാട്രിക് യുദ്ധത്തിൽ പങ്കെടുക്കാൻ പോയ രണ്ടു വർഷക്കാലയളവിൽ മാത്രമാണ് ഇരുവരും ഇതിനുമുമ്പ് അകന്നു കഴിഞ്ഞിട്ടുള്ളത്.
ഒന്നിലേറെ വർഷത്തിന് ശേഷം ആദ്യം കണ്ടുമുട്ടിയതിന്റെ സന്തോഷം പ്രകടിപ്പിക്കാൻ പരസ്പരം ആശ്ലേഷിക്കുകയും കൈകൾ ചേർത്തു പിടിക്കുകയും ചെയ്യുന്ന സഹോദരങ്ങളുടെ വീഡിയോ ആരുടെയും കണ്ണ് നനയ്ക്കും. വീഡിയോ ക്ലിപ്പിൽ പാട്രിക് ഒരു നഴ്‌സിന്റെ സഹായത്തോടെ തന്റെ സഹോദരിയുടെ സമീപത്തേക്ക് പോകുന്നതും രണ്ടുപേരും പരസ്പരം വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്നത് കാണാം. ഇരുവരും സന്തോഷത്തോടെ കെട്ടിപ്പുണരുകയും ചുംബനം പങ്കുവെക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
"എന്നെ കണ്ടപ്പോൾ അദ്ദേഹം കരഞ്ഞുപോയി. പരസ്പരം വീണ്ടും കാണാൻ കഴിഞ്ഞതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്", അത്യപൂർവമായ ഈ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ മിന്നി പ്രതികരിച്ചു. "ഞങ്ങൾ ജീവിതകാലം മുഴുവൻ വളരെ അടുത്ത് ഒന്നിച്ചാണ് കഴിഞ്ഞിട്ടുള്ളത്. ഞങ്ങൾ ഒന്നിച്ചാണ് ജോലി ചെയ്തിരുന്നതും. എനിക്ക് ഇന്ത്യയിൽ നിയമനം ലഭിച്ച സമയത്ത് മാത്രമാണ് അകന്നു കഴിഞ്ഞത്. ഞങ്ങൾ ഒന്നിച്ച് ജനിച്ചു, ഇപ്പോൾ വീണ്ടും ഒന്നിച്ചിരിക്കുന്നു", പാട്രിക് സന്തോഷപൂർവം പ്രതികരിച്ചതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
ഇരുവരും കഴിയുന്ന കെയർ ഹോമിന്റെ ആക്റ്റിവിറ്റി കോർഡിനേറ്റർ ആയ സാറ പാട്രിക്ക് ആണ് ഈ സഹോദരങ്ങളുടെ സന്തോഷപ്രകടനം ക്യാമറയിൽ പകർത്തിയത്.
Summary
92 year old twin siblings reuninte in Hull, England after a separation of one year due to Covid 19