ലോക്ക്ഡൗണിൽ മദ്യശാലകൾ അടക്കമുള്ള സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു നീണ്ട ക്യൂ. ഡൽഹിയിൽ ഇന്നലെ മദ്യശാലകൾക്ക് മുന്നിൽ കണ്ട നീണ്ട ക്യൂവിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മദ്യം വാങ്ങാനെത്തിയ മധ്യവയസ്കയായ സ്ത്രീയായിരുന്നു.
എഎൻഐ പങ്കുവെച്ച വീഡിയോയിൽ മദ്യശാലയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നതിനെ കുറിച്ച് സ്ത്രീ നൽകിയ മറുപടി ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിലെ ശിവപുരി ഗീത കോളനിയിലെ മദ്യശാലയിലാണ് സ്ത്രീ മദ്യം വാങ്ങാനെത്തിയത്. മദ്യം വാങ്ങിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇവർ നൽകിയ മറുപടിയാണ് നെറ്റിസൺസിനെ ചിരിപ്പിച്ചത്.
ഒരു വാക്സിനും മദ്യമെന്ന മരുന്നിന് തുല്യമാകില്ലെന്നായിരുന്നു സ്ത്രീയുടെ മറുപടി. 35 വർഷമായി താൻ മദ്യപിക്കാറുണ്ടെന്നും ഇതുവരെ ഒരു മരുന്നിന്റേയും ആവശ്യം തനിക്ക് വന്നില്ലെന്നും ഇവർ പറയുന്നുണ്ട്.
വൈറസിനെ ചെറുക്കാൻ ഒരു കുത്തിവെപ്പിനും സാധിക്കില്ല, മറിച്ച് മദ്യത്തിന് മാത്രമാണ് കഴിയുകയെന്നും സ്ത്രീ പറയുന്നു. രണ്ട് കുപ്പി മദ്യം വാങ്ങാനാണ് ഇവർ എത്തിയത്. 35 വർഷമായി മദ്യപിക്കുന്ന തനിക്ക് ഒരു മരുന്നും ഇതുവരെ കഴിക്കേണ്ടി വന്നിട്ടില്ല. മദ്യപിക്കുന്നവരാണ് കോവിഡിൽ നിന്നും സുരക്ഷിതർ എന്നും പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തു വന്ന വീഡിയോയ്ക്ക് ഇതിനകം 6000 ൽ അധികം റീട്വീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്ത്രീയുടെ മറുപടിയിൽ നിരവധി മീമുകളും തമാശകളും ഇതുവരെ പിറന്നു കഴിഞ്ഞു.
അമിതമായ മദ്യപാനം ശരീരത്തിന് അനാരോഗ്യകരമാണ്. വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും ഇതിൽ മാറ്റമില്ല. മദ്യം ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിയ്ക്കുന്നതിനാല്‍ പ്രതിരോധ ശേഷിയെ ദോഷകരമായി ബാധിയ്ക്കും. പ്രതിരോധ സംവിധാനം തകരാറിലാകുന്നത് കൊവിഡ് ശരീരത്തിലെത്താന്‍ സഹായിക്കും എന്നതിനാല്‍ തന്നെയാണ് ലോക്ക് ഡൗൺ സമയം കഴിഞ്ഞിട്ടും മദ്യം നിയന്ത്രിതമായി മാത്രം വിതരണം ചെയ്തിരുന്നത്.